ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 59 വയസായിരുന്നു.
പുലർച്ചെ 4.35നായിരുന്നു മരണമെന്ന് വടപളനിയിലെ സിംസ് ആശുപത്രി അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വൈകുന്നേരം അഞ്ച് മണിക്ക് വിരുമ്പാക്കത്ത് മരണാനന്തര ചടങ്ങുകൾ നടക്കും. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചു.
വെള്ളിയാഴ്ചയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകീട്ടോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
എന്നാൽ വിവേകിന് ഹൃദയാഘാതം വന്നതിന് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. വിവേകിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചെന്നൈയിലെ സിംസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ഭയം നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവേക് വ്യാഴാഴ്ച വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനുപകരം, ജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ ആശുപത്രിയിൽ പോയി വാക്സിനേഷൻ എടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.
ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി അദ്ദേഹം മാറി. സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടൻ എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ ശങ്കറിന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലും അദ്ദേഹമുണ്ട്