ബോളിവുഡ് താരം വിദ്യ ബാലന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് ‘നേർകൊണ്ട പാർവൈ’. ഹിന്ദി സിനിമ ‘പിങ്കി’ന്റെ തമിഴ് റീമേക്കാണിത്. ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചൻ കൈകാര്യം ചെയ്ത വേഷം തമിഴിൽ തല അജിത്താണ് ചെയ്യുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് ‘നേർകൊണ്ട പാർവൈ’ നിർമിക്കുന്നത്.
തമിഴിലെ തന്റെ ആദ്യ ചിത്രം തന്നെ ബോണി കപൂറിന്റെ നിർമാണത്തിൽ അജിത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യ ബാലൻ. ‘നേർകൊണ്ട പാർവൈ’യിൽ അജിത്തിന്റെ ഭാര്യയുടെ വേഷമാണ് വിദ്യക്ക്. വളരെ ചെറിയൊരു കഥാപാത്രമാണെങ്കിലും തനിക്കത് സ്പെഷ്യലാണെന്നാണ് വിദ്യ പറഞ്ഞിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കാനായി ബോണി കപൂർ എത്തിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ താൻ സമ്മതം മൂളുകയായിരുന്നുവെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞു. ”പല കാരണങ്ങൾ കൊണ്ട് നിങ്ങൾ സിനിമ ചെയ്യാം. ഈ സിനിമയിലെ കഥാപാത്രം അത്ര വലിയതൊന്നുമല്ല, പക്ഷേ അത് വളരെ സ്പെഷ്യലാണ്,” വിദ്യ പറഞ്ഞു.
Also Read: ‘പിങ്ക്’ റീമേക്കിന് വനിതാ സംവിധായിക വേണ്ട എന്ന് അജിത് പറഞ്ഞതിന് പിന്നില്
അജിത്തിനൊപ്പമുളള ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും വിദ്യ ബാലൻ അഭിമുഖത്തിൽ മനസ് തുറന്നു. അജിത്തിന്റെ വ്യക്തിത്വം തന്നെ വളരെയധികം ആകർഷിച്ചുവെന്നായിരുന്നു വിദ്യയുടെ പ്രതികരണം. ”ആരാധകരെ ഇത്രയേറെ ആവേശത്തിലാഴ്ത്തുന്ന വലിയൊരു താരമായൊരാൾ തന്റെ മുന്നിൽ വളരെ ലാളിത്യത്തോടെ നിൽക്കുന്നത് എനിക്ക് വിശ്വസിക്കാനായില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിനെ പോലെയിരിക്കുന്ന മറ്റൊരാളോടൊപ്പമാണ് ഞാൻ അഭിനയിക്കുന്നതെന്ന് എനിക്ക് തോന്നി. അത്രത്തോളം എളിമയുളള വ്യക്തിയാണ് അജിത്. ‘തല’ എന്ന അദ്ദേഹത്തിന്റെ ഇമേജിനെക്കുറിച്ചും വ്യക്തിപരമായി അദ്ദേഹം എത്ര വ്യത്യസ്തനാണെന്നതിനെക്കുറിച്ചും സംസാരിച്ചപ്പോൾ അദ്ദേഹം ലജ്ജിച്ചു,” വിദ്യ പറഞ്ഞു.
നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ് പിങ്ക്. അമിതാഭ് ബച്ചനും താപ്സി പാന്നുവും മത്സരിച്ച് അഭിനയിച്ച ‘പിങ്കി’ന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈയിൽ അമിതാഭ് ബച്ചന്റെ വക്കീൽ വേഷമാണ് അജിത്ത് ചെയ്യുന്നത്. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. ‘നേർകൊണ്ട പാർവൈ’ ഓഗസ്റ്റ് 10-ാം തീയതി റിലീസ് ചെയ്യും.
‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരുന്നു. “പിങ്കിന്റെ തമിഴ് റീമേക്ക് എന്ന ആശയം അജിത് പങ്കുവച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു,” എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു.