മനോഹരമായ ഗാനങ്ങളിലൂടെ മലയാളി മനസ്സിലിടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.
ഇപ്പോഴിതാ ഇവരുടെ പുതിയൊരു യൂട്യൂബ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ കല്യാണ വിശേഷങ്ങൾ അതിന്റെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെ ഒരു കഥപോലെ അവതരിപ്പിക്കുകയാണ് വിധുവും ദീപ്തിയും യൂട്യൂബ് വീഡിയോയിലൂടെ. കല്യാണത്തിന്റെ തലേ ദിവസത്തെ പരിപാടി മുതൽ വിവാഹ റിസപ്‌ഷൻ വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ചെയ്തിരിക്കുന്നത്.
2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അവതരിപ്പിക്കുന്നത്. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം വീഡിയോയിൽ കാണാം. മലയാള സംഗീത ലോകത്തെ പ്രമുഖരും മലയാള സിനിമാ മേഖലയിൽ നിന്നുള്ളവരും വീഡിയോയിലുണ്ട്.
വിവാഹവാർഷിക ദിനത്തിൽ ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “ഞങ്ങൾ ടീനേജിലേക്ക് കടന്നു” എന്ന് കുറിച്ച് കൊണ്ടാണ് ഇരുവരും 13-ാമത് വിവാഹവാർഷികത്തിന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also read: ഉത്രാടദിന ചിത്രങ്ങളുമായി താരങ്ങൾ
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയമാക്കിയത്.