ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു ബിഗ് ബജറ്റ് പ്രോജക്ടിന്റെ പ്രഖ്യാപനം നടന്നത്. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ‘മാമാങ്കം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് ഒരുക്കുന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി വിമൽ അനൗൺസ് ചെയ്ത ‘കർണൻ’ സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ ‘മാമാങ്ക’ത്തിന്റെ വിശേഷങ്ങളും എന്തുകൊണ്ട് ‘കർണനി’ൽ നിന്ന് പിന്മാറിയെന്നും വേണു കുന്നപ്പിള്ളി പ്രേക്ഷകരുമായി സംസാരിച്ചു.

‘കര്‍ണൻ അനൗൺസ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായായിരുന്നു. സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പ്രോജക്ടിൽ നിന്നും പിന്തിരിയേണ്ടിവന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്. കർണൻ സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാർത്ത വന്നു. അതൊക്കെ തെറ്റാണ്. അറുപതുകോടി അല്ലെങ്കില്‍ എഴുപത് ഈ ബജറ്റിലാണ് കർണൻ പ്രഖ്യാപിച്ചത്. മറ്റു ഫിഗറുകൾ എങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല. ഇതാണ് ഇതിന്റെ വാസ്തവം.’ വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നെന്നും എന്നാൽ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്നങ്ങളുണ്ടായെന്നും വേണു പറഞ്ഞു. ഇതു വീണ്ടും തുടർന്നാല്‍ കൂടുതല്‍ പൈസ ചിലവാകുമെന്ന് തോന്നി. അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നതെന്നാണ് വേണു തുറന്നു പറയുന്നത്.

എന്നാൽ കർണനിലെ അനുഭവങ്ങൾ മാമാങ്കത്തിൽ ഗുണം ചെയ്തെന്നും വേണു അഭിപ്രായപ്പെടുന്നു. ‘ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നതിനാൽ മാമാങ്കത്തിൽ കാര്യങ്ങൾ എളുപ്പമായി. പല കാര്യങ്ങളിലും മുന്നോട്ട് പോയി കഴിഞ്ഞു. ആറേഴുമാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. ടെക്നീഷ്യൻസിന്റെ കരാർ ഒപ്പിട്ട് കഴിഞ്ഞു. അഡ്വാൻസ് നൽകി. കളരി ചെയ്യുന്ന ചില ആളുകളെ ഒഡീഷൻ ചെയ്തു. കാരക്ടർ ഡിസൈന്‍, ലൊക്കേഷൻ തീരുമാനിച്ചു. ഈ പ്രോ‍ജട്കിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട.’ വേണു കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏകദേശം പത്തുവർഷത്തിന് മുമ്പേ തന്നെ മാമാങ്കത്തിന്റെ കഥ സംവിധായകനായ സജീവ് പിളള ചിട്ടപ്പെടുത്തിയിരുന്നുവെന്നും വേണു പറയുന്നു. ‘മാമാങ്കം നടന്നസഥലത്ത് പോയി താമസിക്കുകയും ഇതിന് വേണ്ടി വലിയ രീതിയിൽ ഗവേഷണം നടത്തുകയും ചെയ്തിരുന്നു. 2010ൽ തിരക്കഥ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സിനിമയുടെ മുഴുവൻ തിരക്കഥയുമായാണ് സജീവ് എന്റെ മുന്നിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മസമർപ്പണം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചത്.’

‘സജീവ് ഈ സിനിമയുടെ കഥ പറയുമ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖം തന്നെയാണ് മനസ്സിൽ തെളിഞ്ഞുവന്നത്. മറ്റൊരാളുടെയും മുഖം വന്നിട്ടില്ല. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചെങ്കിൽ മാത്രമേ ഈ ചിത്രം മുന്നോട്ട് പോകൂ എന്നു ഞാനും ചിന്തിച്ചു’

ഹോങ്‌കോങ്, ഹോളിവുഡ് എന്നിവിടങ്ങളിൽ നിന്നായിരിക്കും സിനിമയുടെ അണിയറപ്രവർത്തകർ. ഛായാഗ്രാഹകൻ ഇന്ത്യയില്‍ നിന്നുതന്നെയാണ്. അവർ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും നിർമാതാവ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook