ഏറ്റവുമൊടുവില്‍ അഭിനയിച്ച ‘തുംഹാരി സുലു’ ചിത്രത്തിലാണ് വിദ്യാ ബാലന്‍ തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട താരമായ ശ്രീദേവിയ്ക്ക് ഒരു ‘ട്രിബ്യൂട്ട്’ നല്‍കിയത്. മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ പ്രശസ്തമായ ‘ഹവാ ഹവായി’ എന്ന ഗാനത്തിന് ചുവടു വച്ചുകൊണ്ടായിരുന്നു അത്. ചിത്രത്തിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലുമെല്ലാം വിദ്യ വ്യക്തമാക്കിയിരുന്നു, താന്‍ ദൈവത്തെപ്പോലെ ആരാധിക്കുന്ന ഒരു നടിയാണ് ശ്രീദേവി എന്ന്.

ഇന്ന് മുംബൈയിലെ സെലിബ്രേഷൻ സ്പോര്‍ട്സ് ക്ലബ്ബില്‍ ശ്രീദേവിയുടെ ഭൗതിക ശരീരത്തിനരുകില്‍ എത്തിയ വിദ്യയ്ക്ക് കണ്ണീരടക്കാനായില്ല. ഭര്‍ത്താവ് സിദ്ധാര്‍ത് റോയ് കപൂറിനൊപ്പം ശ്രീദേവിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ വിദ്യ ചലനമറ്റ ശ്രീദേവിയെക്കണ്ട് വികാരാധീനയായി എന്ന് സ്പോട്ട്ബോയ്‌ ഇ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

vidya sidharth

ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ വിദ്യാ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത് റോയ് കപൂറും

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പൂര്‍ണതയുള്ള ഒരു നടിയാണ് ശ്രീദേവി. ഏതു തരം കഥാപാത്രവുമാകട്ടെ, അത് അവര്‍ മനോഹരമായി കൈകാര്യം ചെയ്യും. ഏറ്റവും റിഡിക്കുലസ് എന്ന് വിളിക്കാവുന്ന  ചിത്രങ്ങളിലും ശ്രീദേവി കണ്‍വിന്‍സിങ് ആയിരിക്കും. ഞാന്‍ അവരെ സ്നേഹിക്കുന്നു.”, തുംഹാരി സുലു പ്രൊമോട്ട് ചെയ്യുന്നതിനിടയിലെ ഒരു അഭിമുഖത്തില്‍ വിദ്യ പറഞ്ഞതിങ്ങനെ.

നിങ്ങള്‍ മാധുരി ക്യാമ്പ്‌ ആണോ ശ്രീദേവി ക്യാമ്പ്‌ ആണോ എന്ന ചോദ്യത്തിന് വിദ്യയുടെ മറുപടി ഇതായിരുന്നു. “മാധുരിയെ എനിക്കിഷ്ടമാണ്. അവരുടെ നൃത്തം, ചിരി എല്ലാം തന്നെ. എങ്കിലും എന്‍റെ ക്യാമ്പ്‌ ശ്രീദേവി തന്നെ”

ബോളിവുഡിലെ പ്രമുഖരെല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ‘ശ്രീ’യെ അവസാനമായി കാണാനായി എത്തുകയാണ്. അപ്രതീക്ഷിതമായുള്ള അവരുടെ വിയോഗത്തില്‍ ഉലഞ്ഞിരിക്കുകയാണ് എല്ലാവരും തന്നെ. ഐശ്വര്യ റായ് ബച്ചന്‍, ജയാ ബച്ചന്‍, ഹേമ മാലിനി, ദീപിക പദുക്കോണ്‍, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ ഉള്‍പ്പടെ  ശ്രീദേവിയുടെ മരണാനന്തര  പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്തു.  ഉച്ച തിരിഞ്ഞു 3.30 ന് ശ്രീദേവിയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ