ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഗീത. വിരലിലെണ്ണാവുന്ന വേഷങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും എന്നും ഓര്‍ത്തുവയ്ക്കാവുന്ന ഒരു പിടി വേഷങ്ങളാണ് മലയാളിയല്ലാത്ത ഗീത മലയാള സിനിമയിൽ അവതരിപ്പിച്ചത്. തന്റേടിയും ദു:ഖപുത്രിയുമായെല്ലാം തിളങ്ങിനിന്ന ഗീതയ്ക്ക് മലയാളത്തെക്കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. ഇത്തരത്തിൽ ഒരു ഓർമ വെളിപ്പെടുത്തുകയാണിപ്പോൾ താരം. ‘സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈൽ’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗീതയുടെ വെളിപ്പെടുത്തൽ.

എം.ടി-ഭരതന്‍ ടീമിന്റെ ‘വൈശാലി’യുടെ സെറ്റില്‍ വെച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടം ഗീത ഓര്‍ക്കുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബോട്ട് മുങ്ങി വെള്ളത്തിൽ വീണ് ഞാന്‍ മരിച്ചു എന്ന വാര്‍ത്ത പെട്ടന്നു തന്നെ പരന്നു. സിനിമാക്കാരില്‍ ഒരാള്‍ക്ക് ആപത്ത് വന്നു എന്നു കേള്‍ക്കുമ്പോള്‍ കൂട്ടത്തോടെ എത്തുന്ന ഒരു കരുതല്‍ അന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചു-ഗീത പറയുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും സിനിമയിലുള്ളവരുമെല്ലാം ഭയപ്പെട്ട് ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് അന്ന് വിളിച്ചതെന്നും ഗീത ഓർമിക്കുന്നു.

ഇഷ്ടപ്പെട്ട വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് മലയാളത്തിലേയ്ക്ക് മടങ്ങിവരാത്തതെന്ന് അഭിമുഖത്തില്‍ ഗീത പറയുന്നു. കഥാപാത്രങ്ങളുടെ കരുത്ത് കൊണ്ട് നായികമാര്‍ ശക്തമായി നിന്നിരുന്ന കാലത്താണ് ഞാന്‍ ഉള്‍പ്പെടെ വലിയൊരു കൂട്ടം നടിമാര്‍ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. പുതിയ കാലത്ത് നായികമാര്‍ ഏറെ വരുന്നുണ്ടെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്യുന്നുവെന്നും ഗീത അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ ശക്തമായ സൗഹൃദങ്ങള്‍ കുറവാണെന്നും ഗീത പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അവരുമായി കൂടുതല്‍ സംസാരമുണ്ടായിരുന്നില്ല. കൃത്യസമയത്തെത്തി ജോലി ചെയ്തു പോവുക എന്നതായിരുന്നു നായകന്മാരുടെ രീതി-ഗീത പറഞ്ഞു.

1978ൽ ആണ് ഗീത സിനിമയിൽ അരങ്ങേറുന്നത്. തമിഴ് ചിത്രമായ ഭൈരവി ആയിരുന്നു ആദ്യ ചിത്രം. സൂപ്പർസ്റ്റാർ രജനി കാന്തിന്റെ സഹോദരി ആയിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഗീത പതുക്കെ മലയാളത്തിലേക്ക് ചുവട് മാറ്റി. അർത്ഥവത്തായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഉറച്ചു നിൽക്കാൻ ഗീതക്ക് കഴിഞ്ഞു. സംവിധായകൻ കെ. ബാലചന്ദർ ആയിരുന്നു ഗീതയുടെ മലയാളത്തിലെ ഗുരു. പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആവനാഴി എന്നിവയൊക്കെ ഗീതയുടെ ശ്രദ്ധേയമായ മലയാള സിനിമകളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ