മലയാള സിനിമാ താരങ്ങളുടെ വാഹന പ്രേമം പേരുകേട്ടതാണ്. പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും വരാറുണ്ട്. ഇങ്ങനെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മാത്രമൊതുങ്ങുന്നതല്ല സിനിമാക്കാരുടെ വാഹന പ്രേമം. പല സിനിമകള്‍ക്കു പേരിട്ടും വാഹനങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കിയും പലപ്പോഴും അവര്‍ സ്നേഹം പ്രകടിപ്പിക്കാറുണ്ട്.

മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഓട്ടോക്കാരായി എത്തിയിട്ടുണ്ടെങ്കിലും ‘ഓട്ടോ’ എന്ന പേരുമായി വെള്ളിത്തിരയില്‍ സവാരിക്കിറങ്ങിയത് രണ്ടു ചിത്രങ്ങളാണ്. ഏയ് ഓട്ടോയും ഓട്ടോ ബ്രദേഴ്സും. 1990 ല്‍ വേണുനാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോ മെഗാഹിറ്റായിരുന്നു. മോഹന്‍ലാല്‍, രേഖ, ശ്രീനിവാസന്‍, മുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കോഴിക്കോട്ടെ ഓട്ടോക്കാരുടെ സൗഹൃദവും പ്രണയവുമാണ് വെള്ളിത്തിരയിലെത്തിച്ചത്. ഒരു കൂട്ടം ഓട്ടോക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് ഓട്ടോ ബ്രദേഴ്സ്. 1999 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാന പ്രമേയം ഹാസ്യമായിരുന്നു. നിസാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗദീഷ്, അശോകന്‍, കൊച്ചിന്‍ ഹനീഫ, ബൈജു, സൈനുദ്ദീന്‍ തുടങ്ങി താരങ്ങളുടെ വന്‍നിരയുണ്ടായിരുന്നു.

aey-auto

ഏതാണ്ട് എഴുപതുകള്‍ തൊട്ട് കാര്‍ പ്രമേയമായ സിനിമകള്‍ മലയാളത്തില്‍ വന്നു തുടങ്ങിയിരുന്നു. പി.വേണു സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ടാക്സി കാറാണ് (1972) ഇതില്‍ ആദ്യത്തേത്. നസീര്‍, സാധന, വിജയശ്രീ, വിന്‍സെന്റ് എന്നിവരായിരുന്നു ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ടാക്‌സി ഡ്രൈവര്‍ (1977) , ജയന്‍ കേന്ദ്രകഥാപാത്രമായെത്തിയ ബെന്‍സ് വാസു (1980) എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
malayalam, movie, she taxi

കാര്‍ നമ്പര്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച രാജസേനന്‍ ചിത്രമാണ് ദി കാര്‍ (1997). ജയറാം, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, ശ്രീലക്ഷ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015 ല്‍ സജി സുരേന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഷീ ടാക്സി ചിത്രത്തിന്റെ പേരിനു മാത്രമാണ് കാറുമായി സാമ്യമുള്ളത്. തട്ടിക്കൂട്ടു തമാശകളുമായി പുറത്തിറങ്ങിയ ചിത്രം വിജയം നേടാതെ തിയറ്ററുകള്‍ വിടുകയും ചെയ്തു. ഒരു ടാക്സി ഡ്രൈവറെ ചുറ്റിപ്പറ്റിയുള്ള കഥ പറഞ്ഞ ഫാസില്‍ ബഷീര്‍ ചിത്രമാണ് മുംബൈ ടാക്സി (2015). പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
malayalam, movie, school bus

ബസും മലയാള സിനിമാക്കാരുടെ ഇഷ്ട വാഹനമാണ്. കണ്ണൂര്‍ ഡീലക്സ് (1969), ലൈന്‍ ബസ് (1971), വാമനപുരം ബസ് റൂട്ട് (2004), ബസ് കണ്ടക്ടര്‍ (2005), സ്‌കൂള്‍ ബസ് (2016) എന്നിവയാണ് പേരിനൊപ്പം ബസ്സും കൂടി കൂട്ടിച്ചേര്‍ത്ത മലയാള സിനിമകള്‍. പ്രേം നസീറിനെ നായകനാക്കി എ.ബി. രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ ഡീലക്സ്. ഒരു ബസ് യാത്രയാണ് സിനിമയുടെ ഇതിവൃത്തം. യാത്രയ്ക്കിടയില്‍ ബസില്‍ നടക്കുന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സിനിമ പുരോഗമിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വി.എം. വിനു സംവിധാനം ചെയ്ത ചിത്രമാണ് ബസ് കണ്ടക്ടര്‍. ചിത്രത്തിന്റെ ആദ്യപകുതിയില്‍ ബസ് നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ അപ്രത്യക്ഷമാകുന്നു.

പേരിലില്ലെങ്കിലും ബസ് കേന്ദ്ര കഥാപാത്രമായി വരവേല്‍പ്പ് (1989), ഓര്‍ഡിനറി (2012), ഈ പറക്കും തളിക (2001), തെക്കേക്കര സൂപ്പര്‍ഫാസ്റ്റ് (2004) എന്നീ ചിത്രങ്ങളും മലയാളത്തിലിറങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ