തമിഴ്നാട്ടിലെ തിയേറ്ററുകൾക്ക് ഇന്ന് ആഘോഷത്തിന്റെ നാളാണ്. തമിഴകത്തിന്റെ പ്രിയതാരങ്ങളായ വിജയിന്റെയും അജിത്തിന്റെയും ചിത്രങ്ങൾ ഒന്നിച്ച് ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. വിജയ് ചിത്രം ‘വാരിസ്’, അജിത് ചിത്രം ‘തുനിവ്’ എന്നിവയാണ് ബോക്സ് ഓഫീസിൽ മുഖാമുഖം മത്സരിക്കുന്നത്. രണ്ടു ചിത്രങ്ങൾക്കും കേരളത്തിലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
Varisu Review: വാരിസ്
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്.
ശരത് കുമാർ, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് ആദ്യഘട്ടത്തിൽ ചിത്രത്തെ കുറിച്ച് വരുന്ന പ്രതികരണം.
“ശ്രീമന്തുഡു, അല വൈകുണ്ഠപുരമുലൂ, അതാരിന്തിക്കി ദാരേദി തുടങ്ങി നിരവധി സിനിമകളുടെ മിക്സാണ് വാരിസ്. അച്ഛന്റെ സാമ്രാജ്യത്തെ/കുടുംബത്തെ രക്ഷിക്കാനുള്ള ഏക പ്രതീക്ഷയായി മാറുന്ന വിമുഖനായ മകന്റെ പിന്തുടർച്ച തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. വിജയ്യുടെ മാസ്സ് മൊമെന്റുകൾ, നാല് ഫൈറ്റുകൾ, അതിഗംഭീര ഗാനങ്ങൾ, മസാല, അമ്മ-മകൻ എന്നിങ്ങനെ കീവേഡുകളാൽ ഊട്ടിയുറപ്പിച്ച ഒരു അൽഗോരിതം ഉൽപന്നമാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു കൊമേഴ്സ്യൽ ഫാമിലി എന്റർടെയ്നറിന്റെ പഴക്കമുള്ള എല്ലാ ചേരുവകളും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. നായകൻ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യൻ എക്സ്പ്രസ് റിവ്യൂവിൽ നിരൂപകനായ കിരുഭക്കർ പുരുഷോത്തമൻ പറയുന്നു.

Thunivu Review: തുനിവ്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രം തുനിവിൽ മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. ഒരു ബാങ്ക് കൊള്ളയുടെ കഥയാണ് തുനിവ് പറയുന്നത്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്.
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചിരിക്കുകയാണ് ’തുനിവി’ൽ. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാതാവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തിലുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന് ആണ്.
അജിത്തിന്റെ ആക്ഷൻ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങൾക്കും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.
“തുണീവിന്റെ ആദ്യ ഫ്രെയിമിൽ തന്നെ, ചിത്രത്തിന്റെ കഥ സജ്ജീകരിക്കാൻ തുടങ്ങുകയാണ് സംവിധായകൻ വിനോദ്, കാരണം കുറച്ച് സങ്കീർണ്ണമായൊരു കഥയാണ് സംവിധായകന് പറയാനുള്ളത്. ഒരു സംഘം, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ, ഒരു ബാങ്കിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഭീമമായ തുക മോഷ്ടിക്കാൻ ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിടുന്നു. പ്ലാൻ ഹൈജാക്ക് ചെയ്യുന്ന ഡാർക്ക് ഡെവിൾസ് എൻട്രി വരെ എല്ലാം പ്ലാൻ പോലെ തന്നെ നടക്കുന്നു. ‘എന്തുകൊണ്ട് ഇത്തരമൊരു കൊള്ള’ എന്നത് സിനിമയിലുടനീളം സസ്പെൻസായി സൂക്ഷിച്ചിരിക്കുന്നു, ഇവിടെയാണ് വിനോദ് വിജയിക്കുന്നത്. പലപ്പോഴും പ്രേക്ഷകരെ ഇരുട്ടിൽ നിർത്തുന്നുവെങ്കിലും, എല്ലാ ഫ്രെയിമിലും എന്തെങ്കിലും സംഭവിക്കുന്നു എന്നതിനാൽ തുനിവ് പ്രേക്ഷകരെ അക്ഷമരാക്കുന്നില്ല,” ഇന്ത്യൻ എക്സ്പ്രസ് റിവ്യൂവിൽ കിരുഭക്കർ പുരുഷോത്തമന്റെ നിരീക്ഷണമിങ്ങനെ.