സെലിബ്രിറ്റികളുടെ പല സെൽഫികളും വൈറലാവാറുണ്ട്. ഇപ്പോൾ പ്രധാന സംസാര വിഷയം ബോളുവുഡ് താരം വരുണ്‍ ധവാനെടുത്ത ഒരു സെൽഫിയാണ്. തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്നലില്‍ പെട്ടു കിടക്കുകയായിരുന്ന വരുണ്‍ ധവാന്‍റെ തൊട്ടടുത്തുള്ള ഓട്ടോറിക്ഷയിലുള്ള ആരാധിക സെല്‍ഫി ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കാറിന്റെ ജനാലയിലൂടെ പാതി പുറത്തുകടന്ന വരുണ്‍, ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച ആരാധികയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. നടന്റെ ആവേശം ഒരു പത്രത്തില്‍ ഫോട്ടോയായി പ്രത്യക്ഷപ്പെട്ടതാണു പോലീസിനെ ചൊടിപ്പിച്ചത്‌. മേലില്‍ ഇത്‌ ആവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ട്‌ നടനു പിഴ നോട്ടീസ് നല്‍കിയതായി മുംബൈ പോലീസ്‌ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

“വരുണ്‍, ഇത്തരം സാഹസങ്ങള്‍ സിനിമയിലാകാം; മുംബൈയിലെ റോഡുകളില്‍ വേണ്ട. നിങ്ങളുടെയും ആരാധകന്റെയും മറ്റു ചിലരുടെയും ജീവിതമാണു നിങ്ങള്‍ പന്താടിയത്‌. മുംബൈക്കാരനെന്ന നിലയിലും ചെറുപ്പക്കാരുടെ ആരാധനാപാത്രമെന്ന നിലയിലും നിങ്ങളില്‍നിന്നു കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു. തല്‍ക്കാലം ഇ-മെയിലില്‍ ഒരു ചലാൻ അയയ്‌ക്കുന്നു; ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകും”- ട്വിറ്ററില്‍ പോലീസ്‌ മുന്നറിയിപ്പു നല്‍കി.

നടന്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നില്ലെന്നും പത്രത്തിലെ ഫോട്ടോയില്‍നിന്നു വ്യക്‌തമാണ്‌. പോലീസിന്റെ ട്വീറ്റിനു മറുപടിയായി വരുണ്‍ ക്ഷമാപണം നടത്തി. “ട്രാഫിക്‌ സിഗ്നലിലായിരുന്നതിനാല്‍ കാര്‍ ചലിക്കുന്നില്ലായിരുന്നു. ഒരു ആരാധികയുടെ വികാരം വ്രണപ്പെടുത്തരുതെന്നേ കരുതിയുള്ളൂ. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ല” വരുണിന്റെ മറുപടിസന്ദേശത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ