അഭിനയവും ശക്തമായ കഥാപാത്രങ്ങൾകൊണ്ടും പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിച്ച നടി വിദ്യാ ബാലൻ ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും എത്തുകയാണ്. ബീഗം ജാൻ എന്ന പുതിയ ഹിന്ദി ചിത്രത്തിൽ വേശ്യാലയം നടത്തിപ്പുകാരിയായി എത്തുന്ന വിദ്യയുടെ ട്രെയിലർ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

ബീഗം ജാനിലൂടെ തന്റെ അഭിനയ മികവ് വീണ്ടും തെളിയിക്കുകയാണ് വിദ്യ. ബീഗം ജാൻ ശക്തയായത് കൊണ്ടാണ് അത്തരമൊരു കഥാപാത്രത്തെ താൻ ഇഷ്‌ടപ്പെട്ടതെന്ന് വിദ്യ പറയുന്നു. ചിത്രത്തിൽ താൻ ചെയ്യാൻ ബുദ്ധിമുട്ടിയ ഒരു സീൻ ഉണ്ടായിരുന്നെന്നും വിദ്യ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു പെൺകുട്ടിയെ തുടരെ അടിക്കുന്ന സീനായിരുന്നു അത്. എന്നാൽ ആ പെൺകുട്ടിയെ അടിക്കാൻ കഴിയുമായിരുന്നില്ലെന്നും പക്ഷേ പതിയെ അടിച്ചാൽ പോരെന്നും എല്ലാവരും കേൾക്കാൻ പാകത്തിന് നന്നായി അടിച്ചാൽ മാത്രമേ സീൻ ഓകെ പറയുകയുളളുവെന്ന് സംവിധായകൻ ശ്രിജിത്ത് മുഖർജി പറഞ്ഞപ്പോൾ അവസാനം താൻ അടിക്കുകയായിരുന്നെന്നും വിദ്യ പറഞ്ഞു.

vidya balan

അന്ന് രാത്രി ആ പെൺകുട്ടിക്ക് എങ്ങനെയുണ്ടെന്നും മുഖം വീങ്ങിയോയെന്നും അറിയാൻ മെസേജ് അയച്ച് ചോദിക്കുക കൂടി ചെയ്‌തു. താൻ ഇന്നുവരെ ആരെയും അടിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് തനിക്ക് ഇത്ര വിഷമം ഉണ്ടായതെന്നും നടി പറയുന്നു.

കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടത് തന്നെ നിരാശയാക്കിയതിനെക്കുറിച്ചും വിദ്യ സംസാരിച്ചു. ‘ഒരു സിനിമ എനിക്ക് ഒരു കുഞ്ഞിനെ പോലെയാണ്. അതിനോടുളള ഇഷ്‌ടത്തിൽ നിന്ന് പിറവിയെടുക്കുന്നതാണ് ഓരോ ചിത്രവും. എല്ലാവരും ചിത്രം കാണണമെന്നും അംഗീകരിക്കണമെന്നും നാം ആഗ്രഹിക്കും. പക്ഷേ അത് പരാജയപ്പെടുമ്പോൾ ഞാൻ കരയുകയും വിഷമിക്കുകയും എല്ലാം ചെയ്‌തിട്ടുണ്ട്. പക്ഷേ അതെല്ലാം അഭിമുഖീകരിച്ച് കടന്ന് പോകും. കാരണം, ഞാൻ ജീവിക്കുന്നത് എന്റെ സ്വപ്‌നത്തിലാണ്. ഒരു നടിയാകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അഭിനയമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.’ വിദ്യ പറഞ്ഞു.

ഒന്നിനു പിറകേ ഒന്നായി അഞ്ച് സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഹമാരി ആധുരി കഹാനി എന്ന ചിത്രം ഇറങ്ങിയപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. എന്റെ ചിത്രങ്ങൾ ഒരിക്കലും പരീജയപ്പെടില്ല എന്ന ആത്മവിശ്വാസമായിരുന്നു. പക്ഷേ പെട്ടെന്ന് അതെല്ലാം തകിടം മറിഞ്ഞു. എന്റെ സിനിമകൾ പരാജയപ്പെട്ടു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു, വിദ്യ തന്റെ പരീക്ഷണ കാലത്തെക്കുറിച്ച് പറഞ്ഞു.

സിനിമയിലെ ആൺ മേൽക്കോയ്‌മയെക്കുറിച്ച് വിദ്യ പറഞ്ഞതിങ്ങനെ, സിനിമ സമൂഹത്തിന്റെ ഒരു ഭാഗമാണ്. നമുക്ക് ചുറ്റുമുളളത് ആൺ മേൽക്കോയ്‌മയാണ്. സമൂഹത്തിലെ യാഥാർഥ്യങ്ങൾ സിനിമയിലും പ്രതിഫലിക്കും. ഞാൻ എപ്പോഴും ജോലി ചെയ്യുന്നത് എന്റെ തീരുമാനങ്ങൾക്കനുസരിച്ചാണ്. നമുക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, കഴിവുണ്ടെങ്കിൽ ഒന്നിനും നമ്മെ തടയാനാകില്ല. വിദ്യയുടെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ