മലയാള സിനിമയില്‍ പരീക്ഷണ ബുദ്ധിയോടെ സിനിമകൾ വരുന്ന കാലമാണ്. പുതിയ കഥാകൃത്തുക്കളും സംവിധായകരും വൈവിധ്യമാർന്ന ആശയങ്ങളെ, വൈവിധ്യങ്ങളെ തന്നെയും അന്വേഷിക്കാൻ ശ്രമിക്കുന്നുണ്ട്. പഴമക്കാർ പലരും നിസ്സാരവൽക്കരിച്ചതോ, മനസിലാക്കാതെ പോയതോ ആയ രാഷ്ട്രീയ ജാഗ്രത, ലിംഗ നീതി എന്നിവയൊക്കെ സംഭാഷണങ്ങളിലും അവതരണത്തിലും സൂക്ഷിക്കേണ്ടതുണ്ട് എന്ന് അവബോധമുള്ള പുതുതലമുറയുടെ ശബ്ദം ഉയർന്നുണ്ട് കേൾക്കുന്നതാണ് മുഖ്യധാരയിലടക്കം.

രാഷ്ട്രീയത്തിൽ പലപ്പോഴും കാണുന്നത് പോലെ തന്നെ, അച്ഛന്റെ പാത പിന്തുടരുന്ന മക്കൾ ഇന്ത്യന്‍ സിനിമക്കാർക്കിടയിലും ധാരാളമാണ്. മലയാള സിനിമയിലും കാര്യങ്ങൾ ഒട്ടും വ്യത്യസ്തമല്ല. മോഹൻലാലിൽനിന്ന് പ്രണവ് മോഹൻലാലിൽ എത്തിയപ്പോഴും, മമ്മൂട്ടിയിൽ നിന്ന് ദുൽഖർ സൽമാനിൽ എത്തിയപ്പോഴും ശ്രീനിവാസനിൽനിന്ന് വിനീത് ശ്രീനിവാസനിൽ എത്തിയപ്പോഴും സ്വാഭാവികമായ മക്കത്തായത്തിനപ്പുറം, മലയാള സിനിമയില്‍ അവര്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നത് ചർച്ചാ വിഷയമാണ്. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബങ്ങളില്‍നിന്ന് വന്ന്, മലയാള സിനിമയ്ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഒരു പുതുതലമുറ ഇവിടെ സജീവമായി നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. അച്ഛന്‍ എന്ന വലിയ വിജയ ബിംബത്തിന്‍റെ പ്രഭാവലയത്തില്‍ പെടാതെ തങ്ങളുടെ സ്വന്തം വഴിവെട്ടി ചിലര്‍ മുന്നോട്ടുപോയപ്പോള്‍ മറ്റു ചിലര്‍ ആ പ്രഭാവലയം തീര്‍ത്ത വാണിജ്യസമവാക്യങ്ങളില്‍ അഭയം തേടുന്നതും നമ്മള്‍ കണ്ടു.

ഇത്തരം ഒരു ഇടത്തിലേക്കാണ് അനൂപ് സത്യൻ തന്റെ ആദ്യ ചിത്രമായ ‘വരനെ ആവശ്യമുണ്ട്’-മായി എത്തുന്നത്. മലയാള ഗ്രാമീണ ലാളിത്യങ്ങളെയും കുടുംബ ബന്ധങ്ങളെയും സഹോദര്യത്തെയുമെല്ലാം വളരെ കാല്‍പ്പനികമായി വിഭാവന ചെയ്‌തിട്ടുള്ള സത്യൻ അന്തിക്കാടെന്ന സംവിധായകന്റെ മകന്‍, സംവിധാനത്തില്‍ ബിരുദമുള്ള ചെറുപ്പക്കാരന്‍, സമകാലിക സിനിമയ്ക്ക് എന്താവും നല്‍കുകയെന്ന കൗതുകമാണ് ആദ്യം സിനിമാപ്രേമികളില്‍ ഉണ്ടായത്. മുന്‍കാല താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവർ നീണ്ട ഇടവേളകൾക്കു ശേഷം പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തില്‍ യുവതലമുറയിലെ പ്രധാന താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാനും പ്രിയദർശന്റെ മകളായ കല്യാണിയും അണിനിരന്നതോടെ രണ്ടു കാലഘട്ടങ്ങളുടെ സംഗമം എന്ന നിലയിലും ‘വരനെ ആവശ്യമുണ്ട്‘ ശ്രദ്ധിക്കപ്പെട്ടു.

 

വളരെ ലളിതമായ ‘ഫീൽ ഗുഡ്’ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടെന്ന സംവിധായകന്റെ മുഖമുദ്ര. അന്നത്തെ ഗൗരവമുള്ള പ്രശ്നങ്ങളായ തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം നർമത്തിന്റെ മേമ്പൊടിയോടെയോ ആക്ഷേപ ഹാസ്യത്തിലൂടെയോ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച രീതിയായിരുന്നു സത്യന്‍ അന്തിക്കാട് അവലംബിച്ചത്. അതില്‍ തന്നെ പലതും മുഖ്യധാരാ അഭിനേതാക്കളെ, എഴുത്തുകാരെ വച്ച് എടുക്കപ്പെട്ടിട്ടുള്ളവയാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്,’ ‘നാടോടിക്കാറ്റ്,’ ‘പട്ടണപ്രവേശം,’ ‘പൊന്മുട്ടയിടുന്ന താറാവ്,’ പോലെയുള്ള ചിത്രങ്ങൾ നേടിയ ജനപ്രീതി ചില്ലറയല്ല. ദശാബ്ദങ്ങള്‍ കടന്നുവെങ്കിലും അതൊന്നും മറക്കാനായിട്ടില്ലെന്നു മാത്രമല്ല, ഇന്നും പ്രേക്ഷക മനസ്സില്‍ തിളക്കത്തോടെ നിലനിൽക്കുന്നുമുണ്ട്.

മലയാള സിനിമയുടെ സുവർണകാലഘട്ടമെന്നു അറിയപ്പെടുന്ന തൊണ്ണൂറുകളിൽ സത്യൻ അന്തിക്കാടെന്ന സംവിധായകന് അങ്ങനെ കൃത്യമായൊരു സ്ഥാനമുണ്ട്. വ്യത്യസ്തമായ നായക സങ്കൽപ്പങ്ങളും പ്രമേയങ്ങളും കുടുംബ പ്രേക്ഷകർക്ക് വേണ്ട കഥാപരിസരങ്ങളും ചേര്‍ത്ത് കൃത്യമായി, കൃത്യമായ ഇടവേളകളില്‍ അദ്ദേഹം സിനിമകള്‍ ചെയ്തു കൊണ്ടേയിരുന്നു. പലതും വിജയം കണ്ടു, ചിലത് അത്രകണ്ടു ശ്രദ്ധിക്കപ്പെട്ടില്ല, എങ്കില്‍ കൂടി ഒരു ‘മിനിമം ഗാരന്റി’ സംവിധായകന്‍ എന്ന ഖ്യാതി അദ്ദേഹം നിലനിര്‍ത്തി.

സത്യന്‍ അന്തിക്കാട് ആദ്യ കാലത്തു എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളായ ‘ടി.പി ബാലഗോപാലൻ എംഎ,’ ‘സന്മനസുള്ളവർക്കു സമാധാനം,’ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ തുടങ്ങിയ ജനപ്രീതി നേടിയ ചിത്രങ്ങളിൽനിന്ന് അദ്ദേഹം പിൽക്കാലത്ത് എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളായ ‘രസതന്ത്രം,’ ‘ഇന്നത്തെ ചിന്ത വിഷയം,” കഥ തുടരുന്നു,’ ‘സ്‌നേഹവീട്’ തുടങ്ങിയ ചിത്രങ്ങിൽ എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നന്മയുടെ അളവും നിഷ്കളങ്കതയും കൂടിയതല്ലാതെ, സമൂഹത്തിലും സിനിമയിലും ഉണ്ടായ മാറ്റങ്ങളെ ആ ചിത്രങ്ങളിൽ വിജയകരമായി അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചോയെന്നത് ഒരു വലിയ ചോദ്യമാണ്. ‘ഭാഗ്യദേവത’ പോലെയുള്ള ചിത്രങ്ങളിലെ നായകന്മാർ മാനസാന്തരപ്പെട്ട നിഷ്കളങ്കർ അല്ല, മറിച്ച് തികഞ്ഞ സ്ത്രീവിരുദ്ധരായിരുന്നുവെന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിപണി സാധ്യതയെ മാത്രം മുന്‍നിര്‍ത്തി, കാലികമായ മാറ്റങ്ങളെ അറിഞ്ഞോ അറിയാതെയോ മാറ്റി നിര്‍ത്തി, പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് എന്ന നിലയിലായി അദ്ദേഹത്തിന്റെ പിന്‍കാല ചിത്രങ്ങള്‍.

ഇത്രയും പറഞ്ഞത്, അനൂപിന്റെ ചിത്രത്തിന്റെ ആദ്യ വിവരങ്ങള്‍ കേട്ടപ്പോള്‍ ഉണ്ടായ ‘ഇതും നന്മ ചിത്രമാണോ?’ എന്ന സംശയത്തെ മുന്‍നിര്‍ത്തിയാണ്. അനൂപ് സത്യന്റെ ആദ്യ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടിറങ്ങുമ്പോഴുണ്ടാവുന്ന അതേ ‘ഫീൽ ഗുഡ്’ അനുഭവം ഉണ്ടാകുന്നുമുണ്ട്. എന്നാല്‍, ഈ ഒരു അനുഭവത്തിന്റെ കാര്യത്തിൽ മാത്രമേ അച്ഛന്റെ ചിത്രങ്ങളുമായി അനൂപിന്റെ ചിത്രത്തെ താരതമ്യം ചെയ്യാൻ കഴിയുകയുള്ളൂ. നിത്യജീവിതവുമായി ചേർന്നു നിൽക്കുന്ന പ്രമേയവും, അതിന്‍റെ ഹാസ്യപൂര്‍ണമായ അവതരണവും എന്ന ‘സത്യന്‍ അന്തിക്കാട് ഫോര്‍മുല’ അനൂപും ഉപയോഗിച്ചിട്ടുണ്ട്. അച്ഛന്റെ കഥകളിലെ ഗ്രാമീണ പശ്ചാത്തലങ്ങളിൽനിന്ന് മാറ്റി അനൂപ്‌ അവയെ നഗരങ്ങളിലേക്ക് പറിച്ചുനട്ടുവെന്ന് മാത്രം. വാട്ട്‌സാപ് ഗ്രൂപ്പില്‍ കൂടി മുളയ്ക്കുന്ന ബന്ധങ്ങളും മാട്രിമോണിയല്‍ സൈറ്റ് കൊണ്ട് വരുന്ന വിവാഹങ്ങളും ഒക്കെക്കൂടിയുള്ള ഒരു കഥാപരിസരമാണ് ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തില്‍.

varane avashyamund, varane avashyamund songs, varane avashyamund imdb, varane avashyamund story, varane avashyamund mp3, varane avashyamund malayalam movie, varane avashyamund download, varane avashyamund watch online, varane avashyamund full movie, varane avashyamund review, വരനെ ആവശ്യമുണ്ട്

ശോഭന, അനൂപ്‌ സത്യന്‍

അനൂപ്‌ സത്യന്റെ ആദ്യ ചിത്രം ശ്രദ്ധേയമാകുന്നത് അത് മലയാള സിനിമയുടെ ആൺ നോട്ടങ്ങളിൽനിന്ന് വ്യത്യസ്തമായാണ് സഞ്ചരിക്കുന്നത് എന്നത് കൊണ്ടാണ്. രണ്ടു സ്ത്രീകളുടെ, അവരിലേക്ക് എത്തിപ്പെടുന്ന വിവിധ പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. അമ്മ-മകള്‍ എന്ന ബന്ധത്തില്‍ ബന്ധനസ്ഥരായിരിക്കുമ്പോഴും അവരവരുടെ ലോകങ്ങള്‍ തേടി പോകുന്ന രണ്ടു സ്ത്രീകള്‍ മലയാള സിനിമയ്ക്ക്, പ്രത്യേകിച്ച്, മലയാള സിനിമയിലെ നിലവിലെ അമ്മ-മകള്‍ സമവാക്യത്തിനു അപ്പുറത്തുള്ളവരാണ്. അവരുടെ സ്വാതന്ത്ര്യത്തിന്റെ പരിധികളെ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ നിശ്ചയിക്കുന്നത് ഒരു ആൺ നോട്ടത്തിലൂടെയല്ല. പത്താം ക്ലാസ്സു മുതൽ പലരെയും പ്രണയിച്ചിട്ടുണ്ടെന്നു വളരെ കൂളായി പറയുന്ന, ഇനിയും താൻ പ്രണയിക്കുമെന്ന് തന്റെ മകളോട്, ആൺബോധ നിർമിതി കാല്പനികവൽക്കരിച്ച മാതൃത്വത്തിന്റെ ബാധ്യതകളെ ലവലേശം കൂസാതെ പറയുന്ന നീന എന്ന ശോഭന ചെയ്ത കഥാപാത്രം, മുഖ്യധാര മലയാള സിനിയിലെ പോസിറ്റീവ് ആയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ഒന്നാണ്.

അതുപോലെ തന്നെ സുരേഷ് ഗോപി ചെയ്ത മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രവും അതിന്റെ മൃദുലത അല്ലെങ്കിൽ ‘വൾനറബിലിറ്റി’ കൊണ്ട് വ്യത്യസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ‘ആഗ്രി യങ് മാൻ’ ആയിരുന്ന സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിന്റെ മറ്റൊരു അഭിനയ സാധ്യതയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കാണാൻ കഴിയുക. ‘ഡോൾഫിൻസ് ബാർ’ എന്ന അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തിലെ സുരേഷ് ഗോപി ചെയ്ത സുര എന്ന കഥാപാത്രവുമായി സാമ്യതകളുള്ള കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണൻ. പുറമെ പരുഷമെന്നു തോന്നുമെങ്കിലും സ്ത്രീകളോട് ഇടപഴകാൻ പരിഭ്രമിക്കുന്ന, വളരെ സെന്‍സിറ്റീവായ കഥാപാത്രത്തെ സുരേഷ് ഗോപി എന്ന മലയാളി പൗരുഷ സങ്കൽപ്പങ്ങളുടെ ഒരു കാലത്തെ പ്രതീകമായിരുന്ന നടനെ കൊണ്ട് ചെയ്യിപ്പിച്ചത് മുഖ്യധാരാ മലയാള സിനിമയിലെ നായക സങ്കല്പങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്താം. ആ കഥാപാത്രത്തെ സുരേഷ് ഗോപി എന്ന നടൻ തന്റെ സംഭാഷണ ശൈലിയിലൂടെയും ഭാവങ്ങളിലെ കയ്യടക്കത്തിലൂടെയും അവസ്മരണീയമാക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യധാരാ മലയാള സിനിമയുടെ പൊതുബോധ കാഴ്ചശീലങ്ങളെ തൃപ്തിപ്പെടുത്താനും വിപണി മൂല്യം നിലനിർത്താനുമായി വേണ്ടുന്ന ഘടകങ്ങള്‍ പിന്നെയും ഏറെയുണ്ട് അനൂപിന്റെ ചിത്രത്തില്‍. കൂട്ടത്തില്‍ നിലപാടുകളുമുള്ള കഥാപാത്രങ്ങൾക്കും വ്യക്തമായ സ്വാതന്ത്ര്യബോധമുള്ള സ്ത്രീകഥാപാത്രങ്ങൾക്കും, വ്യത്യസ്തമായ നായക സങ്കല്പങ്ങള്‍ക്കും ഒരു ഇടം ഒരുക്കി കൊടുക്കുന്നുമുണ്ട്. ആ ഇടം ഉണ്ടാവുന്നത് പ്രധാനമാണെന്നു കരുതുന്ന ഇടത്താണ് അനൂപിലെ സംവിധായകന്‍ അച്ഛനില്‍നിന്നും ആ തലമുറയില്‍നിന്നും കടം കൊണ്ടവനെങ്കിലും വ്യത്യസ്തനാവുന്നത്. വരേണ്യ, മധ്യവർഗ ആസ്വാദന ശീലങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ചേരുവകൾ പഴയ ‘നന്മ ഫോര്‍മുല’യില്‍ ചാലിച്ചെടുക്കുമ്പോഴും അതൊന്നു കൂടി ചിന്തേരിട്ട്‌ മിനുക്കുന്നുണ്ട് അനൂപ്‌. വേരുകളില്‍ ചവിട്ടിനിന്ന് തന്റെ ചില്ലയിലേക്ക് ഉയരാന്‍ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയില്‍ പുതിയ അന്തിക്കാട് യുഗം തുറക്കുമെന്ന് പ്രതീക്ഷിക്കാം.

Read Here: അയ്യപ്പനും കോശിയും: ആണ്‍ ഈഗോയുടെ പോരാട്ടങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook