ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വൈര്യജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ടെത്തിയ മഹാമാരിയാണ് കൊറോണ. സാമൂഹികജീവിതത്തിൽ നിന്നും ആഘോഷങ്ങളിൽ നിന്നുമകന്ന് വൈറസ് ബാധയെ തടയാൻ ഓരോരുത്തരും സ്വയം ഐസൊലേഷനിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. എല്ലാ ഇൻഡസ്ട്രികളെയുമെന്ന പോലെ സിനിമാലോകത്തെയും കൊറോണ പിടിച്ചുലച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചു, ഷൂട്ടിംഗുകൾ നിർത്തലാക്കി. താരങ്ങളെല്ലാം വീടുകളിലേക്ക് ഒതുങ്ങി കൊറോണ പ്രതിരോധത്തിന്റെ ഭാഗമാവുകയാണ്.
കൊറോണകാലത്തെ തന്റെ പ്രധാന വിനോദത്തെ കുറിച്ചു സംസാരിക്കുകയാണ് ‘ഫിദ’ നായകൻ വരുൺ തേജ്. ഇതാണെന്റെ വർക്ക് ഫ്രം ഹോം പരിപാടി എന്ന പരിചയപ്പെടുത്തലോടെയാണ് വരുൺ ചിത്രം പങ്കുവച്ചിരിക്കുന്നത്. കോച്ചിനൊപ്പം ബോക്സിംഗ് പ്രാക്റ്റീസ് ചെയ്യുന്ന വരുണിനെയാണ് ചിത്രത്തിൽ കാണാനാവുക. മാസ്ക് ധരിച്ചാണ് കോച്ച് വരുണിനെ ബോക്സിംഗ് പരിശീലിപ്പിക്കുന്നത്.
തെലുങ്ക് സിനിമാലോകത്തെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ തേജ്. ചിരഞ്ജീവിയുടെ സഹോദരീപുത്രൻ കൂടിയാണ് വരുൺ. ബാലതാരമായി സിനിമയിലെത്തിയ വരുൺ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘കാഞ്ചി’, ‘ഫിദ’ എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ‘ഗെഡലകൊണ്ട ഗണേഷ്’ ആണ് ഒടുവിൽ റിലീസിനെത്തിയ വരുൺ തേജ് ചിത്രം.
‘ഫിദ’യിൽ സായ് പല്ലവിയുടെ നായകനായാണ് വരുൺ എത്തിയത്. ഈ താരജോഡികളെ പ്രേക്ഷകർ നെഞ്ചിലേറ്റുകയും ചിത്രത്തിലെ ഗാനരംഗം യൂട്യൂബ് ട്രെൻഡിംഗിൽ റെക്കോർഡ് വ്യൂസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, സായ് പല്ലവിയെ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് വരുൺ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
Read more: നടിമാരിൽ ആരെ വിവാഹം കഴിക്കും? സായ് പല്ലവിയെയെന്ന് നടൻ
ലക്ഷ്മി മാഞ്ചു അവതാരകയായ ‘ഫീറ്റ് അപ് വിത് സ്റ്റാർസ്’ എന്ന ടോക് ഷോയിലാണ് വരുൺ വിവാഹ മോഹം തുറന്നുപറഞ്ഞത്. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ എന്നീ മൂന്നു നടിമാരിൽ ആരെ വിവാഹം കഴിക്കുമെന്നായിരുന്നു അവതാരകയുടെ ചോദ്യം. സായ് പല്ലവിയെ എന്നായിരുന്നു വരുണിന്റെ മറുപടി. പൂജ ഹെഗ്ഡെയുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും വരുൺ പറഞ്ഞു. റാഷി ഖന്നയെ താൻ കൊല്ലുമെന്നാണ് തമാശരൂപേണ വരുൺ പറഞ്ഞത്.