എം സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തിൽ 1977ൽ റിലീസിനെത്തിയ കുട്ടികളുടെ ചിത്രമാണ് വിടരുന്ന മൊട്ടുകൾ. ആ വർഷം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ചിത്രം നേടിയിരുന്നു.
മധു, കവിയൂർ പൊന്നമ്മ, രാഘവൻ, മല്ലിക സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ബാലതാരങ്ങളുടെ വലിയൊരു നിര തന്നെ അണി നിരന്നിരുന്നു. ചിത്രത്തെ സംബന്ധിച്ച് രസകരമായ മറ്റൊരു വസ്തുതയെന്തെന്നാൽ, ഇതിലെ ബാലതാരങ്ങളിൽ പലരും ഇന്ന് മലയാളത്തിലെ ശ്രദ്ധേയ നടീനടന്മാരാണ് എന്നതാണ്.
വിടരുന്ന മൊട്ടുകളുടെ സ്റ്റാർ കാസ്റ്റ് എടുത്തു നോക്കുമ്പോൾ കാണുന്ന മാസ്റ്റർ കൈലാസ് നാഥ്, മാസ്റ്റർ സായ് കുമാർ, ബേബി അംബിക, മാസ്റ്റർ രാജീവ് രംഗൻ എന്നീ പേരുകളൊക്കെ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതമാണ്. മലയാളസിനിമയിലും സീരിയൽ രംഗത്തുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് ഈ പേരുകൾ ഇന്ന്.
വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ നിന്നുള്ള പഴയ ഓർമ പങ്കുവയ്ക്കുകയാണ് നടൻ രാജീവ് രംഗൻ. ചിത്രത്തിൽ രാജീവിനൊപ്പം സായ് കുമാർ, അംബിക, കൈലാസ് നാഥ് എന്നിവരുടെ കുട്ടിക്കാലചിത്രങ്ങളും കാണാം. “വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലെ ബാല താരങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് രാജീവ് രംഗൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തെ കുറിച്ചുള്ള മറ്റൊരു കൗതുകം, ഈ ചിത്രത്തിൽ താരസഹോദരിമാരായ കൽപ്പന, ഉർവശി എന്നിവരും മുഖം കാണിക്കുന്നുണ്ട് എന്നതാണ്.
സിനിമകളിലൂടെ തുടക്കം കുറിച്ച് പിന്നീട് സീരിയൽ രംഗത്തും സംവിധാനരംഗത്തുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച നടനാണ് രാജീവ് രംഗൻ. ബാലനടനായി അഭിനയജീവിതം ആരംഭിച്ച രാജീവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘വിടരുന്ന മൊട്ടുകൾ’. പിന്നീട് ഹൃദയത്തിന്റെ നിറങ്ങൾ, നായാട്ട് തുടങ്ങിയ സിനിമകളിലും ബാലതാരമായി രാജീവ് വേഷമിട്ടു.
തിരുവനന്തപുരം സ്വദേശിയാണ് രാജീവ്. ബാലതാരമായി എത്തിയ രാജീവ് ഒരു ഇടവേളയ്ക്കുശേഷം 1989ൽ മമ്മൂട്ടി നായകനായ ‘ചരിത്രം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. അതിനുശേഷം ഹിസ് ഹൈനസ്സ് അബ്ദുള്ള, അർത്ഥന, സ്ത്രീധനം തുടങ്ങി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകളിലേക്കാൾ കൂടുതൽ രാജീവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ടെലിവിഷൻ സീരിയലുകളാണ്. നിരവധി സീരിയലുകളിലും രാജീവ് വേഷമിട്ടു. അഹം, ദശരഥം എന്നിവയുൾപ്പെടെ അഞ്ച് സിനിമകളുടെ സഹസംവിധാനവും രാജീവ് നിർവ്വഹിച്ചിട്ടുണ്ട്. 2014ൽ ‘മകൻ’ എന്ന ചിത്രത്തിലൂടെ രാജീവ് രംഗൻ സ്വതന്ത്ര സംവിധായകനായി മാറി. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. മികച്ചൊരു ഗായകൻ കൂടിയാണ് രാജീവ് രംഗൻ.