കഴിഞ്ഞ ദിവസമാണ് നടി മഞ്ജു വാര്യർ ഇരുചക്ര വാഹനത്തിന്റെ ലൈസൻസെടുത്തത്. കാക്കനാട് ആർടി ഓഫീസിൽ നിന്നാണ് മഞ്ജു ടൂവീലർ ലൈസൻസ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനുള്ള ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് മഞ്ജു.
ലൈസൻസെടുത്തതിന് പിന്നാലെ രസകരമായ ഒരു കത്തും മഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. ചക്കരക്കുടം സ്വദേശി കെ പി സുനന്ദയാണ് താരത്തിന് അഭിനന്ദനം അറിയിച്ച് കത്തയച്ചിരിക്കുന്നത്. ലൈസൻസ് എടുത്തെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്കിതു വരെ അതിനു സാധിച്ചിട്ടില്ലെന്നും സുനന്ദ കത്തിൽ പറയുന്നു. തന്റെ ആശാനായ കെ പി സുരേഷിനെപ്പറ്റിയും സുനന്ദ കത്തിൽ പറയുന്നുണ്ട്. ബി എം ഡബ്യൂ ബൈക്ക് മേടിച്ച് യാത്രകൾ പോകണമെന്ന കാര്യം മഞ്ജു പറഞ്ഞിരുന്നു. അത് വാങ്ങുമ്പോൾ തങ്ങളുടെ പഞ്ചായത്തിൽ കൂടി പോകണമെന്ന ആവശ്യവും സുനന്ദയ്ക്കുണ്ട്.
ഇവിടുത്തെ തൊഴിലുറപ്പ് ചേച്ചിമാർ മഞ്ജുവിനൊപ്പം സെൽഫിയെടുക്കാൻ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. അയൽക്കൂട്ടത്തിന്റെ മീറ്റിങ്ങ് കാരണം കത്ത് വേഗം അവസാനിപ്പിക്കുകയും ചെയ്‌തു സുനന്ദ.
മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സുനന്ദയെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് വെട്ടിയാരാണ് ഈ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നടൻ സൗബിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.