മുന്നറിയിപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച വേണു വ്യത്യസ്‌തമായൊരു ചിത്രവുമായെത്തുന്നു. കാർബൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മംമ്ത മോഹൻദാസുമാണ് പ്രധാന വേഷങ്ങളിൽ.

വേണുവും ഫഹദും ഒരു ചിത്രത്തിൽ ഒരുമിക്കുന്നെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു, എന്നാൽ ചിത്രത്തിന്റെ പേര് തീരുമാനിച്ചിരുന്നില്ല. ഓഗസ്‌റ്റിൽ കാർബണിന്റെ ചിത്രീകരണം തുടങ്ങും.

ഛായാഗ്രഹകനായി സിനിമാരംഗത്തെത്തിയ വ്യക്തിയാണ് വേണു. വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് കാർബൺ. മഞ്‌ജു വാര്യരെ നായികയാക്കി 1998ൽ ഒരുക്കിയ ദയയാണ് ആദ്യ സംവിധാന സംരംഭം. ഈ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പാണ് (2014) രണ്ടാമത് സംവിധാനം ചെയ്‌ത ചിത്രം.

ഫഹദ് ഫാസിലും മംമ്തയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടേക്ക് ഓഫാണ് ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റോൾ മോഡൽസ്, ആണെങ്കിലും അല്ലെങ്കിലും തുടങ്ങിയ ഫഹദ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. പൃഥ്വിരാജ് നായകനായ ഡിട്രോയ്‌റ്റ് ക്രോസിങ്ങാണ് മംമ്തയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

പൊയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുമ്പുറവും മനു കുഞ്ഞച്ചനുമാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ