ദീർഘകാലമായി തുടരുന്ന സൗഹൃദമാണ് ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ളത്. ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ ആ സൗഹൃദം മുമ്പത്തേക്കാൾ ശക്തമായി ഉയരുകയും ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മയക്കുമരുന്ന് റെയ്ഡിനെത്തുടർന്ന് ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ രാത്രിയിൽ സൽമാൻ ഖാൻ ഷാരൂഖിനെ സന്ദർശിച്ചിരുന്നു. ഷാരൂഖിന്റെ പ്രയാസകരമായ സമയത്ത് അദ്ദേഹത്തെ സന്ദർശിച്ച ആദ്യ സുഹൃത്തുക്കളിൽ ഒരാളാണ് സൽമാൻ. പിന്നീട് സൽമാന്റെ സഹോദരി അൽവിര അഗ്നിഹോത്രിയും എസ്ആർകെയുടെ വീടായ മന്നത്ത് സന്ദർശിച്ചു.
എന്നാൽ ഈ സന്ദർശനത്തിൽ ആരാധകർക്ക് അതിശയിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം വർഷങ്ങൾക്ക് മുമ്പ് തന്നെ ഷാരൂഖ് പറഞ്ഞത് തന്റെ നല്ലതും മോശവുമായ അവസ്ഥയിലെല്ലാം തനിക്കൊപ്പമുള്ളത് സൽമാൻ ഖാൻ ആണ് എന്നാണ്.
മുൻപ് സൽമാൻ ഖാൻ ഹോസ്റ്റ് ആയിരുന്ന ഗെയിം ഷോയായ ദസ് കാ ദമിന്റെ സെറ്റിൽ നിന്നുള്ള ഒരു പഴയ വീഡിയോയ ഇപ്പോൾ വൈറലായിട്ടുണ്ട്. ഈ വീഡിയോയിൽ സൽമാനെക്കുറിച്ച് ഷാരൂഖ് സംസാരിക്കുന്നു. തന്നോടും കുടുംബത്തോടുമുള്ള സൽമാന്റെ വാത്സല്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഷാരൂഖ് വികാരാധീനനാകുന്നത് വീഡിയോയിൽ കാണാം.
ഷാരൂഖ് ഖാനും റാണി മുഖർജിയും ഈ ഗെയിം ഷോയിൽ പങ്കെടുക്കുമ്പോഴുള്ള വീഡിയോ ആണിത്. തന്റെ പ്രയാസകരമായ സമയങ്ങളിൽ പോകാനായി ആരെങ്കിലും ഉണ്ടോ എന്ന് സൽമാൻ ചോദിച്ചപ്പോൾ, ഷാരൂഖ് പറഞ്ഞത് സൽമാനെക്കുറിച്ചാണ്. “സൽമാൻ, എനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ … അതിലുപരി എന്റെ കുടുംബം പ്രശ്നത്തിലാണെങ്കിൽ, നിങ്ങൾ പിന്തുണ നൽകും,” എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധിച്ച സൽമാൻ ഷാരൂഖിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
Also Read: സ്ത്രീകൾ മാത്രമാണല്ലോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്?; സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സാമന്ത
കഴിഞ്ഞയാഴ്ച ആര്യൻ ഖാൻ അറസ്റ്റിലായതുമുതൽ, ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും അവരുടെ കുടുംബവും ഓൺലൈനിൽ സൈബർ ആക്രമണം നേരിടുന്നുണ്ട്. ബോളിവുഡിൽ നിന്നുള്ള ഷാരൂഖിന്റെ സുഹൃത്തുക്കൾ ദമ്പതികളെ അവരുടെ വീട്ടിൽ സന്ദർശിക്കുക മാത്രമല്ല, ഐക്യദാർഢ്യ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.