മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ‘ആമി’യിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് വിദ്യാ ബാലൻ. ഒറ്റ വാക്കിൽ ഒതുക്കാവുന്ന കാരണമല്ല ചിത്രത്തിൽ നിന്ന് പിന്മാറാൻ തനിക്കുളളതെന്ന് അവർ പറഞ്ഞു. അതേസമയം ചിത്രത്തെ കുറിച്ച് കമൽ നടത്തിയ വിവാദ പ്രസ്താവനയെയും വിദ്യ തുറന്നെതിർത്തു.

ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബോളിവുഡിലെ സൂപ്പർ താരത്തിന്‍റെ പ്രതികരണം.

“ഞാൻ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പടം വേണ്ടെന്ന് വച്ചതിന് ഒറ്റ വാക്കിൽ പറയാവുന്ന കാരണമല്ല എനിക്കുളളത്”, വിദ്യാ ബാലൻ പറഞ്ഞു.

“കമലാദാസിനെ കുറിച്ച് ഞാൻ അധികം വായിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. കമൽ സാർ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാൻ വിളിച്ചപ്പോഴാണ് അതേക്കുറിച്ച് അന്വേഷിച്ചത്. അവരുമായി അടുപ്പമുളളവരോട് സംസാരിച്ചും അവരെ വായിച്ചും മനസിലാക്കാനായിരുന്നു എന്‍റെ ശ്രമം”, വിദ്യ തുടര്‍ന്നു

“കുറച്ചൊന്ന് മനസിലാക്കിയപ്പോഴേക്കും അവർ എത്രത്തോളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് എനിക്ക് മനസിലായി. അത്രയും ശക്തയായ വ്യക്തിയായി അഭിനയിക്കണമെങ്കിൽ എനിക്കും അതിനുളള തയ്യാറെടുപ്പുകൾ നടത്തണം. ഇവിടെ എന്‍റെയും കമൽ സാറിന്‍റെയും വീക്ഷണം രണ്ടായിപ്പോയി”, വിദ്യാ ബാലൻ കൂട്ടിച്ചേര്‍ത്തു.

“ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ കൂടെ ഒരുപാട് സമയം ചിലവഴിക്കാനാഗ്രഹിക്കുന്നയാളാണ് ഞാൻ. അതുപോലെ ചെയ്യുന്ന പടത്തെക്കുറിച്ച് സംവിധായകന്‍റെ വീക്ഷണം നന്നായി മനസിലാക്കാനും ശ്രമിക്കാറുണ്ട്. പക്ഷെ ഇതൊന്നും ഞാനുദ്ദേശിച്ച രീതിയിൽ നടന്നില്ല. ക്രിയേറ്റീവ് ഡിഫറൻസ് എന്ന് മാത്രം പറഞ്ഞാണ് ഞാൻ സിനിമയിൽ നിന്ന് പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാൻ എനിക്ക് സാധിക്കില്ല. അതിനുളള സഹകരണം എനിക്ക് ലഭിച്ചില്ല”, വിദ്യാ ബാലൻ വ്യക്തമാക്കി.

സംഭവം മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് വലിയ പബ്ലിസിറ്റി നേടണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും വിദ്യ പറഞ്ഞു.

ചിത്രവുമായി ബന്ധപ്പെട്ട് കമൽ ഉന്നയിച്ച സെക്ഷ്വാലിറ്റി പ്രതികരണത്തെ കുറിച്ച് വിദ്യ അതിരൂക്ഷമായാണ് പ്രതികരിച്ചത്. ” ഒരു പ്രതികരണം പോലും ആ കമന്റ് അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്”, വിദ്യ പറഞ്ഞു.

ഇനി മലയാളത്തിൽ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വിദ്യാ ബാലൻ, ‘ആമി’യിൽ മഞ്ജുവിന് ഭാഷ പ്രശ്നമാകില്ലെന്നും പറഞ്ഞു. “മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്നമല്ലാത്തത് അവരെ സംബന്ധിച്ച് ഗുണമാണ്. എഴുത്തുകാരിയുടെ റോൾ ചെയ്യുമ്പോൾ ഭാഷയിൽ വൈദഗ്‌ധ്യം ആവശ്യമാണ്”, വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ