ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ നായികാ നായകന്‍മാരാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരത്തന്‍’.  ചിത്രത്തിലേക്ക് എത്തിയ വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ.

“ആ കഥാപാത്രം ആകാൻ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് അമൽ നീരദാണ്”,  ‘വരത്തൻ’ എന്ന ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“കഥ പറയാൻ വന്നപ്പോൾ, ക്ഷമ പറഞ്ഞു കൊണ്ടാണ് അമൽ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലിൽ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയിൽ കഥ പറയാൻ ശ്രമിക്കാം​ എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്. തുടർന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്ട് ആണെങ്കിൽ പിന്നെ ഞാനെന്തിന് കഥ കേൾക്കണം,​ എനിക്ക് പിന്നെ എന്താണ് ആലോചിക്കാൻ ഉള്ളത് എന്നാണ് ഞാനപ്പോൾ ചോദിച്ചത്.

അമൽ കഥ പറഞ്ഞു പൂർത്തിയാക്കിയപ്പോൾ കഥയിൽ ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കിൽ ഞാൻ ഓകെ ആണെന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെർഫോൻമൻസ് എന്നിൽ നിന്നും എടുക്കാൻ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, ‘വരത്തനി’ലെ പ്രിയ ആകാൻ എനിക്കു ആത്മവിശ്വാസം നൽകിയത്”  ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി.

Aishwarya Lekshmi, Vishal, Tamannaah

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘മായാനദി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ചിത്രമാണ് ‘വരത്തൻ’. ‘വരത്ത’നും ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ആണ് ഇനി തിയേറ്ററിൽ എത്താനുള്ള ഐശ്വര്യയുടെ സിനിമകൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർകടവിൽ’ കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്. ഒപ്പം, വിശാലിനെ നായകനാക്കി സുന്ദര്‍.സി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകാണ് ഐശ്വര്യ. തമന്നയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

“തമിഴില്‍ നിന്നും ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേട്ടു. പക്ഷെ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ ചിത്രം എന്റെ ആഗ്രഹം പോലെ തന്നെ വന്നതാണ്. ഒരു പക്കാ സ്മാര്‍ട്ട് തമിഴ് പെണ്‍കുട്ടിയുടെ റോള്‍ ആണ്. സ്‌ക്രിപ്റ്റ് കേട്ടിട്ടു തന്നെ ഒരുപാട് ഇഷ്ടമായി. ജനുവരിയില്‍ ഷൂട്ട് തുടങ്ങും” ഐശ്വര്യ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോടു പറഞ്ഞു.

Read More: മലയാളികളുടെ ‘ഐശു’ തമിഴിലേക്ക്; അരങ്ങേറ്റം വിശാലിനും തമന്നയ്ക്കുമൊപ്പം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ