scorecardresearch
Latest News

ഞാൻ നിങ്ങളിൽ പെട്ടവളല്ലെന്ന് ബോധ്യപ്പെടുത്തിയതിൽ നന്ദി; ഡബ്ല്യുസിസിയോട് വിധു വിൻസെന്റ്

‘ഡബ്ല്യുസിസിയിൽ എലീറ്റിസമുണ്ട്,’ ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ച് വിധുവിന്റെ രാജിക്കത്ത്

Vidhu Vincent, Women In Cinema Collective, AMMA, B Unnikrishnan, Vidhu Vincent Quit From WCC, വിധു വിന്‍സെന്‍റ്, വിമെണ്‍ ഇന്‍ സിനിമ കളക്റ്റീവ്, iemalayalam, ഐഇ മലയാളം

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവില്‍ (ഡബ്ല്യൂസിസി) നിന്നും രാജിവച്ചതിനെ തുടര്‍ന്ന് സംഘടയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായിക വിധു വിൻസെന്റ്. തന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ‘അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും’ തന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ താന്‍ തയ്യാറാകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന്റെ ആമുഖത്തില്‍ വിധു പറയുന്നു,

വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും നിര്‍മ്മാതാവ് ആന്റോ ജോസഫും ചേര്‍ന്ന് നിർമ്മിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ട വിശദീകരണത്തിനു നല്‍കിയ മറുപടി കത്തിലാണ് ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ പല അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ വിധു തുറന്നെഴുതുന്നത്.

Vidhu Vincent Resignation Letter to Women in Media Collective: കത്തിന്റെ പൂര്‍ണ്ണ രൂപം

പ്രിയ സുഹൃത്തുക്കളെ,

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രേവതി ചേച്ചി വിളിച്ചിരുന്നു. എന്റെ സിനിമയായ സ്റ്റാൻഡ് അപ്പിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് WCC അംഗങ്ങൾക്കിടയിലുണ്ടായ അവ്യക്തതകൾ നീക്കുന്നതിനായി ഔദ്യോഗികമായ ഒരു വിശദീകരണം മെയിൽ ആയി അയക്കാമോ എന്നു അന്വേഷിച്ചിരുന്നു. സിനിമയുടെ പണികൾ കഴിഞ്ഞ് WCC സുഹൃത്തുക്കളോട് ഇക്കാര്യം നേരിട്ട് സംസാരിക്കണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നമുക്ക് തന്നെ നിയന്ത്രണമില്ലാത്ത സാഹചര്യത്തിലേക്ക് അപ്പോഴേക്കും കാര്യങ്ങൾ എത്തിയിരുന്നു. ആ കാലത്തെ ഓർത്തെടുക്കുന്നത് വ്യക്തിപരമായി കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും മുറിവ് ഏൽപ്പിക്കുകയും ചെയ്യുമെങ്കിലും രേവതി ചേച്ചി ആവശ്യപ്പെട്ട സാഹചര്യത്തിൽ ഈ കത്ത് എഴുതാൻ തന്നെ മുതിരുകയാണ്.

Read More: വിവേചനം, ഇരട്ടത്താപ്പ്: വനിതാ സംഘടനയ്ക്ക്തിരെയുള്ള വിധുവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ

രണ്ടാമത്തെ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട പണികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 2017ൽ WCC രൂപീകരണം. അതുകൊണ്ട് തന്നെ അന്നുമുതൽ ഇന്നുവരെയുള്ള എന്റെ സിനിമാ യാത്രയും WCC ചരിത്രവും ഇഴചേർന്ന് കിടക്കുന്നു. അതിൽ എന്റെ യാത്ര മാത്രമേ ഇവിടെ പറയുന്നുള്ളൂ.

നമ്മുടെ കൂട്ടത്തിൽ ഒരാൾ ആക്രമിക്കപ്പെട്ടപ്പോൾ പരാതിക്കാരിക്ക് ധാർമ്മിക പിന്തുണ നൽകുന്നതിനൊപ്പം ഇനി ഒരാൾക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കത്തക്കവണ്ണം ഒരു കാവലാളായിരിക്കുകയും ഒപ്പം സ്ത്രീകളോടുള്ള എല്ലാ തരത്തിലുമുള്ള വിവേചനം അവസാനിപ്പിച്ച് ഒരു സിസ്റ്റർ ഹുഡ് സാധ്യമാക്കി എടുക്കുകയും ചെയ്യുക എന്ന മനോഹരമായ സ്വപ്നമാണ് WCC യിൽ പങ്കാളിയാകുമ്പോൾ നിങ്ങളെ ഏവരേയും പോലെ ഞാനും കണ്ടത്. എന്നെ ഇതിനൊപ്പം കൂട്ടിയതിന് റിമയോടും സജിതയോടുമുള്ള നന്ദി അറിയിക്കട്ടെ.

ആ കാലത്തൊക്കെ പൂർത്തിയായ ഒരു തിരക്കഥയും കയ്യിൽ വച്ച് നിർമ്മാതാക്കൾക്ക് വേണ്ടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞാൻ. ആ തിരക്കഥയുമായി ബന്ധപ്പെട്ട് റിമ അടക്കമുള്ളവരോട് ചില ചർച്ചകൾ നടത്തിയതും റിമ ചില നിർദേശങ്ങൾ തന്നതും സ്നേഹത്തോടെ ഓർക്കുന്നു. കുറേയധികം പേരെ പ്രസ്തുത പ്രോജക്ടുമായി ബന്ധപ്പെട്ട് കണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല.

Read More: ജോലിയ്ക്ക് കൂലി നല്‍ക്കാത്ത സംവിധായിക ഉള്‍പ്പെടുന്ന നേതൃത്വം: ഡബ്ല്യൂസിസിയ്ക്കെതിരെ വസ്ത്രാലങ്കാരക സ്റ്റെഫി

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിട്ടായിരുന്നു സിനിമാന്വേഷണങ്ങൾ എന്നതുകൊണ്ട് നിത്യജീവിതത്തിന് തന്നെ വളരെ ബുദ്ധിമുട്ടുള്ള സമയം. നിർമ്മാതാക്കളെ കാണാനും സംസാരിക്കാനുമുള്ള ഓരോ യാത്രയും കൂടുതൽ കടം വരുത്തിവച്ചുകൊണ്ടുമിരുന്നു. അങ്ങനെയിരിക്കവേ ആണ് സജിതക്ക് സിനിമ ചെയ്യാൻ ഒരു പ്രൊഡ്യൂസറെ കിട്ടുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നടന്നില്ല. പ്രൊഡ്യൂസറോട് സജിത എന്റെ കാര്യം പറയുകയും ഞങ്ങളുടെ തന്നെ മറ്റൊരു സ്ക്രിപ്റ്റിൽ അവർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഏതാണ്ട് ഈ കാലം മുതൽ സജിത നേരിട്ടും അല്ലാതെയുമൊക്കെ എന്റെയീ അന്വേഷണങ്ങളുടെ ഭാഗമായിരുന്നു. സ്റ്റാൻഡ് അപ്പിന്റെ കഥ സജിത റെഫർ ചെയ്ത നിർമ്മാതാവിന് ഇഷ്ടപ്പെടുകയും അതുമായി ബന്ധപ്പെട്ട പണികൾ തുടങ്ങി വയ്ക്കുകയും ചെയ്ത സമയത്താണ് 2018ലെ പ്രളയം. നിർമ്മാതാവിന്റെ ആലുവയിലുള്ള വസ്തുവകകൾ മുഴുവൻ പ്രളയത്തിൽ നശിച്ചതിനെ തുടർന്ന് അദ്ദേഹം ഞങ്ങളുടേതടക്കമുള്ള പ്രോജക്ടുകളിൽ നിന്ന് പിന്മാറി. എനിക്കതൊരു വലിയ ആഘാതമായിരുന്നു. പ്രോജക്ട് നിന്നു പോകുമല്ലോ എന്നോർത്ത് ഉത്കണ്ഠപ്പെട്ട് സിനിമയിലെ ചില സുഹൃത്തുക്കളോട് സഹായം ചോദിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ### ### (ഈ പോസ്റ്റിൽ പേര് പ്രസക്തമല്ലാത്തതു കൊണ്ട് ഒഴിവാക്കുന്നു) നെ കാണുന്നത്. താൻ തന്നെ വലിയ ബുദ്ധിമുട്ടിലാണെന്നറിയിച്ച് അദ്ദേഹം കൈമലർത്തി. മറ്റൊരു ദിവസം ഇതേ കാര്യം അന്വേഷിച്ച് ### ##യെയും വിളിച്ചു. ചെറിയ തുകയാണ് എനിക്കാവശ്യം എന്നതുകൊണ്ട് ഇതു മുടക്കാൻ പറ്റുന്ന ഏതെങ്കിലും നിക്ഷേപകരെ കണക്ട് ചെയ്യാൻ പറ്റുമോ എന്നാണ് അന്വഷിച്ചത്. ആ സമയത്ത് അദ്ദേഹം ചില ഓൺ ഗോയിങ് പ്രോജക്ടുകളുടെ തിരക്കിലായിരുന്നതുകൊണ്ട് അത് സാധ്യമാവില്ല എന്ന് മനസ്സിലായി. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ലാതിരുന്ന സമയം… ആ ദിവസങ്ങൾ എങ്ങനെ കഴിഞ്ഞു പോയി എന്ന് ഇന്ന് ഓർത്തെടുക്കാൻ വയ്യ. പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. സിനിമ തന്നെ ഉപേഷിച്ച് മറ്റ് എന്തെങ്കിലും ജോലി നോക്കാം എന്ന് കരുതിയ ദിനങ്ങൾ ആയിരുന്നു അത്. ജയരാജ് അടക്കം ഒരുപിടി ആളുകളെ വിളിച്ച് പ്രൊഡക്ഷനിൽ ഉൾപ്പടെ എന്തെങ്കിലും പണികൾ കിട്ടാൻ സാധ്യത ഉണ്ടോ എന്നുപോലും ചോദിച്ചു.

ഗൾഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമ്മിക്കാം എന്നൊരു വാഗ്‌ദാനം നൽകിയത് ആയിടയ്ക്കാണ്. പാർവതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കൂടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു.

ഒരു “NO” പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോഴുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ട് വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല. കാര്യങ്ങൾ ഏതാണ്ട് ശരിയായി വരുന്നു എന്ന് തോന്നി തുടങ്ങിയ സമയത്താണ് ഈ പ്രോജക്ടിലേക്ക് തുക ഇൻവസ്റ്റ് ചെയ്യാമെന്നേറ്റിരുന്ന ഒരാൾക്ക് അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അയാൾ പ്രോജക്ടിൽ നിന്നും പിന്മാറിയത്. പക്ഷേ അപ്പോഴേക്കും ഒരു താരനിരയെയും ടെക്നീഷ്യൻസിനെയും ഞാൻ പ്രോജക്ടിലേക്ക് ഉൾപ്പെടുത്തിയിരുന്നു. അവർ പണികൾ തുടങ്ങുകയും ഞങ്ങൾ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിരുന്നു. അതേസമയം ആവശ്യമുള്ള തുക തികയാതെ സിനിമ തുടങ്ങാൻ പറ്റില്ല എന്നതായിരുന്നു അവസ്ഥ. 2019 ജൂൺ മാസത്തിൽ ഷൂട്ട് തുടങ്ങണം എന്ന നിലക്കാണ് എല്ലാവരുടെയും ഡേറ്റ് വാങ്ങിയിരുന്നത്. ഫ്രാന്റിക്കായി ഞാൻ പലരെയും സമീപിച്ചു, വിളിച്ചു. ആ സമയത്ത് സഹായം അഭ്യർത്ഥിച്ച് അഞ്ജലിയെയും വിളിച്ചു. അഞ്ജലി എനിക്ക് വേണ്ടി കാര്യമായ ചില അന്വേഷണങ്ങൾ നടത്തിയതും ചിലരോട് നേരിട്ട് വിളിച്ച് ചോദിച്ചതും ഒരുപാട് നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയൂ. നിർഭാഗ്യമെന്നു പറയട്ടെ, ഒന്നും വർക്ക് ആയില്ല. സന്ദീപ് സേനനെയും B ഉണ്ണികൃഷ്ണനെയും വിളിക്കുന്നതും ഈ സമയത്താണ്. B ഉണ്ണികൃഷ്ണൻ തനിക്ക് പരിചയമുള്ള ചില നിർമ്മാതാക്കള വിളിച്ചു നോക്കാമെന്ന് പറയുകയും പിന്നീട് ഈ നിർമ്മാതാക്കൾ എന്നെ വിളിച്ച് ഉണ്ണികൃഷ്ണൻ ഇങ്ങനെയൊരു കാര്യം അന്വേഷിച്ചിരുന്നു എന്നു പറയുകയും ചെയ്തു.

മൂന്നോ നാലോ പടങ്ങളുടെ പിന്നാലെയായതുകൊണ്ട് തൽക്കാലം നിവൃത്തിയില്ല, അടുത്തതിന് സഹകരിക്കാം എന്ന് പറഞ്ഞു. ഇത് ഞാൻ ഉണ്ണികൃഷ്ണനെ അറിയിച്ചു. അദ്ദേഹം എന്നെ ഒരു മീറ്റിങ്ങിലേക്ക് വിളിക്കുകയും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സ്റ്റോറി ബോർഡ്, കാസ്റ്റ് ആൻഡ് ക്രൂ എന്നിവ നോക്കി ബോധ്യപ്പെട്ട് Viacom മായി ഒരു മീറ്റിങ് ശരിയാക്കാം, മുംബെയിൽ പോയി അവരെ നേരിട്ട് കാണാൻ ആവശ്യപ്പെട്ടു. സത്യത്തിൽ ആ സമയത്ത് മുംബെയിൽ പോയി വരാനുളള കാശ് ഉണ്ടായിരുന്നില്ല. ചില സുഹൃത്തുക്കളോട് കടം വാങ്ങി തിരക്കഥാകൃത്തും ഞാനും മുംബൈയിൽ പോവുകയും viacom മായി ബന്ധപ്പെട്ടവരെ നേരിൽ കാണുകയും ചെയ്തു. ഇതിനിടയിൽ അഞ്ജലി ഗുർമീതുമായി സംസാരിച്ചിരുന്നുവെങ്കിലും അവർക്ക് ഒരു US ട്രിപ്പ് ഉണ്ടായിരുന്നതുകൊണ്ട് നേരിൽ കാണാൻ കഴിഞ്ഞില്ല. വയാകോമിന് പ്രോജക്ട് ഇഷ്ടപ്പെട്ടുവെങ്കിലും അവരുടെ ഫണ്ട് പ്രോസസിങ്ങിന് കുറച്ച് അധികം സമയം എടുക്കും എന്നതുകൊണ്ടും അപ്പോഴേക്കും എനിക്ക് അഭിനേതാക്കളുടെ ഡേറ്റ് നഷ്ടമാകും എന്നതുംകൊണ്ട് വയാകോമുമായുള്ള തുടർ ചർച്ചകൾ നടന്നില്ല. ഇതിനിടയിൽ ഉണ്ണികൃഷ്ണനെ വീണ്ടും വിളിച്ച് ഒന്നും നടക്കും എന്ന് തോന്നുന്നില്ല, വിട്ടേക്കാം എന്ന് അറിയിച്ചു.

അടുത്ത ദിവസം ഉണ്ണികൃഷ്ണൻ ഫോണിൽ വിളിച്ച് ആന്റോ ജോസഫുമായി സംസാരിച്ചിട്ടുണ്ടെന്നും നിങ്ങൾ നേരിട്ട് കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിക്കണമെന്നും പറഞ്ഞു. പ്രോജക്ടിന്റെ വിശദാംശങ്ങൾ കേട്ട ആന്റോ ജോസഫ് പടം ചെയ്യാമെന്ന് സമ്മതിച്ചു. ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു. “നിങ്ങളുടെ WCC യിലെ ദീദിയുടെ മകളുടെ പടത്തിന്റെ കാര്യം ചർച്ചക്ക് വന്നിരുന്നുവെന്നും നിങ്ങൾ ഇത്രയധികം ഇക്കാര്യത്തിൽ മുന്നോട്ട് പോയതു കൊണ്ട് ഈ പടം തന്നെ ചെയ്യാമെന്ന് വിചാരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. സിനിമക്ക് ഒന്നരക്കോടി നൽകാമെന്നും ഒരു കാരണവശാലും ബജറ്റ് കൂടാൻ പാടില്ലെന്നും മാത്രമാണ് ആന്റോ ജോസഫ് നിർദേശിച്ചത്. നിർമ്മാണം ആന്റോ ജോസഫും വിതരണം RD ഇല്യൂ മിനേഷൻസ് എന്നുമാണ് ആദ്യം തീരുമാനിച്ചതെങ്കിലും പടം രണ്ടു പേരും സംയുക്തമായി ചെയ്യാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിർമ്മാതാക്കൾ എന്ന് പറഞ്ഞ് തന്നെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇറക്കാം എന്ന് പിന്നീട് അഭിപ്രായപ്പെട്ടതും ആന്റോ ജോസഫ് ആയിരുന്നു.

 

Read Here: ‘സ്റ്റാൻഡ് അപ്പ്’ നിർമ്മിക്കാൻ എന്തുകൊണ്ട് ബി.ഉണ്ണികൃഷ്ണൻ?; വിധു വിൻസെന്റിന്റെ മറുപടി

തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം ബീനാമ്മയും ദീദിയും സജിതയും കൂടി സെറ്റിലെത്തിയിരുന്നു. സജിത ഈ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാനറിഞ്ഞു, ദീദിക്ക് വരാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല എന്നും ബീനയും സജിതയും നിർബന്ധിച്ചിട്ടാണ് അവരെത്തിയതെന്നും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ നടക്കുന്നതിനിടയിൽ ഒരു ദിവസം അഞ്ജലി വിളിച്ചിട്ട് സിനിമാ പണികൾ എവിടം വരെയെത്തി എന്ന് അന്വേഷിക്കുന്നതിനിടയിൽ പിറ്റേ ദിവസം WCC യുടെ ഒരു യോഗം നടക്കുന്നുണ്ടെന്നും വിധുവിന്റെ സിനിമയുടെ കാര്യം ചർച്ച ചെയ്തേക്കുമെന്നും സൂചിപ്പിച്ചു. ഉണ്ണികൃഷ്ണൻ സിനിമയുടെ നിർമ്മാതാവായി വന്നതിൽ WCC യിൽ ചിലർക്ക് അസ്വസ്ഥതകളുണ്ടെന്നും മീറ്റിങ്ങിനിടയിൽ വിളിക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കണമെന്നും അഞ്ജലി പറഞ്ഞു. എനിക്ക് അന്ന് അത് അത്രകണ്ട് ബോധ്യപ്പെട്ടില്ലെങ്കിലും സംസാരിക്കാമെന്ന് ഞാൻ സമ്മതിച്ചു. നമ്മുടെ ഗ്രൂപ്പിലുള്ള പലരും വ്യക്തിപരവും തൊഴിൽപരവുമായ പല ആവശ്യങ്ങൾക്കുമായി എപ്പോഴും സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണനെന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ട് WCC യുടെ ആശയക്കുഴപ്പം എന്താണെന്ന് എനിക്ക് ശരിക്കും പിടികിട്ടിയിരുന്നില്ല. പിറ്റേ ദിവസം യോഗം നടന്നുവെന്ന് ഞാനറിഞ്ഞു. ആരും ഒരു വിശദീകരണവും ചോദിച്ച് വിളിച്ചില്ല. ഈ മീറ്റിങ് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു മാധ്യമ പ്രവർത്തകൻ വിളിച്ചിട്ട് ‘വിധുവിന്റെ സിനിമയുമായി ബന്ധപ്പെട്ട് WCC ക്കകത്ത് തന്നെ ചില മുറുമുറുപ്പുകളുണ്ടല്ലോ? നമുക്കൊന്ന് വിശദമായി സംസാരിക്കണം’ എന്നു പറഞ്ഞു. മുറുമുറുപ്പ് എന്തെന്ന് എനിക്കറിയാത്തതുകൊണ്ടും അഥവാ ഉണ്ടെങ്കിൽ അത് അദ്ദേഹത്തോടല്ല സംഘടനക്കകത്ത് സംസാരിച്ചു കൊള്ളാമെന്നും മറുപടി പറഞ്ഞു. എനിക്കത് അദ്ഭുതമായി, കാരണം ഒരാഴ്ച മുമ്പ് ഇദ്ദേഹം തന്നെയാണ് എന്റെ സെറ്റിലേക്ക് ഒരു ക്രൂവിനെ അയക്കുകയും ഷൂട്ടിങ് വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തതാണ്. അപ്പോൾ പറയാതിരുന്ന ഒരു കാര്യം WCC യുടെ പ്രസ്തുത മീറ്റിങ് കഴിഞ്ഞ് 2 ദിവസം കഴിയുമ്പോൾ ഫോൺ വിളിച്ച് അന്വേഷിക്കുന്നു. പിന്നീട് സിനിമ പൂർത്തിയായപ്പോൾ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലും WCC യെ ക്വാട്ട് ചെയ്ത് ഇതേ ചോദ്യങ്ങളുണ്ടായി.’ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിൽ ദിലീപിനെ അഭിനയിപ്പിച്ച ആളല്ലേ സ്റ്റാൻഡ് അപ്പിന്റെ നിർമ്മാതാവായിരിക്കുന്നത്? ആ പണമല്ലേ ഈ പണം? WCC യുടെ അനുവാദം വാങ്ങിയിരുന്നോ? ‘ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവ്വതി അഭിനയിച്ചതിനെ കുറിച്ച് WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?… ” ഇങ്ങനെ കുറേ ചോദ്യങ്ങൾ ഡയസിലും പുറത്തുമായി ഉയർന്നു. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കൊടുത്തുവെന്ന് മാത്രമല്ല ഒരു ചോദ്യവും ഉത്തരമില്ലാതെ അവശേഷിപ്പിച്ചതുമില്ല എന്നാണെന്റെ ഓർമ്മ .

ഇക്കാര്യത്തിൽ WCCയോട് പറയാനുള്ളത്, B ഉണ്ണികൃഷ്ണൻ മലയാളസിനിമാരംഗത്തെ ഒരു തൊഴിലാളി സംഘടനയുടെ നേതാവാണ്. എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും വിതരണക്കാരനും നിർമ്മാതാവുമാണ്. എനിക്ക് ഉണ്ണികൃഷ്ണനെ പരിചയം സിനിമയിലൂടെയല്ല; അതിനൊക്കെ മുൻപ് സാഹിത്യ വിമർശമേഖലകളിൽ അദ്ദേഹം നടത്തിയിരുന്ന ഇടപെടലുകളോട് സംവദിച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഞാനറിയുന്ന ഇദ്ദേഹം ഒരു കൊലപാതകിയോ അക്രമിയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലിടപെട്ടതിന്റ പേരിൽ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴിൽ എടുക്കാൻ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. (By the way, it would be interesting to see how would that discussion take shape if such a topic put into a discussion in a larger frame, I mean the whole film industry)

മറ്റൊരു പ്രധാന കാര്യം, നമ്മുടെ സംഘടനയിൽ പെട്ടവർ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണൻ എന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ. ബീനാമ്മ അടക്കമുള്ളവർ ഉണ്ണികൃഷ്ണന്റെ സഹായം നിർണ്ണായകമായ പല സന്ദർഭങ്ങളിലും ഉപയോഗിച്ചിരുന്ന കാര്യം ഈ അവസരത്തിൽ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. സഹായങ്ങൾ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള ആളായതുകൊണ്ട് തന്നെ നമ്മുടെ സംഘടനയിൽപ്പെട്ടവരും തങ്ങളുടെ പരാതികളുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ലേ? അതോ ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരിൽ ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയായിരിക്കുന്ന സംഘടനയിൽ നിന്ന് രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രശ്ന പരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ടോ? അഥവാ അങ്ങനെ എന്തെങ്കിലും ചെയ്തിരിക്കണമെന്ന് WCC അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അപ്പോൾ എല്ലാവരുടെയും വ്യക്തിപരമായി എന്താവശ്യങ്ങൾക്കും ഇദ്ദേഹത്തെ സമീപിക്കാമെന്നിരിക്കിലും വിധു വിൻസെന്റ് പരസ്യമായി ഒരു തൊഴിൽ സഹായം സ്വീകരിച്ചപ്പോൾ അത് WCC യോട് ചോദിച്ചിട്ട് വേണം എന്ന് ഉയർത്തിയ വാദത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വരേണ്യ ധാർഷ്ട്യം കാണാതിരിക്കാൻ ആവില്ല. ഈ സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാർ അവർ ജീവിച്ചിരിക്കുവോളം അവരുടെ കഴിവും അർഹതയും സ്വാഭാവദാര്‍ഢ്യവും മറ്റുള്ളവരുടെ മുൻപിൽ തെളിയിക്കാൻ നിർബന്ധിതരാണ്. ഓരോ തവണയും അവർ എത്ര തന്നെ അത് തെളിയിച്ചാലും ആ ചോദ്യം വീണ്ടും ഉയരും. അക്കൂട്ടത്തിൽ മറുപടി പറയാൻ ബാധ്യസ്ഥയായ ഒരാളാണ് ഞാൻ എന്നതുകൊണ്ട് അത് ഇന്ന് എന്നെ ആവലാതിപ്പെടുത്തുന്നില്ല. എന്തായാലും നിങ്ങളിൽ പലരുടേയുമുള്ളിലുള്ള ഇരട്ടത്താപ്പ് എനിക്കില്ലെന്നെങ്കിലും ബോധ്യമാകും എന്ന് കരുതുന്നു.. ഒളിപ്പിച്ചു വയ്ക്കാനോ രഹസ്യത്തിൽ നേടിയെടുക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ എന്റെ ഇത്രയും നാളത്തെ ജീവിതവും പ്രവൃത്തികളും പരസ്യമായി നിങ്ങളുടെ മുന്നിൽ തുറന്ന് കിടപ്പുണ്ട്, അവസരവാദമോ ഇരട്ടത്താപ്പോ കളിച്ച് എന്തെങ്കിലും നേടിയെടുത്തതിന്റെ ഒരു ചരിത്രവും ഇന്നേ വരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

ക്ഷമിക്കണം, പറഞ്ഞു വന്നത് മറ്റൊന്നാണ്.

സിദ്ദിഖ് എന്ന നടൻ ജയിലിൽ പോയി പല തവണ ദിലീപിനെ സന്ദർശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നിൽക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല WCC യെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ്. ആയതിനാൽ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ WCC അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ?

ഉയരെ എന്ന സിനിമയിൽ പാർവതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരിൽ WCC അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവതിയോട് WCC വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവിൽ ഇല്ല.

ദിലീപിനെ ജയിലിൽ പോയി സന്ദർശിച്ച സംവിധായകനും നടനുമായ രഞ്ജിത് -അദ്ദേഹവും പരസ്യമായി മാധ്യമങ്ങളുടെ മുന്നിൽ ദിലീപ് ഈ കൃത്യം ചെയ്തതായി താൻ വിശ്വസിക്കുന്നില്ലെന്ന് പറയുകയും ദിലീപിന് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആയതിനാൽ ഇനി മേലിൽ രഞ്ജിത് തൊട്ടുകൂടാത്തവനാണെന്ന് WCC അംഗങ്ങളോട് പറഞ്ഞിരുന്നോ? ആയതിനാൽ ഇനി മേലിൽ രഞ്ജിത്തിനെ തൊട്ടുകൂടാത്തവനായി പ്രഖ്യാപിക്കുമോ?

WCC അംഗം രമ്യാ നമ്പീശന്റെ സഹോദരൻ കൊച്ചിയിൽ തുടങ്ങിയ DI സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം കോടതി സമക്ഷം ബാലൻ വക്കീലായിരുന്നു. ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ? WCC അംഗങ്ങളോ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഇവരൊക്കെയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യേണ്ട സാഹചര്യമുണ്ടായാൽ എത്ര ദിവസം മുമ്പ് WCC യെ അറിയിക്കണം? അങ്ങനെ എന്തെങ്കിലും വ്യവസ്ഥകളെ കുറിച്ച് നേരത്തേയോ പിന്നീടോ ചർച്ച ഉണ്ടായിട്ടുണ്ടോ?

എന്തായാലും ഞാൻ തെരുവ് വിചാരണകൾക്ക് എതിരാണ്; തൊട്ടുകൂടായ്മകൾക്കും സാമൂഹിക, തൊഴിൽ ബഹിഷ്കരണത്തിനും എതിരാണ്. ആ പാത പിന്തുടരണം എന്നുള്ളവർക്ക് അതാകാം എന്ന് മാത്രമേ അതിനെ കുറിച്ച് പറയാൻ ഉള്ളൂ. എന്തായാലും വർഗ്ഗവും ജാതിയും നമുക്കിടയിൽ വെറും വാക്കുകളല്ല എന്ന് ഉറപ്പാണ്.

ലാൽ മീഡിയയിലെ സൗണ്ട് സ്റ്റുഡിയോ ദിലീപിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ്. അപ്പോ അവിടം തൊട്ടുകൂടാതാവുമോ? അങ്കമാലിയിലെ ദിലീപിന്റെ തീയേറ്ററിൽ WCC ക്കാരുടെ സിനിമകൾ കളിക്കണ്ടാ എന്ന് WCC തീരുമാനിക്കുമോ? ദിലീപിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കും ഈ തൊട്ടുകൂടായ്മ ബാധകമാണോ? അപ്പോൾ എവിടം വരെയാണ് അതിന്റെ പരിധി? അസ്പൃശ്യരുടെ ലിസ്റ്റ് നേരത്തേ പ്രഖ്യാപിക്കണം. അങ്ങനെയെങ്കിൽ ഇപ്പോ ഉണ്ടായിട്ടുള്ളതു പോലെ ആശങ്കയോ ആശയ കുഴപ്പമോ ഉണ്ടാവില്ല. അല്ലാതെ, ചിലർക്ക് ആകാം ചിലർക്ക് പറ്റില്ല എന്നാണ് സംഘടന ഉദ്ദേശിക്കുന്നതെങ്കിൽ അതും വ്യക്തമാക്കാവുന്നതാണ്. ആ ക്ലാസ്സ് സ്വഭാവം വച്ച് കൊണ്ട് ഇത് സിനിമയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് ദയവ് ചെയ്ത് പറയരുത്. നേരത്തേ സോഷ്യൽ മീഡിയയിൽ കേട്ട ആക്ഷേപം പോലെ ലേഡീസ് ക്ലബ്ബെന്നോ NGO എന്നോ കോർപറേറ്റ് ഫോറം എന്നോ മറ്റോ പറഞ്ഞുകൊള്ളൂ. ഇക്കാര്യവുമായി ബന്ധപ്പെട്ട് റിമയ്ക്ക് ഒരിക്കൽ മെസേജ് അയച്ചപ്പോൾ പാർവതിക്ക് തിരഞ്ഞെടുക്കാൻ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നും കുറിച്ചു കണ്ടു. അഞ്ജലിക്കും എനിക്കും തിരഞ്ഞെടുപ്പിനുള്ള ഓപ്ഷൻ ഒരു പോലെയാണെന്ന് ശരിക്കും നിങ്ങൾ കരുതുന്നുുണ്ടോ? അഞ്ജലിയേയും വിധുവിനേയും സമീകരിക്കാൻ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മൾ wcc എന്ന പേരിൽ ഒരുമിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായിട്ടുണ്ടെങ്കിലും വർഗ്ഗ വ്യത്യാസങ്ങള കുറിച്ച് നമ്മുടെ അംഗങ്ങൾക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കിൽ മറ്റൊന്നും പറയാനില്ല. വർഷങ്ങളോളം നിർമ്മാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാ മോഹികളില്ലേ? അവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാണ് ഇന്നും ഞാൻ. അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജെൻഡർ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വർഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീ രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയിൽ നല്ലതായിരിക്കും.

ഇനി പ്രധാന വിഷയത്തിലേക്ക് വരട്ടെ. ഈ സിനിമയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ മോഡറേറ്ററായിരുന്ന പ്രേമചന്ദ്രൻ മാഷ് ചോദിച്ചു, ” വിധൂ, നിങ്ങളുടെ സംഘടനയിൽ ദീദിക്ക് നിങ്ങളോട് കടുത്ത പ്രശ്നമാണല്ലോ? ഞാൻ ദേശാഭിമാനിയിൽ നിങ്ങളുടെ സിനിമയെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. ‘അതൊന്നും എഴുതാതിരുന്നു കൂടെ ” എന്നാണ് ദീദി ചോദിച്ചത്. എന്താണ് ദീദിയും നിങ്ങളും തമ്മിലെ പ്രശ്നം? എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു .

ബാംഗ്ലൂരിൽ നിന്ന് ഉള്ള ഒരു journalist പറയുന്നു ,അവരോട് ഒരു WCC അംഗം പറഞ്ഞു അത്രേ “what vidhu did is wrong”. ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹത്തിന് പോകാനാവാത്തതിൽ ക്ഷമ ചോദിച്ചു കൊണ്ട് അവരെ വിളിച്ചപ്പോൾ “ദീദിയുമായി വിധുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ” അവർ ചോദിക്കുന്നു. ദീദി ഒരവസരത്തിൽ ഒരാളോട് (a credible and reliable person) പറഞ്ഞത്രെ “ഞങ്ങൾക്കാർക്കും ഉണ്ണികൃഷ്ണനോട് ഒരു പ്രശ്നവുമില്ല, വിധുവിനോട് മാത്രമേ പ്രശ്നമുള്ളൂ എന്ന് ” ദീദി പറഞ്ഞ ‘ഞങ്ങൾ’ ആരാണ്? WCCയോ? ഉണ്ണികൃഷ്ണനോട് ഇല്ലാത്ത എന്തു പ്രശ്നമാണ് WCCയിലെ ചില അംഗങ്ങൾക്ക് എന്നോടുള്ളത്?

മകളുടെ സിനിമക്ക് നിർമ്മാതാവാകേണ്ടിയിരുന്ന ആളെ ഞാൻ എന്റെ സിനിമയുടെ നിർമ്മാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് എന്റെ അൽപബുദ്ധി സംശയിച്ചു. പക്ഷേ ഞാനറിയുന്ന ദീദി അത്തരമൊരു മക്കൾ രാഷ്ട്രീയം കളിക്കുന്ന ചെറിയ മനസ്സിന്റെ ഉടമയല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

എന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ ദ ക്യൂ ‘ വിന്റെ റിപ്പോർട്ടർ പാർവതിയുടെയും അഞ്ജലിയുടെയും സിനിമകളെ പറ്റി പരാമർശിച്ചപ്പോൾ ഞാൻ നൽകിയ മറുപടി മുഴുവനായി എത്ര പേർ വായിച്ചിരുന്നു എന്നറിയില്ല. ദിലീപിന് ഒപ്പമുണ്ടായിരുന്നവരേയോ ഏതെങ്കിലും തരത്തിൽ അയാളുമായി ബന്ധപ്പെട്ടവരെയോ മാറ്റി നിർത്തി സിനിമ എടുക്കാനാണെങ്കിൽ മലയാള സിനിമയിൽ വെറും 5 ശതമാനത്തിൽ താഴെയേ ആളുകളുണ്ടാവൂ .അതിനാൽ ഒരു തൊഴിലിടം എന്ന നിലയിൽ യോജിക്കാൻ പറ്റുന്ന മേഖലകളിൽ യോജിക്കുകയും വിയോജിക്കേണ്ടപ്പോൾ കൈ ചൂണ്ടി പറയുകയുമാണ് വേണ്ടതെന്നായിരുന്നു എന്റെ മറുപടി.

ഇത് മുഴുവൻ വായിക്കാതെ തലക്കെട്ട് മാത്രം വായിച്ച് പാർവതി ഒരു ദിവസം എന്നെ വിളിച്ചതും പാർവതിയോട് മുഴുവൻ വായിച്ചിട്ട് സംസാരിക്കൂ എന്ന് പറഞ്ഞതും റേഞ്ച് കുറഞ്ഞ പ്രദേശത്തായിരുന്നു ഞാനെന്നതു കൊണ്ട് സംഭാഷണം തുടരാൻ പറ്റാതെ പോയതും ഓർക്കുന്നുണ്ട്.

സിനിമയുടെ മ്യൂസിക് ലോഞ്ചിന് എല്ലാ WCC അംഗങ്ങളെയും (തിരക്ക് മൂലം ഫോണിലൂടെയല്ലാ) മെയിൽ വഴി ക്ഷണിച്ചിരുന്നു. സൗമ്യയും ഇന്ദുവുമല്ലാതെ ആരും വന്നില്ല. സാരമില്ല, എല്ലാവരും തിരക്കിലാണെന്ന് എനിക്കറിയാമല്ലോ. ഉയരെയുടെ ഓഡിയോ ലോഞ്ചിങ് സമയത്ത് പാർവതിയുടെ സിനിമയായതുകൊണ്ട് പാർവതി പ്രതിനിധീകരിക്കുന്ന WCC യിൽ നിന്ന് ഒരാളെത്തണം എന്ന് നിർബന്ധിച്ച് ഷെഗ്ന (നിർമ്മാതാവ്) വിളിച്ചപ്പോൾ എന്റെ സിനിമയുടെ ഓട്ടത്തിനിടയിലും അവിടെ പോയതും ആശംസകൾ കൈമാറിയതും ഓർമ്മ വരുന്നു. ഉയരെയും മാംഗല്യം തന്തുനാനെയും കൂടെയും അസുരനും മൂത്തോനും അടക്കമുള്ള സിനിമകൾ തീയേറ്ററിൽ എത്തിയപ്പോൾ എഴുതാൻ പറ്റുന്ന അവസ്ഥയിലാണെങ്കിൽ എഴുതുകയും അല്ലെങ്കിൽ കാണുക എങ്കിലും ചെയ്തു കൊണ്ട് ചേർത്തു പിടിക്കലിന്റെയും സാഹോദര്യത്തിന്റെയും ഒരു കണ്ണിയായി നിൽക്കണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ചില സിനിമകളോട് വിയോജിപ്പുകൾ ഉള്ളപ്പോഴും സാഹോദര്യം വളരെ പ്രധാനമാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

നമ്മളെപോലെയുള്ള ജാതി-വർഗ്ഗ സമൂഹത്തിൽ സാഹോദര്യം എന്ന ആശയത്തിന്റെ പരിമിതികൾ എന്നോ മനസ്സിലാക്കിയതുകൊണ്ട് എന്നോട് അതുണ്ടായില്ല എന്നതിൽ അദ്ഭുതം തോന്നിയില്ല എന്ന് മാത്രം.

നമ്മുടെ ഇടം നമ്മൾ നിരന്തരമായി സിനിമകൾ ചെയ്ത് ഉണ്ടാക്കി എടുക്കേണ്ട ഇടമാണെന്നാണ് ഇപ്പോഴും എന്റെ വിചാരം. സിനിമ ചെയ്യുന്നതിലൂടെയാണ് നമുക്ക് നമ്മുടെ രാഷ്ട്രീയത്തെ ഏറ്റവും ശക്തമായും വ്യക്തമായും പ്രതിഫലിപ്പിക്കാൻ പറ്റുക എന്നും ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ അരങ്ങിലും അണിയറയിലും നമ്മൾ സൃഷ്ടിക്കുന്ന സ്ത്രീ സൗഹാർദ്ദ ഇടങ്ങളിൽ നിന്ന് വേണം മലയാള സിനിമ മാറിയ ഭാവുകത്വത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കാൻ.

ആക്രമിക്കപ്പെട്ട നമ്മുടെ സുഹൃത്തിന്റെ കാര്യത്തിൽ മാത്രം നിലപാട് ഉറക്കെ പറയുകയും നിർമ്മാതാവ് ###നാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തിൽ ‘ഇതുവരെ മതി ഇടപെടലുകൾ ‘എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച് പറയുന്ന സംഘടനക്ക് ചേർന്നതല്ല. അത്തരം ഇരട്ടത്താപ്പുകളുടെ വലിയ കെട്ടുതന്നെ ഉണ്ട്. അത് തത്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.

WCC യിൽ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണ്. ചില അംഗങ്ങൾ തമ്മിൽ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിങ് മെമ്പർ മാർക്കും മറ്റ് അംഗങ്ങൾക്കുമിടയിലും ഫൗണ്ടിങ് മെമ്പർമാർ തമ്മിൽ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവർത്തിക്കുന്നുണ്ട്. WCC യെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാൻ കെൽപുള്ള വിമർശനങ്ങൾ ഉന്നയിക്കേണ്ടവർ അത് ചെയ്യാതെ വിധു വിൻസെന്റിന്റെ പൊളിറ്റിക്കൽ കറക്ട്നസ് അളക്കാൻ നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ലാ എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

ഒരു തരത്തിലുള്ള മൂലധനവും കൈവശം ഇല്ലാത്തതുകൊണ്ട് തൊഴിലിനായി എനിക്ക് ഇനിയും കൈ നീട്ടേണ്ടിവരും. അപ്പോൾ WCC യെ വിധു വിൻസെന്റ് ചതിച്ചു എന്നതുപോലുള്ള പരാമർശങ്ങൾ കേൾക്കാൻ എനിക്ക് താൽപര്യമില്ലാത്തതു കൊണ്ട് ഈ സംഘടനാ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്ന് കരുതുന്നു. എന്തായാലും ഞാനീ സ്കൂളിൽ പെട്ടയാളല്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയതിൽ WCC യിലെ എല്ലാവരോടും എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. ഇതിൽ കൂടുതൽ തകരാനും അപമാനിതയാകാനും ഇനി വയ്യാ എന്നറിയിച്ചു കൊണ്ട് ഞാൻ WCC അംഗത്വത്തിൽ നിന്നും രാജിവച്ചതായി അറിയിക്കുന്നു. പറഞ്ഞതിനേക്കാൾ പലമടങ്ങ് പറയാതെയാണ് ഈ കത്ത് അവസാനിപ്പിക്കുന്നത്. ഞാൻ കടന്നു പോയ സന്ദർഭങ്ങളെക്കാളുമേറെ ഇത്രയും കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ അതിലും കൂടുതൽ തീവ്ര വേദനയിലൂടെ വീണ്ടും കയറിയിറങ്ങിയാണ് ഇതെഴുതേണ്ടി വന്നത്. ആയതിനാൽ ഈ മറുപടി കുറിക്കാൻ കുറച്ചധികം സമയമെടുത്തതിൽ ക്ഷമിക്കണം.

എല്ലാവരോടും ഒരിക്കൽക്കൂടി:

In the fell clutch of circumstance

I have not winced nor cried aloud.

Under the bludgeonings of chance

My head is bloody, but unbowed.

I am the master of my fate,

I am the captain of my soul.

മുന്നോട്ടുള്ളയാത്രയിൽ എല്ലാ ആശംസകളും നേരുന്നു. കൂടുതൽ കരുത്തോടെ എല്ലാവർക്കും മുന്നോട്ട് പോകാൻ കഴിയട്ടെ

എല്ലാറ്റിനും ഒരിക്കൽ കൂടി നന്ദി

വിധു വിൻസെന്റ്

*****************************************

PS: Some names have been removed from the letter to ensure confidentiality of some private conversations and one name marked out to avoid disclosing information of a case under investigation.

Read More: ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെ; വിധു വിൻസെന്റ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vidhu vincents resignation letter to women in cinema collective