മറാത്തി നടൻ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ ദീനാനന്ത് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. നവംബർ 5 ാം തീയതി മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന താരം മരിച്ചെന്ന രീതിയിലുളള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മകൾ നേഹ ഗോഖലെയാണ് മരണവാർത്ത മാധ്യമങ്ങളെ അറിയിച്ചത്. അനവധി രോഗങ്ങളുമായി പൊരുതിയിരുന്ന വിക്രം ഗോഖലെ ഇന്ന് ഉച്ചയോടെയാണ് മരണത്തോട് കീഴടങ്ങിയത്. ദിവസങ്ങളായി ആരോഗ്യനിലയിൽ പുരോഗതിയൊന്നും ഇല്ലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി ഇന്നലെ രാത്രിയോടെ ഗുരുതരമാവുകയായിരുന്നു.
മറാത്തി വേദികളിൽ നിന്ന് തന്റെ അഭിനയ യാത്ര ആരംഭിച്ച വിക്രം ഗോഖലെ, ഐശ്വര്യ റായിയുടെ പിതാവായി അഭിനയിച്ച ‘ഹം ദിൽ ദേ ചുകേ സനം’ ഉൾപ്പെടെ നിരവധി മറാത്തി, ഹിന്ദി സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘അഗ്നിപഥ്’ (1990), ‘ഖുദാ ഗവ’, ‘ഇൻസാഫ്’, ‘സലിം ലാംഗ്ഡെ പേ മാറ്റ് റോ’, ‘ഭൂൽ ഭുലയ്യ’, ‘മിഷൻ മംഗൾ’, ‘അയാരി’ തുടങ്ങിയ ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ‘നടസാമ്രാട്ട്’, ‘ലപാണ്ഡവ്’, ‘കാലാട്ട് നകലത്ത്’, ‘വസീർ’, ‘ബാല ഗൗ കാശി അംഗർ’, ‘അനുമതി’, ‘മുക്ത’, ‘മി ശിവാജി പാർക്ക്’, ‘എബി ആനി സിഡി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറാത്തി ചിത്രങ്ങൾ.’ആഘാത്’ എന്ന ചിത്രത്തിലൂടെയാണ് ഗോഖലെ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
മറാത്തി ചിത്രമായ ‘അനുമതി’യിലെ പ്രകടത്തിന് 60-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ഗോഖലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നവംബർ ആദ്യവാരം പുറത്തിറങ്ങിയ ‘ഗോധാവരി’ എന്ന മറാത്തി ചിത്രത്തിലാണ് വിക്രം ഗോഖലെ അവസാനമായി അഭിനയിച്ചത്.ഭാര്യ വൃശാലി ഗോഖലെയ്ക്കും രണ്ട് പെൺകുട്ടികൾക്കുമൊപ്പമാണ് ഗോഖലെ താമസിച്ചിരുന്നത്.