പ്രമുഖ ബോളിവുഡ് താരം ഖാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

ഇന്നലെ അദ്ദേഹം മരിച്ചെന്ന വാര്‍ത്ത മകന്‍ സര്‍ഫറാസ് നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ന് സര്‍ഫറാസ് തന്നെ പിതാവ് മരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ‘ഇന്ന് പുലര്‍ച്ചെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഖമില്ലാതിരുന്ന അദ്ദേഹം ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. എല്ലാവരേയും സ്നേഹിച്ചിരുന്ന നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം,’ സര്‍ഫറാസ് പറഞ്ഞു.
അമിതാഭ് ബച്ചന്‍ അടക്കമുളളവര്‍ ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഖാദര്‍ ഖാനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സര്‍ഫറാസും മരുമകളും ആശുപത്രിയില്‍ ഉണ്ട്. ഖാദര്‍ ഖാന് ഒപ്പമുളള പഴയ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ബച്ചന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചത്.

ഇരുവരും നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. ദോ ഓര്‍ ദോ പാഞ്ച്, മുഖദ്ദര്‍ കാ സിഖന്ദര്‍, മി. നട്വര്‍ലാല്‍, സുഹാഗ്, കൂലി എന്നീ ചിത്രങ്ങള്‍ അതില്‍ ശ്രദ്ധേയമാണ്. അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദര്‍ കാ സിഖന്ദര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് ഖാദര്‍ ഖാന്‍. 300ല്‍ അധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. 1973ല്‍ ദാഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. 70കളിലും 80കളിലും ബോളിവുഡ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥകളും എഴുതി. സിനിമയില്‍ എത്തും മുമ്പ് മുംബൈയിലെ എൻജിനീയറിങ് കോളേജിലെ പ്രൊഫസറായിരുന്നു.

ചികിത്സയ്ക്കാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം കാനഡയിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂത്ത മകന്‍ അവിടെ താമസിക്കുന്നത് കൊണ്ടാണ് അദ്ദേഹം എത്തിയതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. 2015ല്‍ കാല്‍മുട്ടിന് പരുക്കേറ്റതിന് ശേഷം വീൽചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ