പാട്ടിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട കപ്പിളാണ്. നല്ല ഹ്യൂമർസെൻസുള്ള ഈ ദമ്പതികളുടെ യൂട്യൂബ്- ടിക്ടോക് വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇപ്പോഴിതാ, ലോക്ക്ഡൗൺ ബോറടി അകറ്റാൻ ഒരു രസകരമായ ചോദ്യോത്തര വേളയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ദൂരദർശനിലെ പ്രതികരണം പരിപാടിയുടെ രൂപത്തിലാണ് വീഡിയോയുടെ അവതരണം. ഇതിനകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. രമേഷ് പിഷാരടി അടക്കമുള്ള താരങ്ങൾ ഇരുവരെയും അനുമോദിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. “ഒരുപാട് ചിരിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളത് ഒരു ഭാഗ്യമാണ്,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പിഷാരടി കുറിക്കുന്നത്.
ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു രണ്ടുപേരും. ഇവര്‍ക്ക് കുട്ടികളില്ലെ എന്നായിരുന്നു ഒരാളുടെ ചോദ്യം. “തല്‍ക്കാലത്തേക്ക് ഇല്ല. പക്ഷേ അതിൽ വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ. അതോർത്ത് നിങ്ങളും വിഷമിക്കരുത്,” എന്നായിരുന്നു ദീപ്തിയുടെയും വിധുവിന്റെയും മറുപടി.
ലോക്ക്ഡൗണ്‍ കാലം വളരെ ക്രിയാത്മകമായി ചെലവഴിക്കുകയാണ് വിധുവും ദീപ്തിയും. ഇരുവരുടെയും യൂട്യൂബ് വീഡിയോകൾ മുൻപും വൈറലായിട്ടുണ്ട്.
Read more: എങ്ങനെയുണ്ട് എന്റെ ‘ഗമഗം’ എന്ന് വിധു പ്രതാപ്; സലീം കുമാർ തോറ്റുപോകുമെന്ന് ആരാധകർ