scorecardresearch

ഞങ്ങളെ അപമാനിക്കാം, വീട്ടുകാരെ വെറുതെ വിടണം: ദുല്‍ഖര്‍ സല്‍മാന്‍

തന്നെയും അനൂപിനെയും ആളുകൾ കുറ്റം പറയുന്നത് അംഗീകരിക്കാനാവും. എന്നാൽ തന്റെ പിതാവിനെയും അനൂപിന്റെ പിതാവിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു. പല വിമർശനങ്ങളും അതിരു കടന്നതും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നവയും ആയിരുന്നു

ഞങ്ങളെ അപമാനിക്കാം, വീട്ടുകാരെ വെറുതെ വിടണം: ദുല്‍ഖര്‍ സല്‍മാന്‍

അനൂപ്‌ സത്യന്‍ സംവിധാനം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദത്തില്‍ മാപ്പ് പറച്ചിലുമായി അണിയറക്കാര്‍.

ചിത്രത്തിലെ ഒരു രംഗത്തില്‍ കടൽ തീരത്ത് വച്ച് സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു നായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്ന സീനാണ് വിവാദമായത്. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ അപമാനിക്കാനാണ് ഈ രംഗത്തിലൂടെ ശ്രമിക്കുന്നതെന്നാരോപിച്ച് തമിഴ് പ്രേക്ഷകരാണ് ചിത്രത്തിനെതിരേ വിമർശനമുന്നയിച്ചിരിക്കുന്നത്. ഇത് തമിഴ് ജനതയ്ക്കെതിരായ വംശീയ പരാമർശമാണെന്നും വിമർശനമുയർന്നിരുന്നു.

‘പ്രഭാകരൻ തമാശ’ തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് പലരും തന്നെ അറിയിച്ചുവെന്നും എന്നാൽ അത് മനപ്പൂർവം സംഭവിച്ചതല്ലെന്നും ദുൽഖർ  പ്രതികരിച്ചു. പഴയ മലയാളം സിനിമയായ ‘പട്ടണ പ്രവേശ’ത്തിൽ നിന്നു കടമെടുത്ത പ്രയോഗമാണ് ‘പ്രഭാകരാ’ എന്നത്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദുൽഖർ എടുത്തു പറഞ്ഞു.

തന്നെയും അനൂപിനെയും ആളുകൾ കുറ്റം പറയുന്നത് അംഗീകരിക്കാനാവും. എന്നാൽ തന്റെ പിതാവിനെയും അനൂപിന്റെ പിതാവിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു. പല വിമർശനങ്ങളും അതിരു കടന്നതും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നവയും ആയിരുന്നു. അത് അങ്ങനല്ലാതിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ദുൽഖറിന്റെ ട്വീറ്റിൽ പറയുന്നു. മറ്റൊരു ട്വീറ്റിൽ ‘പട്ടണ പ്രവേശം’ സിനിമയിലെ പ്രഭാകരാ സീനും ദുൽഖർ പങ്കു വച്ചിട്ടുണ്ട്.

സിനിമയ്ക്കെതിരായ വിവാദത്തിലേക്ക് മമ്മൂട്ടിയുടേയും സത്യൻ അന്തിക്കാടിന്റേയും പേരുകൾ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ദുൽഖർ ആവശ്യപ്പെട്ടു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ പേരിൽ ദുൽഖർ സൽമാൻ മാപ്പ് പറയുന്നത് ഇത് രണ്ടാം തവണയാണ്.

varane avasyamund, വരനെ ആവശ്യമുണ്ട്, dulquer salmaan, ദുൽഖർ സൽമാൻ, anoop sathyan, അനൂപ് സത്യൻ, mammootty, മമ്മൂട്ടി, sathyan anthikkad, സത്യൻ അന്തിക്കാട്, veluppilla prabhakaran, വേലുപ്പിള്ള പ്രഭാകരൻ, പ്രഭാകരൻ, prabhakara, പ്രഭാകരാ, prabhakara meme, പ്രഭാകരാ മീം, pattana pravesham, പട്ടണ പ്രവേശം, ie malayalam, ഐഇ മലയാളം

ദുൽഖറിന് പുറമേ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ‘വരനെ ആവശ്യമുണ്ട്’ നിലവിൽ ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് സ്ട്രീമിങ് സേവനങ്ങൾ വഴി നിരവധി പേർ ചിത്രം കാണുകയും ചെയ്തു. ഇതിനിടെയാണ് ചിത്രത്തിനു പിറകേ തുടർച്ചയായ വിവാദങ്ങളും വരുന്നത്.

തന്‍റെ ഫോട്ടോ അനുവാദമില്ലാതെ ഈ സിനിമയിൽ ഉപയോ​ഗിച്ചതായി ചേതന കപൂർ എന്ന യുവതി ആരോപിച്ചതായിരുന്നു ആദ്യത്തെ സംഭവം. ചിത്രത്തിൽ ഒരു ഫിസിക്കൽ ട്രെയിനിങ് സ്ഥാപനത്തിന്റെ പരസ്യ ബോർഡിലാണ് യുവതിയുടെ ചിത്രം ഉപയോഗിച്ചിരുന്നുത്. സിനിമയിൽ ചിത്രങ്ങള്‍ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നതെന്നും അതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ഇതു കാരണം പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ദുൽഖർ മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവിച്ച തെറ്റിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വിഭാഗത്തോട് ചിത്രം ഉപയോഗിച്ചതിന് കുറിച്ച് അന്വേഷിക്കുമെന്നുമായിരുന്നു ദുൽഖറിന്റെ പ്രതികരണം. ചിത്രം ഉപയോഗിച്ചത് മനപ്പൂർവമായിരുന്നില്ലെന്നും ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു.  തുടര്‍ന്ന് ചേതന കപൂർ താന്‍ അനൂപ്‌ സത്യനുമായി സംസാരിച്ച് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയതായും ഈ സംവാദം താന്‍ അവസാനിപ്പിക്കുന്നതായും ട്വിറ്റെറില്‍ പറഞ്ഞു.

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Varane avasyamund dq apology