scorecardresearch

Varshangalkku Shesham Movie Review: മനസ്സ് നിറച്ച്, ചിരിപ്പിച്ച്, ഒരു കലക്കൻ ഉത്സവചിത്രം; വർഷങ്ങൾക്കുശേഷം റിവ്യൂ

Varshangalkku Shesham Movie Review: ധ്യാനും പ്രണവും തമ്മിലുള്ള കെമിസ്ട്രിയാണ് വർഷങ്ങൾക്കു ശേഷത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ച

Varshangalkku Shesham Movie Review: ധ്യാനും പ്രണവും തമ്മിലുള്ള കെമിസ്ട്രിയാണ് വർഷങ്ങൾക്കു ശേഷത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ച

author-image
Dhanya K Vilayil
New Update
Varshangalkku Shesham

Varshangalkku Shesham Movie Review

Varshangalkku Shesham Movie Review: സൗഹൃദങ്ങളുടെ കഥ ഏറ്റവും നന്നായി പറയാനാവുക സൗഹൃദത്തെ ഏറ്റവും മനോഹരമായി നെഞ്ചിലേറ്റുന്ന ഒരു സുഹൃത്തിനു തന്നെയാണ്. നിരുപാധികമായി പരസ്പരം സ്നേഹിക്കുന്ന ഭൂമിയിലെ എല്ലാ സൗഹൃദങ്ങൾക്കുമായി വിനീത് ശ്രീനിവാസൻ നൽകിയൊരു ട്രിബ്യൂട്ടാണ് 'വർഷങ്ങൾക്കു ശേഷം'. 

Advertisment

ഉള്ളു നിറയ്ക്കുന്ന ഒരു കാഴ്ചാനുഭവം നൽകുന്നതിനൊപ്പം നിവിൻ പോളിയുടെ, അജു വർഗീസിന്റെ, പ്രണവ് മോഹൻലാലിന്റെ, ബേസിൽ ജോസഫിന്റെ, വിശാഖ് സുബ്രഹ്മണ്യത്തിന്റെ എന്തിനധികം സഹോദരൻ ധ്യാനിന്റെ പോലും ഏറ്റവും നല്ലൊരു ചങ്ങാതിയെ വിനീതിൽ കണ്ടെത്താനും പ്രേക്ഷകർക്കു സാധിക്കും. ജീവിതത്തോട് താൻ ചേർത്തുപിടിച്ച ചങ്ങാതിമാർക്കൊപ്പം ചേർന്ന് ഹൃദയസ്പർശിയായൊരു ചങ്ങാത്തത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ്  വിനീത്. 

എഴുപതുകളിൽ തുടങ്ങി ഇന്നിൽ അവസാനിക്കുന്ന, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. മലബാറിന്റെ മണ്ണിൽ നിന്നും രണ്ടു ചങ്ങാതിമാർ വേണുവും മുരളിയും, സിനിമാസ്വപ്നങ്ങളുമായി മദ്രാസിലേക്ക് വണ്ടി കയറുന്നു. ഒരാൾ സംഗീതം കൊണ്ട് മയക്കുന്ന മാന്ത്രികനാണെങ്കിൽ മറ്റേയാളുടെ തട്ടകം കഥ പറച്ചിലാണ്. ഒരുകാലത്ത് സിനിമ സ്വപ്നം കണ്ട് മദ്രാസിലെത്തിയ എത്രയോ മലയാളികളുടെ, സിനിമാസ്നേഹികളുടെ ഷെയ്ഡ് പതിഞ്ഞ കഥാപാത്രങ്ങളാണ് വേണുവും മുരളിയും. സിനിമാലോകത്തെ വിജയങ്ങൾ, പരാജയങ്ങൾ.... കൂട്ടുകാർക്കിടയിലെ പിണക്കങ്ങൾ, ഇണക്കങ്ങൾ, തെറ്റിദ്ധാരണകൾ എന്നിവയിലൂടെയാണ് കഥയുടെ പ്രയാണം. 

പഴയ കാലത്തെയും പുതിയ കാലത്തെയും മനോഹരമായി സിനിമയിലേക്ക് ഇഴ ചേർക്കാൻ വിനീത് ശ്രീനിവാസനു കഴിഞ്ഞിട്ടുണ്ട്. പഴയകാലത്തിന്റെ വൈകാരികതയേയും പുതിയ കാലത്തെ കുറിച്ചുള്ള മനസ്സിലാക്കലുകളും തമാശകളുമെല്ലാം ചേരുംപടി ചേരുമ്പോൾ വർഷങ്ങൾക്കു ശേഷം ഒരു പെർഫെക്റ്റ് ഫെസ്റ്റിവൽ മൂഡ് ചിത്രമായി മാറുന്നുണ്ട്. ആദ്യപകുതിയുടെ ദൈർഘ്യം പ്രേക്ഷകരിൽ ഇടയ്ക്ക് അൽപ്പം വിരസത സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയുടെ വൈബ് അതിനെയെല്ലാം മറികടക്കും. 

Advertisment

Varshangalkku Sesham Review

'ഓടുന്ന ഒരു പടത്തിനു വേണ്ടിയാണെങ്കിൽ കഷ്ടപ്പെടാനും മടിയില്ലെന്ന്' തീരുമാനിച്ച് ധ്യാൻ നടത്തിയ മേക്കോവർ എന്തായാലും വെറുതെയായില്ല. ധ്യാൻ ശ്രീനിവാസനിലെ രസികനെ മാത്രമല്ല, നടനെയും കൂടി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട് ചിത്രം. ചെറുപ്പകാലം മുതൽ മധ്യവയസു വരെയുള്ള കാലഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ആ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട് ധ്യാൻ. രൂപത്തിലും മാനറിസത്തിലുമെല്ലാം ധ്യാൻ പുലർത്തിയ  സൂക്ഷ്മത പ്രേക്ഷകർക്കും അനുഭവവേദ്യമാവും. 

ഓരോ ചിത്രം കഴിയുംതോറും അഭിനയത്തിൽ കൂടുതൽ കയ്യടക്കം കൈവരിക്കുകയാണ് പ്രണവ് മോഹൻലാൽ. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ പ്രണവ് സ്ക്രീനിലെത്തുമ്പോൾ വിന്റേജ് മോഹൻലാലിനെ കണ്ട പ്രതീതി അനുഭവപ്പെടും. മോഹൻലാൽ എന്ന നടൻ കൈവരിച്ച ഔന്നിത്യത്തിലേക്ക് എത്താൻ ഇനിയും ഒരുപാട് ദൂരം പ്രണവിനു സഞ്ചരിക്കാൻ ഉണ്ട്, എങ്കിലും കാഴ്ചയിൽ, മാനറിസങ്ങളിൽ, ഭാവങ്ങളിൽ എല്ലാം മോഹൻലാലിനെ തന്നെയാണ് പ്രണവ് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കയ്യടക്കത്തിനൊപ്പം, കോമഡിയിലും തനിക്ക് നല്ല ടൈമിംഗ് ഉണ്ടെന്ന് ഈ ചിത്രത്തിൽ പ്രണവ് തെളിയിക്കുന്നുണ്ട്. 

ധ്യാനും പ്രണവും തമ്മിലുള്ള കെമിസ്ട്രിയാണ് വർഷങ്ങൾക്കു ശേഷത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ച. ധ്യാൻ- പ്രണവ് കോമ്പോയുടെ കോമഡി രംഗങ്ങളെല്ലാം ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തുന്നവയാണ്. പഴയ ദാസനെയും വിജയനെയും ഓർമ്മിപ്പിക്കുന്നുമുണ്ട് ഈ കോമ്പോ. മാത്രമല്ല, വിനീത് ബോധപൂർവ്വം കൊണ്ടുവന്ന നാടോടിക്കാറ്റ് റഫറൻസുകളും നല്ല രീതിയിൽ വർക്കായിട്ടുണ്ട്. 

ചുരുങ്ങിയ സമയം കൊണ്ട് തകർപ്പൻ പെർഫോമൻസ് കാഴ്ച വച്ച് ചിത്രത്തിൽ കയ്യടി നേടുന്നൊരാൾ നിവിൻ പോളിയാണ്. 'കൾട്ട്' എന്നെഴുതിയ കോട്ടുമിട്ട് ഗംഭീരമായ എൻട്രി നടത്തുന്നതു മുതൽ തന്റെ അവസാന സീൻ വരെ തകർത്താടുകയാണ് നിവിൻ. വിമർശകർക്കെല്ലാം ചുട്ട മറുപടി നൽകാനായി നിവിന് തട്ടൊരുക്കുക കൂടിയാണ് വിനീത് ചെയ്തിരിക്കുന്നത്. നിവിന്റെ പ്ലസും നെഗറ്റീവും ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്തായതിനാൽ ആവാം, വളരെ ബ്രില്ല്യന്റായിട്ടാണ് വിനീത് നിതിൽ മോളി എന്ന കഥാപാത്രത്തെ ഒരുക്കിയത്. വിനീതിനെ പോലെയൊരു ചങ്ങാതി കൂടെയുണ്ടെങ്കിൽ, നിവിനു മറ്റെന്തുവേണം? എന്ന് പ്രേക്ഷകർക്കും ചിത്രം കണ്ടിറങ്ങുമ്പോൾ തോന്നും. 

അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരുടെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നവയാണ്.  നീരജ് മാധവ്, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രമായി എത്തുന്നു. കല്യാണി പ്രിയദർശൻ, നീത പിള്ളൈ എന്നിവർ പേരിനൊരു നായികയായി പോയി എന്നതാണ് പ്രധാന പോരായ്മയായി തോന്നിയത്. 

ഫീൽ ഗുഡ് മുഹൂർത്തങ്ങൾ, ചെന്നൈ റഫറൻസുകൾ, മ്യൂസിക്കിൽ രംഗങ്ങളെ എലവേറ്റ് ചെയ്യുന്ന രീതി എന്നിവയൊക്കെ  വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ സ്ഥിരം പാറ്റേൺ ആണ്. ക്രിഞ്ചടിപ്പിക്കുന്ന ഡയലോഗുകൾ സമ്പന്നമാണ് പല വിനീത് ചിത്രങ്ങളുമെന്ന് ധ്യാൻ തന്നെ വിമർശിച്ചിട്ടുള്ളതാണ്. എന്നാൽ, ഇത്തരം വിമർശനങ്ങളെ കൂടി അഡ്രസ്സ് ചെയ്തുകൊണ്ടാണ് ഇത്തവണ വിനീത് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ക്രിഞ്ച്, നെപ്പോട്ടിസം, പ്രണവിന്റെ ഹിമാലയം യാത്രകൾ/ മലകയറ്റം, യൂട്യൂബർമാരുടെ തിയേറ്റർ റിവ്യൂ സംസ്കാരം  എന്നിങ്ങനെ മലയാള സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ സജീവമായ പല വിഷയങ്ങളെയും നല്ല രീതിയിൽ ട്രോളി കൊണ്ട് ഓഡിയൻസിന്റെ കയ്യടി നേടാനും വിനീതിനു സാധിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ചിത്രത്തിന് പലയിടത്തും ഒരു  സ്പൂഫ് സ്വഭാവം കൈവരുന്നുണ്ട്. 

മ്യൂസികിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ഞാപകം' എന്നു തുടങ്ങുന്ന തമിഴ് ട്രാക്ക്  ഏറെ ഹൃദയസ്പർശിയാണ്. ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പക്ഷേ മറ്റു പാട്ടുകൾക്കൊന്നും തന്നെ വലിയ ഇംപാക്റ്റ് ഉണ്ടാക്കാനായില്ല. വിശ്വജിത്തിന്റെ ഛായാഗ്രഹണം ചിത്രത്തിനു വേണ്ട മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ഉത്സവസീസൺ ആഘോഷമാക്കാനായി കുടുംബസമേതം  തിയേറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകർക്ക് മനസ്സു നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന ഒരു ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങൾക്ക് എക്കാലവും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മുതൽകൂട്ടാവുന്ന ചിത്രമാണ്  വർഷങ്ങൾക്കു ശേഷവും. 

Read More Entertainment Stories Here

Dhyan Sreenivasan Vineeth Sreenivasan Nivin Pauly Kalyani Priyadarshan Aju Varghese Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: