/indian-express-malayalam/media/media_files/uploads/2020/02/vellanakalude-nadu.jpg)
ജീവിക്കാൻവേണ്ടി പലവിധ തത്രപ്പാടുകളുമായി നടക്കുന്ന കോൺട്രാക്റ്റർ സിപിയെയും അയാളുടെ മുൻകാമുകിയും പിന്നീട് ബദ്ധവൈരിയുമായി തീർന്ന മുൻസിപ്പൽ കമ്മീഷണർ രാധയേയും മലയാളികൾക്ക് അത്ര എളുപ്പം മറക്കാനാവില്ല. മോഹൻലാലിനെയും ശോഭനയേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'വെള്ളാനകളുടെ നാട്' എന്ന ചിത്രം മലയാളത്തിന്റെ എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ്.
'താമരശ്ശേരി ചുരം', 'മൊയ്തീനേ ആ ചെറിയ സ്പാനർ ഇങ്ങടുക്ക്', 'ഇപ്പ ശരിയാക്കി തരാം', 'ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ, എങ്കില്‍ എന്ത് രസാണ്ടേനും' എന്നിങ്ങനെ ചിത്രത്തിൽ കുതിരവട്ടം പപ്പു പറയുന്ന രസകരമായ സംഭാഷണശകലങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. 1988 ഡിസംബർ ഒമ്പതിനാണ് 'വെള്ളാനകളുടെ നാട്' പ്രദർശനത്തിനെത്തിയത്. 32 വർഷങ്ങൾക്ക് ഇപ്പുറവും മലയാളികൾ ഓർക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് 'വെള്ളാനകളുടെ നാട്'.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മോഹൻലാൽ, ശോഭന, സംവിധായകൻ പ്രിയദർശൻ, ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജു, ക്യാമറാമാൻ എസ് കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചെറിയൊരു കുസൃതി ഒപ്പിക്കുന്ന തിരക്കിലാണ് ശോഭന. പ്രിയദർശന്റെ തലയ്ക്കു പിറകിലായി വിരലുകൾ കൊമ്പുപോലെ പിടിച്ചിരിക്കുകയാണ് താരം.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. മോഹൻലാൽ, ശോഭന, ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ നല്ലൊരു പങ്ക് ഭാഗങ്ങളും ചിത്രീകരിച്ചത് കോഴിക്കോട് ആയിരുന്നു.
Read more: ലാലാ ലാലാ; ‘വന്ദന’ത്തിലെ ആ പ്രശസ്ത ഹമ്മിംഗിനു പിറകിലെ മധുരശബ്ദം
ചിത്രത്തിൽ റോഡ് റോളര്‍ ഉരുണ്ടു വന്ന് കഥാനായികയുടെ വീടിന്റെ മതില്‍ തകരുന്ന ഒരു സീനുണ്ട്. കോഴിക്കോട് വെസ്റ്റിഹിൽ ചുങ്കത്ത് ഗവൺമെന്റ് ഗസ്റ്റ്ഹൗസിന് അരികെയുള്ള ദ്വാരകയെന്ന വീട്ടിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.