വേനലവധിക്ക് ശേഷം പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബന്‌റേയും ഇന്ദ്രജിത്തിന്റേയും വക ഒരു വെറൈറ്റി ആശംസ. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘കസിന്‍സ്’ എന്ന ചിത്രത്തിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.

‘പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍,’ എന്നാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ഈ ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

Kunchacko Boban, കുഞ്ചാക്കോ ബോബൻ, Indrajith, ഇന്ദ്രജിത്ത്, Cousins, കസിൻസ്, Wishes, ആശംസകൾ, Variety Wishes, വെറൈറ്റി ആശംസകൾ, iemalayalam, ഐഇ മലയാളം

ഹാസ്യത്തിന് പ്രധാന്യം നല്‍കി 2014ല്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് കസിൻസ്. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തിയിരുന്നു. കോമഡിയുടെ പശ്ചാത്തലത്തിലൂടെ വളരെ ത്രില്ലറായ ഒരു കഥയായിരുന്നു കസിന്‍സ് പറഞ്ഞത്.

സാം, ജോര്‍ജി, പോളി, ടോണി എന്നിവര്‍ കസിന്‍സാണ്. ഇവരില്‍ പോളിയും ടോണിയും സഹോദരങ്ങളാണ്. സാമിന്റെ ജീവിതത്തിലെ പഠനകാലത്ത് ആറുവര്‍ഷക്കാലം ഓര്‍മ്മയില്‍നിന്നും നഷ്ടപ്പെടുന്നു. അത് വീണ്ടെടുക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നാലുപേരും നടത്തുന്ന ഒരു യാത്രയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാഗതികള്‍ വികസിക്കുന്നത്.

കസിന്‍സിന് പുറമെ പോപ്പിന്‍സ്, വേട്ട, ഫോര്‍ ഫ്രണ്ട്‌സ്, മുല്ലവള്ളിയും തേന്മാവും, എല്‍സമ്മ എന്ന ആണ്‍കുട്ടി, ത്രീ കിങ്‌സ്, റേസ് എന്നീ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തുന്ന ആഷിഖ് അബു ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചുമാണ് ‘വൈറസ്’ പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ദർശന രാജേന്ദ്രൻ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook