സ്ക്രീനിലും അണിയറയിലുമായി മലയാളസിനിമയിലെ അഞ്ച് ഇളം തലമുറക്കാർ കൈകോർക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തിന്. മമ്മൂട്ടി, പ്രിയദർശൻ, സന്തോഷ് ശിവൻ, ജി വേണുഗോപാൽ, സത്യൻ അന്തിക്കാട് എന്നിങ്ങനെ മലയാളസിനിമയുടെ അഭിമാനമായ പ്രതിഭകളുടെ മക്കളാണ് ഈ ഗാനരംഗത്തിൽ കൈകോർക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും പ്രിയദർശന്റെ മകൾ കല്യാണിയുമാണ് നായികാനായകന്മാരായി എത്തുന്നത്. ദുൽഖറിനും കല്യാണിയ്ക്കും പുറമെ ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദും സിനിമോട്ടോഗ്രാഫർ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് എന്ന അപ്പുവും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്.
ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപിയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2013ൽ പുറത്തിറങ്ങിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’
ചിത്രത്തിലെ കാർത്തിക്കും ചിത്രയും ചേർന്ന് ആലപിച്ച ‘നീ വാ എന്നാറുമുഖാ’ എന്ന നവരാത്രി ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. സന്തോഷ് വർമയും ഡോക്ടർ കൃതയയും ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൽഫോൺസ് ജോസഫാണ്.
ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്. ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.
Read more: അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി: ഒടുവിൽ ബസിൽ കയറിയ അനുഭവം ഓർത്ത് ശോഭന