പൊതുവില്‍ ചെറുപ്പക്കാരാണ് ഇങ്ങനെ നടിമാരോട് അന്ധമായ ആരാധന സൂക്ഷിക്കുന്നവര്‍. അവരുടെ സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നവര്‍. ഒരു നോക്ക് കാണാനും ഒരു സെല്‍ഫി എടുക്കാനുമൊക്കെ ദൂരങ്ങള്‍ താണ്ടാന്‍ മടിയില്ലാത്തവര്‍.

ജയന്തി ഭായ് മേഹ്തയോടൊപ്പം

വിദ്യാ ബാലനെ പോലെ ഒരു സുന്ദരിയാവുമ്പോള്‍ ഇത്തരം ആരാധന അല്പം അതിര് കടക്കാനും സാധ്യതയുണ്ട്. അങ്ങനെ ഒരനുഭവമാണ് ‘ബേഗം ജാന്‍’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രോമോഷന് എത്തിയ വിദ്യയെ കാത്തിരുന്നത്.

എന്ന് കരുതി ലാലേട്ടനെ ഒരാരാധകന്‍ ചുംബിച്ച് ഞെട്ടിച്ചത് പോലെയുള്ള സംഭവമൊന്നുമല്ല. ആരാധകന്‍റെ കാഴ്ച തന്നെ വിദ്യയെ ഞെട്ടിച്ചു കളഞ്ഞു. ഒരു വീല്‍ ചെയറിലാണ് കക്ഷി. വിദ്യയെ കാണാനായി കൊല്‍കൊത്തയില്‍ നിന്നും എത്തിയതാണ്. വരവിനു പ്രത്യേക ഉദ്ദേശവുമുണ്ട്. തന്‍റെ നൂറാം പിറന്നാള്‍ പ്രിയ നായികയോടൊപ്പം ആഘോഷിക്കാന്‍ എത്തിയതാണ് ജയന്തി ഭായ് മേഹ്ത.

പരിനീത എന്ന വിദ്യയുടെ ആദ്യ ചിത്രം അദ്ദേഹം നൂറു തവണയില്‍ കൂടുതല്‍ കണ്ടിട്ടുണ്ടത്രേ.

ഇങ്ങനെ ഒരാരാധകനെ കാണാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുന്നുവെന്നു വിദ്യാ ബാലന്‍. വിദ്യയുടെ പുതിയ ചിത്രം ‘ബേഗം ജാന്‍’ ഉടന്‍ തിയേറ്ററുകളിലെത്തും. ശ്രീജിത്ത്‌ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ലൈംഗിക തൊഴില്‍ സ്ഥാപന ഉടമയുടെ വേഷമാണ് വിദ്യക്ക്.

ബംഗാള്‍ വിഭജനമാണ് കഥയുടെ പശ്ചാത്തലം. പുതിയ അതിരുകള്‍ വിദ്യയുടെ കഥാപാത്രത്തെയും അവരുടെ കൂട്ടുകാരികളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രമേയം.

ദേശീയ അവാര്‍ഡ്‌ ജേതാവായ ശ്രീജിത്ത് ബംഗാളിയില്‍ സംവിധാനം ചെയ്ത ‘രാജ്കാഹിനി’ എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ്‌ ‘ബേഗം ജാന്‍’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ