Vellam Movie Release, Review & Rating: മലയാളികളുടെ ജീവിതത്തിൽ സിനിമയോ സിനിമാ സംഭാഷണങ്ങളോ സിനിമാ ഗാനങ്ങളോ ഇല്ലാത്ത ഒരു ദിനം അപൂർവ്വമായിരിക്കും. എന്നാൽ ലോകം ഇതുവരെ നേരിടാത്ത അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോയ കോവിഡ് കാലത്ത് തിയേറ്ററുകൾ അടച്ചു പൂട്ടിയതോടെ തിയേറ്റർ ആരവങ്ങളും സിനിമാകാഴ്ചകളുമെല്ലാം സിനിമാപ്രേമികളുടെ നഷ്ടസ്വപ്നങ്ങളായി മാറുകയായിരുന്നു. പത്തു മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായി തുടങ്ങുന്ന തിയേറ്ററിലേക്ക് നാളെ ആദ്യമായൊരു മലയാളചിത്രം റിലീസിന് എത്തുകയാണ്, ജയസൂര്യ നായകനാവുന്ന ‘വെള്ളം’.
നീണ്ട 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് ഒരു മലയാള സിനിമ റിലീസിനെത്തുമ്പോൾ പ്രതീക്ഷകൾക്ക് ഒപ്പം ആശങ്കയും സിനിമാപ്രവർത്തകർ നേരിടുന്നുണ്ട്. കോവിഡ് കാലത്ത് എങ്ങനെയാണ് സിനിമകൾ സ്വീകരിക്കപ്പെടുക, എത്രത്തോളം ആളുകൾ തിയേറ്ററുകളിലെത്തും തുടങ്ങിയ ആശങ്കകളും സിനിമാലോകം പങ്കുവയ്ക്കുന്നുണ്ട്.
ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
‘വെള്ള’ത്തിനു തൊട്ടു പിന്നാലെ തിയേറ്ററുകളിലെത്താനായി മുപ്പതോളം ചിത്രങ്ങളാണ് ഒരുങ്ങി നിൽക്കുന്നത്. വാങ്ക്, ലവ് എന്നിവയാണ് ജനുവരി മാസം അവസാന ആഴ്ചയിൽ തിയേറ്ററുകളിലെത്തുന്നത്. സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമാനങ്ങളും കൊണ്ടും കഥാലോകത്തും വായനക്കാർക്കിടയിലും ഏറെ പ്രശംസ നേടിയ എഴുത്തുകാരൻ ഉണ്ണി ആറിന്റെ ചെറുകഥ ‘വാങ്കി’നെ ചലച്ചിത്രാനുഭവമാക്കി തിയേറ്ററിൽ എത്തിക്കുന്നത് സംവിധായകന് വി.കെ.പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആണ്. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അന്നു തന്നെയാണ്, ‘അനുരാഗകരിക്കിന്‍ വെള്ളം’, ‘ഉണ്ട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ലവ്’ റിലീസിനെത്തുന്നതും. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോവിഡ് ലോക്ക്ഡൗണിനു ശേഷം തിയേറ്ററിൽ എത്തുന്ന ആദ്യ സൂപ്പർസ്റ്റാർ ചിത്രം മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആണ്. ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ റിലീസ്. തൊട്ടുപിന്നാലെ, മോഹൻകുമാർ ഫാൻസ്, സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം, മരട് 357, വർത്തമാനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ വേറെയുമുണ്ട്.