ബോളിവുഡിന്‍റെ നിയമങ്ങള്‍ കാറ്റില്‍ പറപ്പിച്ച നടിയാണ് വിദ്യാ ബാലന്‍. മറ്റു നടികള്‍ സൈസ് സീറോ ആഘോഷിച്ചപ്പോള്‍ വിദ്യ ശരീരത്തിനെ അതിന്‍റെ പാട്ടിന് വിട്ട്, ഒരു സാരി വാരിച്ചുറ്റി രംഗത്തിറങ്ങി. അവരെ മാത്രം കേന്ദ്രീകരിച്ച് വന്ന ചിത്രങ്ങള്‍ തിയേറ്റര്‍ നിറഞ്ഞോടി. ദേശീയ പുരസ്കാരവും, പദ്മശ്രീയുമെല്ലാം തേടിയെത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി കൈയ്യടികള്‍ കുറയുന്നുവോ? വിദ്യാ ബാലന്‍റെ രംഗ പ്രഭാവം ഒന്നു മങ്ങിയോ?

പുതിയ ചിത്രമായ ബേഗം ജാനിലാണ് വിദ്യയുടെ ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരുയിര്‍ത്തെഴുന്നേല്‍പ്പ്, അതുണ്ടായില്ലെങ്കില്‍ വിദ്യാ ബാലന് ബോളിവുഡ് ചിലപ്പോള്‍ ബൈ ബൈ പറഞ്ഞേക്കും.

ബേഗം ജാന്‍ ഫസ്റ്റ് ലുക്ക്‌

ബേഗം ജാന്‍ ഫസ്റ്റ് ലുക്ക്‌

രാജ് കാഹിനി എന്നാ ബംഗാളി ചിത്രത്തെ ആസ്പദമാക്കി ശ്രീജിത്ത്‌ മുഖര്‍ജി സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വിദ്യാ ബാലന്‍ തന്നെയാണ് ട്വിറ്റെറില്‍ റിലീസ് ചെയ്തത്. ബേഗം ജാന്‍ എന്ന പേരുള്ള ചിത്രം ബംഗാള്‍ വിഭജനത്തിന് മുന്‍പുള്ള കാലഘട്ടമായിരിക്കും ചിത്രീകരിക്കുക. ബേഗം ജാനായി വരുന്ന വിദ്യയോടൊപ്പം നസീറുദ്ദീന്‍ ഷാ, ഗൌഹാര്‍ ഖാന്‍ എന്നിവരും അണിനിരക്കും.

ഏപ്രില്‍ 14 നു ബേഗം ജാന്‍ തിയേറ്ററുകളിലെത്തും.

ആശാ ഭോസ്ലെയോടൊപ്പം

ആശാ ഭോസ്ലെയോടൊപ്പം

അനു മാലിക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഗാന രംഗങ്ങളില്‍ വിദ്യക്കായി ശബ്ദം പകരുന്നത് ആശ ഭോസ്ലെ. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, ഇയ്യോബിന്‍റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും മലയാളിയുമായ പ്രവീണ്‍ പ്രഭാകറാണ് ബേഗം ജാന്‍ എഡിറ്റ്‌ ചെയ്യുന്നത്.

രാജ് കാഹിനിക്കു പുറമേ ചതുഷ്കോണ്‍, നിര്‍ബാക്ക്, ജാതിശ്വര്‍ തുടങ്ങിയ ദേശീയ അവാര്‍ഡ്‌ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത്‌. അദ്ദേഹത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് ബേഗം ജാന്‍.

കഴിഞ്ഞ ഏതാനും ചിത്രങ്ങളായി വിജയം വിദ്യയെ കൈയ്യൊഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ ചിത്രത്തിന്‍റെ വിധി ചിലപ്പോള്‍ വിദ്യയുടെതുമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ