Varane Avashyamund, Ayyappanum Koshiyum movie release: രണ്ടു മലയാള ചിത്രങ്ങള്‍ നാളെ തിയേറ്ററുകളില്‍ എത്തുന്നു-അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്,’ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും.’ അനൂപ് സത്യന്റെ ആദ്യ ചിത്രമാണു ‘വരനെ ആവശ്യമുണ്ട്.’ ‘അനാര്‍ക്കലി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും.’
Varane Avashyamund: വരനെ ആവശ്യമുണ്ട്
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഉര്‍വ്വശി, മേജര്‍ രവി, ലാലു അലെക്സ്, ജോണി ആന്റണി, സിജു വിത്സണ്‍, കെ പി എ സി ലളിത, മീരാ കൃഷ്ണന്‍ എന്നീ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അതിഥി വേഷത്തില്‍ എത്തുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മുകേഷ് മുരളീധരന്‍, എഡിറ്റിംഗ് ടോബി ജോണ്‍, സംഗീതം അല്‍ഫോന്‍സ് ജോസഫ്.
Read More: അനൂപുമായി ഞാൻ ഉടക്കുമ്പോൾ അതേറെ സങ്കടപ്പെടുത്തുന്നത് ഉമ്മച്ചിയെ: ദുൽഖർ സൽമാൻ
Ayyappanum Koshiyum: ‘അയ്യപ്പനും കോശിയും’
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും.’ സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയിൽ അവതരിപ്പിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും ‘അയ്യപ്പനും കോശിയും’ എന്ന് സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. അന്ന രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍, എഡിറ്റിംഗ് രഞ്ജന്‍ അബ്രഹാം, സംഗീതം ജേക്സ് ബിജോയ്. അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചമ്മ പാടിയ നാടന്‍ പാട്ട് ഇതിനോടകം ഹിറ്റാണ്.
Read Here: നായകനും നായികയും വില്ലനുമില്ലാത്ത സിനിമ; അയ്യപ്പനും കോശിയെയും കുറിച്ച് പൃഥ്വിരാജ്