ഐശ്വര്യ റായ്യുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന്റെ പുതിയൊരു വീഡിയോ വൈറലാവുന്നു. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആരാധ്യ അവതരിപ്പിച്ച പരിപാടിയിൽനിന്നുള്ളതാണ് വീഡിയോ. സാരേ ജഹാം സേ അച്ഛാ, വന്ദേമാതരം എന്നീ പാട്ടുകൾക്കാണ് 10 വയസ്സുകാരിയായ ആരാധ്യ പെർഫോം ചെയ്തത്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. വീഡിയോയിൽ വൈറ്റ് സൽവാറും ഓറഞ്ച് ദുപ്പട്ടയും ധരിച്ച് പെർഫോം ചെയ്യുന്ന ആരാധ്യയെയാണ് കാണാനാവുക. ബാക്ഗ്രൗണ്ടിൽ ഇന്ത്യയുടെ ദേശീയ പതാകയും കാണാം.
വീഡിയോ വൈറലായതോടെ പതിവുപോലെ നിരവധി ഐശ്വര്യ റായ് ആരാധകരാണ് മകൾക്കും സ്നേഹം അറിയിച്ചെത്തിയത്. മനോഹരിയായ അമ്മയെ പോലെയാണ് ആരാധ്യയും എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാവിയുടെ വരദാനമെന്നായിരുന്നു മറ്റൊരു കമന്റ്.
2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 ലാണ് ഇരുവർക്കും ആരാധ്യ ജനിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും നല്ല താരദമ്പതികൾ മാത്രമല്ല മികച്ച മാതാപിതാക്കൾ കൂടിയാണ്. തന്റെ ഭാര്യയും മകളും തന്റെ പ്രകടനത്തിന് വലിയ സംഭാവനകൾ നൽകിയതെങ്ങനെയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് പറഞ്ഞിരുന്നു.
“വിവാഹത്തിന് ശേഷം ഞാൻ ഒരു നടനെന്ന നിലയിൽ ആയിരിക്കുന്ന പലതും ഐശ്വര്യ കാരണമാണ്,” ആർജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ അഭിഷേക് ബച്ചൻ സമ്മതിച്ചു. ‘’നിങ്ങൾ അഭിനയിക്കൂ, ആരാധ്യയുടെ കാര്യം ഞാൻ നോക്കാം. അതുകൊണ്ട് ഞാൻ പുറത്തുപോകുന്നു, സ്വതന്ത്രമായി അഭിനയിക്കുന്നു,” അഭിഷേക് പറഞ്ഞു. താൻ സിനിമാ ചിത്രീകരണത്തിൽ ആയിരിക്കുമ്പോൾ ആരാധ്യയെ നോക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുത്തതിന് ഐശ്വര്യയ്ക്ക് താരം നന്ദി പറഞ്ഞു.