എട്ടു കഥകൾ പറയുന്ന എട്ടു സിനിമകളുമായി ‘വട്ടമേശ സമ്മേളനം’ റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിലേക്കു എത്തുന്ന വ്യത്യസ്ത സ്വഭാവമുള്ള പ്രേക്ഷകന് അല്ലെങ്കിൽ കുടുംബത്തിന് ഏതെങ്കിലും തരത്തിൽ ഇഷ്ടപ്പെടുന്ന എട്ടു തിരക്കഥകൾ കോർത്തിണക്കിയാണ് ‘വട്ടമേശസമ്മേളനം’ ഒരുക്കിയിട്ടുളളത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധായകർ വിപിൻ ആറ്റ്‌ലി, സാഗർ വി.എ, വിജീഷ് എ.സി, സൂരജ് തോമസ്, ആന്റോ ദേവസ്യ, അനിൽ ഗോപിനാഥ്, അജു കിഴുമല, നൗഫാസ് നൗഷാദ് എന്നിവർ ആണ്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററും സംവിധായകരായ ജിബു ജേക്കബും അനൂപ് കണ്ണനും ചേർന്ന് റിലീസ് ചെയ്തു. ഹോംലിമീൽസ്‌ എന്ന സിനിമയിലെ നായകനും, ബെൻ എന്ന സിനിമയുടെ സംവിധായകനും ആയ വിപിൻ ആറ്റ്‌ലി ഇതിലെ മൂന്നു ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

വട്ടമേശ സമ്മേളനത്തിലെ ആദ്യ ചിത്രം ‘ദൈവം നമ്മോടു കൂടെ’യാണ്. സാഗർ വി.എ ആണ് ഇതിന്റെ സംവിധായകൻ. വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത ‘പ്ർർ’, അജു കിഴുമല സംവിധാനം ചെയ്ത ‘കുട്ടായി ആരായി’, അനിൽ ഗോപിനാഥിന്റെ ‘ടൈം’, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത ‘മാനിയാക്’, ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവേൽ എന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയ വിജേഷ് സംവിധായകനായ ‘സൂപ്പർ ഹീറോ’, ആന്റോ ദേവസ്യ സംവിധാനം ചെയ്ത ‘മേരി’, റിലീസിങ്ങിന് ഒരുങ്ങുന്ന മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ സൂരജ് തോമസിന്റെ ‘അപ്പു’ എന്നീ എട്ടു സിനിമകൾ ഒത്തുകൂടിയതാണ് വട്ടമേശ സമ്മേളനം.

സാജു നവോദയ (പാഷാണം ഷാജി), അഞ്ജലി നായർ, കെ.ടി.എസ്.പടന്നയിൽ, മോസസ് തോമസ് (സൺ‌ഡേ ഹോളിഡേ വില്ലൻവേഷം) മെറീന മൈക്കിൾ, ഡൊമിനിക് തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു. എംസിസി സിനിമ കമ്പനിയുടെ ബാനറിൽ അമരേന്ദ്രൻ ബൈജു ആണ് വട്ടമേശസമ്മേളനം ഒരു സംവിധാന കൂട്ടായ്‌മ എന്ന ഈ ആശയത്തിന് രൂപം നൽകി ചിത്രം നിർമിച്ചിരിക്കുന്നത്. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook