/indian-express-malayalam/media/media_files/uploads/2021/07/WhatsApp-Image-2021-07-04-at-11.45.46-AM.jpeg)
മലയാളത്തിൽ ബാല താരമായി എത്തിയ നടനാണ് കാളിദാസ് ജയറാം. എന്നാൽ മലയാളം, തമിഴ് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ മാത്രമാണ് കാളിദാസ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതിൽ കാളിദാസിന്റെ കരിയർ ബെസ്റ്റായി വിലയിരുത്തുന്ന സിനിമയാണ് 2020ൽ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത 'പാവ കഥൈകൾ' എന്ന ആന്തോളജി ചിത്രം.
ഇപ്പോഴിതാ പാവ കഥൈകളിലെ കാളിദാസിന്റെ പ്രകടനത്തെ കുറിച്ചു പറയുകയാണ് വിദ്യ ബാലൻ. പാവ കഥൈകളിൽ കാളിദാസ് അതിഗംഭീര അഭിനയമായിരുന്നു എന്ന് വിദ്യ പറയുന്നു. "കരയുന്ന രംഗങ്ങൾ കണ്ടപ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ തോന്നി"യെന്നും സിനിമ കണ്ടതിനു ശേഷം സംവിധായികയിൽ നിന്നും കാളിദാസിന്റെ നമ്പർ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യ പറഞ്ഞു. വിദ്യാ ബാലന്റെ പുതിയ ചിത്രമായ 'ഷേർണി'യുടെ വിശേഷങ്ങൾ പങ്കുവച്ച് രേഖ മേനോനുമായി നടത്തിയ യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിദ്യാ ബാലൻ കാളിദാസിന്റെ അഭിനയത്തെ കുറിച്ചു വാചാലയായത്.
ആന്തോളജിയിൽ സുധാ കൊങ്ങര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചത്. സത്താർ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ ആയിരുന്നു കാളിദാസ് അവതരിപ്പിച്ചത്. ചിത്രം ഇറങ്ങിയതിനു പിന്നാലെ നിരവധി പേരാണ് കാളിദാസിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
രേഖ മേനോനുമായുള്ള അഭിമുഖത്തിൽ പാവ കഥൈകളിലെ സായി പല്ലവിയുടെ അഭിനയത്തെ കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. വെട്രിമാരൻ സംവിധാനം ചെയ്ത 'ഓർ ഇരവ്' എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചത്. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീ ആയിട്ടുള്ള സായി പല്ലവിയുടെ പ്രകടനം കണ്ടപ്പോൾ ശരിക്കും ഗർഭിണി ആണെന്ന് തോന്നിയെന്ന് വിദ്യ പറയുന്നു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വിദ്യാ ബാലന്റെ 'ഷേർണി'ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തുന്നത്. ജൂൺ 18നാണ് ചിത്രം റിലീസ് ചെയ്‌തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.