മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വനിത, അതും ആദ്യ ചിത്രത്തിനു തന്നെ. പിന്നീട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് വിധു വിന്‍സന്റ്. ഇതിനിടയില്‍ മലയാള സിനിമയിലും വിധുവിന്റെ ജീവിതത്തിലുമുണ്ടായ ഒരു പ്രധാന സംഭവ വികാസം തന്നെയായിരുന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ഡബ്ല്യൂസിസിയുടെ ഭാഗമായി നിന്ന്, സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് വിധു ‘സ്റ്റാന്‍ഡ് അപ്പു’മായി എത്തുന്നത്. നീണ്ട നാളത്തെ ഇടവേളയെ കുറിച്ച്, സിനിമയെടുക്കാനായി നടത്തിയ അലച്ചിലുകളെ കുറച്ച്, വിമര്‍ശനങ്ങളെ കുറിച്ച്, വിവാദങ്ങളെ കുറിച്ച് വിധു വിന്‍സെന്റ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് മനസു തുറക്കുന്നു.
മലയാളികളെ സംബന്ധിച്ചിടത്തോളം താരതമ്യേന പുതിയൊരു വിഷയമാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തത്?
സ്റ്റാന്‍ഡ് അപ്പ് കോമഡി നമുക്ക് പരിചിതമല്ലാത്തൊരു വിഷയമാണ് എന്ന് പറയാന്‍ പറ്റില്ല. സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന പേരിട്ട് വിളിക്കുന്നില്ലെങ്കിലും, രമേഷ് പിഷാരടിയും ജയരാജ് വാര്യരുമൊക്കെ ഇത് അവതരിപ്പിച്ച് നമ്മള് കണ്ടിട്ടുണ്ട്. തുള്ളല്‍ പോലുള്ള കലാരൂപങ്ങളുടേയും പാരമ്പര്യം നമുക്കുണ്ട്. അത്തരത്തിലൊരു കഥപറച്ചില്‍ രീതിയുണ്ട്. സിനിമയില്‍ ഞാനത് ഉപയോഗിച്ചു എന്നേ ഉള്ളൂ. പറയാനുള്ള കഥ ഇത്തരം ഒരു സങ്കേതത്തിലൂടെ പറയാം എന്ന് തീരുമാനിച്ചത് തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടന് ആണ്. വെറുതേ കഥപറഞ്ഞു പോകുന്നതിനെക്കാള്‍ അതിനെ ഒരു stand up പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുകയാവും നല്ലത് എന്ന് തോന്നി.
ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത് നിമിഷയും രജിഷയുമാണ്. ഈ തിരഞ്ഞെടുപ്പിന്റെ കാരണം?
രണ്ടുപേരും യുവനിരയിലെ പ്രതിഭകളാണ്. സിനിമയിലെ മുഖ്യവേഷങ്ങള്‍ ചെയ്യുന്നവരെല്ലാം യുവാക്കളാണ്. കോളേജ് പഠനം പൂർത്തിയാക്കിയവരോ പഠനത്തിന്റെ അവസാന പാദത്തില്‍ എത്തിയിരിക്കുന്നവരോ ആയ ഒരു സംഘം സുഹൃത്തുക്കളുടെ കഥയാണ് സ്റ്റാന്‍ഡ് അപ്പ്. അതുകൊണ് ഇവരെ തിരഞ്ഞെടുത്തത്. രണ്ടു പേരും രണ്ട് വ്യത്യസ്ത അഭിനയ രീതിയുള്ളവരാണ്. രണ്ട് ആക്ടിങ് സ്കൂളുകളാണ്. ഈ കഥാപാത്രങ്ങളും അത്തരത്തിലാണ്. അതിനാല്‍ രണ്ട് വ്യത്യസ്ത പ്രതിഭകളെ തന്നെയായിരുന്നു ആവശ്യം. ആ തീരുമാനം തെറ്റിയില്ല എന്നതു തന്നെയാണ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ബോധ്യമായതും.
അഭിനേതാക്കള്‍ മാത്രമല്ല, സംവിധായികയും ഏറെക്കുറേ പുതുമുഖമാണ്. അതേസമയം മൂന്നുപേരും സംസ്ഥാന പുരസ്കാര ജേതാക്കളുമാണ്. ഇത് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഷൂട്ടിങ് അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
ഞാന്‍ നേരത്തേ പറഞ്ഞതു പോലെ രണ്ടുപേരും രണ്ട് തരത്തിൽ അഭിനയിക്കുന്ന ആളുകളാണ്. രജിഷയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, കഥാപാത്രത്തിനായി ഒരുപാട് ഗൃഹപാഠം ചെയ്യുന്ന ആളാണ്. കഥാപാത്രം എന്താണെന്ന് മനസിലാക്കി കഴിഞ്ഞാല്‍, അതിന്റെ വ്യത്യസ്ത മാനറിസങ്ങള്‍, തന്റെ ഭാഗത്ത് നിന്ന് എന്തെല്ലാം കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കുന്ന ആളാണ്. ചില സമയത്ത് ‘ചേച്ചി ഇത് അങ്ങനെ ചെയ്യുന്നതല്ലേ കൂടുതല്‍ നല്ലത്,’ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളൊക്കെ പറയാറുണ്ട്. നിമിഷയുടേത് മറ്റൊരു രീതിയാണ്. നമ്മള് എന്തു പറയുന്നോ, അത് കൃത്യമായി ഉള്‍ക്കൊണ്ടു കൊണ്ട് അഭിനയിക്കുന്ന ഒരാളാണ്. രണ്ടു രീതികളും കഥാപാത്രങ്ങള്‍ക്ക് വളരെയധികം ഗുണകരമായിട്ടുണ്ട്.
എനിക്ക് തുടക്കത്തിലൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. രണ്ടു പേരും അവാര്‍ഡ് ജേതാക്കളാണ്. ഇന്ന് സിനിമയിൽ ഉദിച്ചു നില്ക്കുന്ന താരങ്ങളാണ്.. പക്ഷേ ഒരു തരത്തിലുള്ള അസ്വസ്ഥതകളുമില്ലാതെ വളരെ സമാധാനപരമായി പോയ ഒരു ലൊക്കേഷനായിരുന്നു ഞങ്ങളുടേത്.അര്ജുന് അശോകും അതുപോലെ തന്നെയാണ്. വളരെ ഈസിയായി അഭിനയിക്കുന്ന ഒരാളാണ്. ഈ സിനിമയില്‍ അര്‍ജുനെ അത്ര തന്നെ ഉപയോഗിക്കാന്‍ പറ്റിയിട്ടില്ലാ എന്നൊരു വിഷമമുണ്ട്. കഥാപാത്രം അങ്ങനെയായിരുന്നു. പിന്നെ ദിവ്യയും ജുനൈസും വെങ്കിടേഷും. ഇവരെല്ലാവരും തന്നെ നല്ലരീതിയില്‍ സ്വസ്ഥമായി ജോലി ചെയ്യാനുള്ള ഒരു അന്തരീക്ഷം ഒരുക്കി തന്നു.
മാന്‍ഹോള്‍ എന്ന ആദ്യ ചിത്രത്തിനു ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്റ്റാന്‍ഡ് അപ്പ് എത്തുന്നത്. ഇതിനിടയില്‍ ഡബ്ല്യൂസിസി പോലുള്ള സംഭവ വികാസങ്ങൾ ജീവിതത്തിലുണ്ടായി. എന്തായിരുന്നു ഇത്രയും വലിയ ഇടവേള?
നിര്‍മ്മാതാക്കളെ കണ്ടുപിടിക്കാന്‍ ഉണ്ടായ ബുദ്ധിമുട്ടാണ് സിനിമ ഇത്രയും നീണ്ടു പോകാന്‍ കാരണം. ആദ്യത്തെ പ്രളയത്തിന് മുമ്പ് സിനിമ തുടങ്ങാം എന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ പ്രളയത്തില്‍ കാര്യങ്ങളെല്ലാം മാറി. സാമ്പത്തിക ഭദ്രത തന്നെ കീഴ്മേല്‍ മറിഞ്ഞു. ഞാനാകെ ചിതറിപ്പോയ അവസ്ഥയിലായിരുന്നു. ഈ പ്രൊജക്ട് ഉപേക്ഷിക്കാം എന്ന ഘട്ടത്തില്‍ ഞങ്ങളുടെ തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനാണ് ഇതുമായി മുന്നോട്ട് പോയേ പറ്റൂ എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചതും നിര്‍ബന്ധിച്ചതും. ആ സമയത്താണ് എന്റെ സുഹൃത്ത് ഷാജഹാൻ മാടമ്പാട്ട്, സഹായവുമായി എത്തിയത്. അദ്ദേഹവും പിന്നീട് പ്രകാശ് ബാരെയും ഒക്കെ കൂടി ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാൻ ഏറെ ശ്രമിച്ചു.പക്ഷെ ഒരു ഘട്ടം കഴിഞ്ഞിട്ട് ഇത് മുന്നോട്ട് പോകുന്നില്ല എന്ന അവസ്ഥയുണ്ടായി. ആവശ്യമായ പണം കണ്ടെത്താനാകുന്നില്ല. അലച്ചിലുകളുടേയും വിഷമങ്ങളുടേയും ഒരു വലിയ സമയമായിരുന്നു അത്.
ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന സംവിധായികയാണ് വിധു വിന്‍സെന്റ്. അങ്ങനെ ഒരാള്‍ക്ക് പ്രൊഡ്യൂസറെ കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടാണോ മലയാള സിനിമയില്‍?
ബുദ്ധിമുട്ടുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. അതിന് പല കാരണങ്ങളുണ്ട്. ഞാനാദ്യം എടുത്തത് മാന്‍ഹോള്‍ എന്ന സിനിമയാണ്. നിര്‍ഭാഗ്യവശാല്‍ അത് ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. രണ്ടാമത്തെ കാര്യം ഡബ്ല്യൂസിസിയുടെ രാഷ്ട്രീയത്തോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. ഒരു ആക്ടിവിസ്റ്റ് മോഡിലാണ് ആണ് ഞങ്ങൾ പോകുന്നത് എന്നും സിനിമയെ സംബന്ധിച്ച് ഞങ്ങളുടേത് പിന്തിരിഞ്ഞുള്ള നടപ്പാണ് എന്നും മുഖ്യധാരയിലുള്ള പലരും കരുതുന്നുണ്ട്. പലരും നമ്മളെ ശത്രുക്കളായിട്ടാണ് കരുതുന്നതും. ഡബ്ല്യൂസിസിയുടെ പേരു പറഞ്ഞു തന്നെ പല നിര്‍മ്മാതാക്കളും പുറകോട്ടു പോയ അനുഭവങ്ങള്‍ എനിക്കുണ്ട്.
ഒരു സ്ത്രീ ആയതുകൊണ്ടുകൂടി ആണോ ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നത്?
സ്ത്രീ ആയതു കൊണ്ട് എന്നല്ല കൃത്യമായും നമ്മള് സ്ത്രീപക്ഷത്തു നില്ക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വേണം പറയാൻ.. സ്ത്രീപക്ഷത്ത് നില്ക്കുന്നു എന്നു പറയുന്ന നിർമ്മാതാക്കൾ കൂടിയായ സംവിധായകരെ അടക്കം ഞാൻ സമീപിച്ചിട്ടുണ്ട്. അവരെല്ലാം അവരുടെ കടബാധ്യതകളെ കുറിച്ച് പറയുകയായിരുന്നു. അതേസമയം ഞാന്‍ കാണുന്നത് അവര്‍ ഓരോ വര്‍ഷം പുതിയ പുതിയ പ്രൊജക്ടുകള്‍ ചെയ്യുന്നതുമാണ്. അതൊരു വലിയ വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണ്. വല്ലാത്ത നിരാശ തോന്നി. ആ ഘട്ടത്തിലാണ് ഞാന്‍ ഈ പ്രൊജക്ട് പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സിനിമ നിന്നു പോയേക്കും എന്ന ഘട്ടത്തില്‍ എന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ ചില നിര്‍മ്മാതാക്കളെ ഞാന്‍ മെസേജിലൂടെയും ഫോണിലൂടേയും ബന്ധപ്പെട്ടു, അവരോട് സഹായം ചോദിച്ചു. സന്ദീപ് സേനനും, ബി.ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ അതിനോട് പ്രതികരിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ ബി.ഉണ്ണികൃഷ്ണന് എന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കണം എന്നും പറഞ്ഞിരുന്നു. ആ ഉറപ്പിന്മേലാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. സിനിമ നിര്‍മ്മിക്കാമോ എന്നല്ല, ഏതെങ്കിലും നിര്‍മ്മാതാക്കളുടെ അടുത്തെത്താന്‍ സഹായിക്കാമോ എന്നാണ് ചോദിച്ചത്. പക്ഷെ അദ്ദേഹം പറഞ്ഞ ആളുകളൊക്കെ ആ സമയത്ത് മറ്റ് ചില സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അടുത്ത സിനിമയുടെ സമയത്ത് സഹകരിക്കാം എന്നു പറഞ്ഞു.
പിന്നീട് ബി.ഉണ്ണികൃഷ്ണന് തന്നെ ഞങ്ങളെ viacom-18മായി കണക്ട് ചെയ്തു തന്നു. മുംബൈയില്‍ പോയി ഞാനും ഉമേഷും അവരെ കണ്ടു. അവര്‍ക്ക് തിരക്കഥ ഇഷ്ടമായി. പക്ഷെ മൂന്ന് മാസത്തെ സമയം ചോദിച്ചു. അത്രയും കാത്തിരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അഭിനേതാക്കളുടെ ഒക്കെ ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കഥ പറയാന്‍ ഒരു അവസരം കിട്ടുക എന്നത് അത്യാവശ്യമാണ്. ഞാന്‍ ഡബ്ല്യൂസിസി അംഗമാണ്, ആദ്യ ചിത്രം മാന്‍ഹോളാണ് എന്നൊന്നുമുള്ള മുന്‍വിധികളോടെയല്ല അവരീ ചിത്രത്തിന് കൈ തന്നത്. അവരെ സംബന്ധിച്ചിടത്തോളം എന്നിൽ അവർക്കൊരു വിശ്വാസം ഉണ്ടായിരുന്നു എന്നാണ് ഞാൻ അനുമാനിക്കുന്നത്. അതേസമയം ഇതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് അവര്‍ രണ്ടു പേരും ഉറപ്പ് തന്നിരുന്നു. നിങ്ങളെ പോലൊരാള്‍ സിനിമ ചെയ്യാന്‍ ഇങ്ങനെ അലഞ്ഞു തിരിയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ഉപാധികളില്ലാത്ത ഉറപ്പാണത്. ഈ സമയം വരെ സിനിമയില്‍ യാതൊരു വിധ കൈകടത്തലും അവര്‍ നടത്തിയിട്ടില്ല. ലൊക്കേഷനിലേക്ക് പോലും വന്നിട്ടില്ല എന്നതാണ് സത്യം . യാതൊരു മെയില്‍(Male) സെന്‍സറിങും ഈ സിനിമയ്ക്ക് ഇല്ല എന്നത് ഉറപ്പാക്കണമെന്ന് അവർക്ക് രണ്ടു പേർക്കും നിർബന്ധമുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ട്. അതേസമയം യോജിക്കാന്‍ പറ്റുന്ന കാര്യങ്ങളില്‍ യോജിച്ചു കൊണ്ടു തന്നെവേണം കേരളത്തില്‍ ഇന്ന് സിനിമ ചെയ്യാന്‍ എന്ന് ഞാന്‍ കരുതുന്നു. യോജിക്കാന്‍ പറ്റുന്ന മേഖലകളില്‍ യോജിക്കാന്‍ പറ്റുന്നവരുമായി യോജിച്ചുകൊണ്ട്, അതേസമയം വിയോജിപ്പുകള്‍ പ്രകടിപ്പിച്ചു കൊണ്ടുവേണം മുന്നോട്ട് പോകാന്‍. മാറി നിന്നുകൊണ്ട് ഒറ്റയ്ക്ക് രാഷ്ട്രീയം പറയാന്‍ പറ്റുന്ന സമയമല്ല. മലയാള സിനിമ വളരെ ചെറിയൊരു മേഖലയാണ്.
മാടമ്പിയും, പ്രമാണിയും ചെയ്ത് നേടിയ പണമാണ് താന്‍ സ്റ്റാന്ഡപ്പിലേക്ക് ചെലവാക്കിയത് എന്നാണ് ഉണ്ണികൃഷ്ണന് പറഞ്ഞത്. കോടതി സമക്ഷം ബാലന് വക്കീല്‍ കൂടി ചെയ്തു സമ്പാദിച്ച പണമാണ് വിധുവിന്റെ സിനിമയിലേക്ക് തന്നത് എന്ന വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
ഞാനും കേട്ടു വിധു വിന്‍സെന്റ് ബി.ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യാന്‍ പോകുന്നു എന്ന് വിമര്‍ശിക്കുന്നത്. ബി ഉണ്ണികൃഷ്ണന് ഒരു കൊലപാതകിയല്ല, അറസ്റ്റിലാകുകയോ എന്തെങ്കിലും കാര്യത്തിന് പിടിച്ച് ജയിലിലിടുകയോ ചെയ്തതായി എന്റെ അറിവില്‍ ഇല്ല. മാത്രമല്ല, ഞാന്‍ ബഹുമാനിക്കുന്ന ഒരു ട്രേഡ് യൂണിയനിസ്റ്റ് കൂടിയാണ് അദ്ദേഹം. ഞാനും ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്ന ആളാണ്. അപ്പോള്‍ അത്തരം ആളുകളോട് യോജിച്ചു നിന്നു കൊണ്ടു തന്നെ വേണം തൊഴിൽ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ എന്നാണ് ഞാന്‍ കരുതുന്നത്. സിനിമയെ ഒരു കലാരൂപം മാത്രമായല്ല കോടി കണക്കിന് ജനമനസ്സുകളെ സ്വാധീനിക്കാൻ കഴിവുള്ള ഏറ്റവും വലിയ ജനപ്രിയ മാധ്യമം എന്ന നിലക്ക് കൂടിയാണ് ഞാൻ സിനിമയെ കാണുന്നത്. എന്റെ രാഷ്ട്രീയം സിനിമ ചെയ്തു തന്നെ പറയണം എന്നാണ് കരുതുന്നതും. സ്ത്രീപക്ഷത്തു നിന്നുകൊണ്ട് തന്നെയാണ് സംസാരിക്കാനും സിനിമയെടുക്കാനും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും എന്നു പറയുമ്പോഴും അത് ‘ഇന്‍ക്ലൂസീവ്’ ആയിക്കൊണ്ടാകണം. ആരെയും മാറ്റി നിര്‍ത്തിയല്ല. ചേര്‍ത്തുനിര്‍ത്തിയും ചേര്‍ന്നു നിന്നുമാണ് ഞാനെന്റെ രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിക്കുന്നത്.
നിങ്ങള്‍ സൂചിപ്പിച്ച തരത്തിലുള്ള വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയ്ക്ക് മൂലധനം ആവശ്യമാണ്. ആ പണം എങ്ങനെ കിട്ടിയതാണ് എന്നതിനെക്കാള്‍ അപ്പുറത്തേക്കാണ് സിനിമ മൂലധനം കൊണ്ട് മാത്രം ഓടുന്ന ഒന്നാണ് എന്ന സത്യം. ബി.ഉണ്ണികൃഷ്ണന് കോടതിസമക്ഷം ബാലന് വക്കീല്‍ പോലൊരു സിനിമ ചെയ്തു എന്നത് ശരിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിന് കൃത്യമായ ന്യായീകരണം ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മൂലധനത്തില്‍ അധിഷ്ഠിതമായ വ്യവസായമാണ് സിനിമ എന്നിരിക്കെ, ഈ കേസിലകപ്പെട്ട ആളും അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച ആളുകളും അവര്‍ക്ക് എതിര്‍പക്ഷത്തു നില്ക്കുന്ന ആളുകളുമൊക്കെ ഭാഗമായ സിനികള്‍ നിര്‍മ്മിക്കാനുള്ള പണം എങ്ങനെയാണ് വരുന്നത് എന്ന് അന്വേഷിച്ചാല്‍, അതിന് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവിടെ സിനിമാ വ്യവസായം ഉണ്ടാകില്ല എന്നത് നിങ്ങൾക്കും അറിയുമല്ലോ.. പിന്നെ വിധു വിന്‍സെന്റ് സിനിമയിറക്കുമ്പോള്‍ മാത്രം ആര്‍ക്കാണിത്ര പ്രശ്നം?
ഞാന്‍ മൂലധനത്തിന് എതിര് നില്ക്കുന്ന ആളൊന്നുമല്ല. ഞാനൊരു ക്യാപിറ്റലിസ്റ്റ് വിരോധിയുമല്ല. മാത്രമല്ല, അതില്‍ വിശ്വസിക്കുന്ന ഒരാളുമാണ്. അതിനകത്ത് ജീവിച്ചു കൊണ്ട് അതിനെതിരെയുള്ള മുറകളും നിലപാടുകളും ഉണ്ടാകണമെന്ന് വിചാരിക്കുന്ന ആളാണ്. ഒരു വ്യവസ്ഥിതിയെ മാറ്റാന്‍ ചിലപ്പോള്‍ അതിനകത്തു തന്നെ നില്‍ക്കേണ്ടി വരും. പാട്രിയാര്‍ക്കിയെ ചെറുക്കാന്‍ നമുക്ക് ഇതിനകത്തു നിന്നു തന്നെ ആയുധങ്ങള്‍ കണ്ടെത്തിയേ പറ്റൂ. വ്യവസ്ഥക്ക് പുറത്ത് ജീവിക്കാന്‍ നമുക്ക് തല്ക്കാലം മറ്റൊരു വ്യവസ്ഥയില്ല. അതിന് ഇതിനകത്തു നിന്നു കൊണ്ട് തന്നെ പോരടിച്ചേ മതിയാകൂ.
സിനിമാ മേഖലയിലെ ഒരുവിധം ആളുകളെല്ലാം ജയിലിലായ ഈ വ്യക്തിയെ കാണാന്‍ പോയവരാണ്. അദ്ദേഹത്തിന് എല്ലാവിധ പിന്തുണകളും പരസ്യമായി നല്കിയവരാണ്. ഞങ്ങളുടെ കൂട്ടായ്മയിലടക്കം ഉള്ളവര്‍ സിനിമ ചെയ്യുന്നതും സിനിമയില്‍ അഭിനയിക്കുന്നതും ഇവര്‍ക്കൊപ്പമൊക്കെ തന്നെയാണ്. അതേ സാധ്യമാകൂ. അല്ലാതെ അവരെയൊക്കെ പടിയടച്ച് പിണ്ഡം വക്കാനാണെങ്കിൽ ഇവിടെ രാഷട്രീയ പ്രവർത്തനം സാധ്യമാകുമോ? സിനിമ സാധ്യമാകുമോ? സാമൂഹ്യ ജീവിതം സാധ്യമാകുമോ? ഞങ്ങള്‍ക്ക് തനിച്ച് ഒരു സാമ്രാജ്യം സ്ഥാപിക്കാന്‍ പറ്റില്ല അങ്ങനെ ഉദ്ദേശിക്കുന്നുമില്ല. ഈ സിസ്റ്റത്തിനകത്തു നിന്നുകൊണ്ടു തന്നെയാണ് ഇതിനെതിരെ ശബ്ദിക്കേണ്ടത്. നേരത്തേ പറഞ്ഞ പോലെ ചേർന്നു നിക്കാൻ പറ്റുന്നവർക്കൊപ്പം ചേർന്നു നിന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉറക്കെ പറഞ്ഞും ഒക്കെത്തന്നെയാണ് അതിനുള്ള ഊര്‍ജം കണ്ടെത്തേണ്ടത്.. സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും മുകളില്‍ പറഞ്ഞ സിനിമകളില്‍ നിന്നു ലഭിച്ച പണം കൊണ്ടു തന്നെയാണ് ഇത് നിര്‍മ്മിക്കേണ്ടത് എന്ന്. ബി.ഉണ്ണികൃഷ്ണന് പറഞ്ഞ തെറ്റു തിരുത്തല്‍ എന്താണ് എന്ന് ഈ സിനിമ പറയും. അതിനുവേണ്ടി ഞാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നു.
ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും സിനിമ നിര്‍മ്മിക്കാന്‍ തയ്യാറല്ലായിരുന്നെങ്കില്‍?
ഈ സിനിമ നടക്കില്ലായിരുന്നു. സിനിമ ചെയ്യുന്ന സമയത്ത് സ്വാഭാവികമായും പല തരം ടെന്‍ഷനുകള്‍ ഉണ്ടാകുമല്ലോ. ആ സമയത്ത് പലരും എന്നോടു ചോദിച്ചു ‘ചേച്ചി എന്താ ഒട്ടും ടെന്‍ഷന്‍ ഇല്ലാതെ ഇരിക്കുന്നത്,’ എന്ന്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളം ഞാന്‍ അനുഭവിച്ച ടെന്‍ഷനും എന്റെ അലച്ചിലുകളും ഓര്‍ക്കുമ്പോള്‍ ഇതെനിക്കൊരു ടെന്‍ഷനേ അല്ല.
സിനിമ മുടങ്ങിപ്പോകും എന്നൊരു അവസ്ഥയില്‍, അല്ലെങ്കില്‍ ഉണ്ണികൃഷ്ണന് നിര്‍മാതാവായി എത്തിയ ഒരു ഘട്ടത്തില്‍ ഡബ്ല്യൂസിസി അംഗങ്ങളുമായി സംസാരിച്ചിരുന്നോ?
ഓരോരുത്തരും അവരവരുടെ പ്രോജക്ടുകളെ കുറിച്ചോ അതിനൊപ്പം നിൽക്കുന്നവരെ കുറിച്ചോ അവരവരുടെ വർക്കുമായി ബന്ധപ്പെട്ട വിഷമങ്ങളെയും പ്രതിസസന്ധികളെയും കുറിച്ചോ സംസാരിക്കുന്ന ഒരു കീഴ്വഴക്കം ഇതു വരെ ഞങ്ങളുടെ സംഘടനയിൽ ഇല്ല.അതാവശ്യമുണ്ട് എന്നു ഞാൻ കരുതുന്നുണ്ട്. പിന്നെ ഡബ്ല്യൂസിസി രൂപപ്പെട്ടിട്ട് അധികമായില്ല. സംഘടനാ രാഷ്ട്രീയത്തിന്റെ ബോധ്യങ്ങളിലേക്ക് അത് ഉണർന്നു വരുന്നതേയുള്ളൂ. സംവിധായകരായ മറ്റു സുഹൃത്തുക്കള്‍ ഇന്ദു, ശ്രീബാല കെ മേനോന്, സൗമ്യ തുടങ്ങിയവരൊക്കെ അടുത്ത സിനിമയിലേക്കെത്താന് ബുദ്ധിമുട്ടുന്നവരാണ്. അതിനൊരു കൈത്താങ്ങാകാന്‍ പലപ്പോഴും നമ്മുടെ സംഘടനയ്ക്ക് പറ്റുന്നില്ല. കാരണം അതിനു പറ്റുന്ന ഒരു അവസ്ഥയില്‍ അല്ല സംഘടന എന്നതാണ് സത്യം. സ്വാഭാവികമായും പുറത്തുള്ളവരെ നമുക്ക് ബന്ധപ്പെട്ടേ മതിയാകൂ. നമ്മള് സിനിമയെടുത്തുകൊണ്ടു തന്നെ വേണം ഇതിനകത്ത് ചില സമാന്തരങ്ങള്‍ സൃഷ്ടിക്കാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. പെണ്‍സിനിമകളുടെ പാരലലുകള്‍ ഉണ്ടാക്കാന്‍ നമ്മള് സിനിമയെടുത്തേ പറ്റൂ. നമ്മുടെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് പ്രധാനം.
ഇതുവഴി, പുറകേ വരുന്ന പെണ്‍കുട്ടികളോട് വിധു വിന്‍സെന്റ് എന്താണ് പറയുന്നത്?
ലോക ബാങ്കിന്റെ നയങ്ങളോട് കൃത്യമായ വിയോജിപ്പുണ്ട് സിപിഎമ്മിന്. പക്ഷെ ലോക ബാങ്കിന്റെ പണം വേണ്ടാ എന്ന് സിപിഎം പറഞ്ഞിട്ടില്ല. ആ പണം സ്വീകരിച്ചുകൊണ്ടാണ് ഇവിടുത്തെ പല വികസന പരിപാടികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പണം വളരെ പ്രധാനമാണ്. എന്റെ നിലപാട് എന്നു പറയുന്നത് നിലത്ത് ഉറച്ച് നില്ക്കാന് കൂടിയുള്ളതാണ്. നിലപാട് നിലപാടിന് വേണ്ടി മാത്രല്ല. അത് ജീവിക്കാനും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാനും അവരെ സഹായിക്കാന്‍ വേണ്ടിയിട്ടുള്ളതും കൂടിയാകണം.
രണ്ടോ മൂന്നോ സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ ഇനി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ എനിക്ക് സാധിക്കും. ഞാന്‍ അവരുടെ സിനിമ നിര്‍മ്മിക്കും. അത് ചെയ്യേണ്ടതുണ്ട്. കാരണം അതിന്റെ എല്ലാ മോശം വശങ്ങളില് കൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. അതിനാൽ ധൈര്യമായി നിങ്ങൾ മുന്നോട്ട് പോകണം, നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതെന്ത് വന്നാലും You Should Stand Up, Speak Up and Never Give Up.