നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാറും ലോക്ക്ഡൗൺ ദിനങ്ങളിൽ മറ്റു താരങ്ങളെപ്പോലെ വീട്ടിലിരുപ്പാണ്. മനോജ് കുമാർ നടരാജൻ സംവിധാനം ചെയ്ത ‘വെൽവെറ്റ് നഗരം’ സിനിമയാണ് വരലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ വരലക്ഷ്മി കരാർ ഒപ്പിട്ടുണ്ട്.

2012 ൽ പുറത്തിറങ്ങിയ ചിമ്പു നായകനായ ‘പോടാ പോടി’ സിനിമയിലൂടെയാണ് വരലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രം ബോക്സോഫിൽ ഹിറ്റായില്ലെങ്കിലും വരലക്ഷ്മിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ വരലക്ഷ്മി വേഷമിട്ടു. മലയാളത്തിൽ ‘കസബ’, ‘മാസ്റ്റർ പീസ്’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വരലക്ഷ്മിയുടെ കരിയറെ തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തനിക്ക് നഷ്ടമായതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. തമിഴ് വെബ്സൈറ്റായ ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More: താരപുത്രിയായിട്ടും ഞാൻ കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്; തെളിവുണ്ടെന്ന് വരലക്ഷ്മി ശരത്കുമാർ

”പോടാ പോടിക്ക് മുൻപേ നിരവധി ഓഫറുകൾ വന്നിരുന്നു. ശങ്കർ സാറിന്റെ ‘ബോയ്സി’ൽ പ്രധാന റോൾ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു. ‘കാതൽ’ സിനിമയും എനിക്ക് ഓഫർ വന്നതാണ്. പക്ഷേ രണ്ടു സിനിമകളും ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല. ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അച്ഛൻ സമ്മതിക്കാതിരുന്നത്. ഗൗതം വാസുദേവ് മേനോൻ സാറിന്റെ സിനിമ, വെങ്കട് പ്രഭുവിന്റെ ‘സരോജ’ തുടങ്ങി നിരവധി സിനിമകളിൽ അവസരം വന്നുവെങ്കിലും ചെയ്യാനായില്ല” വരലക്ഷ്മി പറഞ്ഞു.

ബാല സാറിന്റെ ‘തറയ് തപ്പട്ടൈ’ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു അഭിനേത്രി എന്ന നിലയിൽ ജനങ്ങൾ തന്നെ തിരിച്ചറിയാൻ കൂടുതൽ വർഷങ്ങൾ വേണ്ടി വരുമായിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു.

തമിഴിലെ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു ബോയ്സും കാതലും. 2003 ൽ ശങ്കർ സംവിധാനം ചെയ്ത ‘ബോയ്സ്’ ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു കൂടുതലും. സിദ്ധാർഥ്, ജെനീലിയ ഡിസൂസ, ഭരത്, നകുൽ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്സോഫിൽ വൻ ഹിറ്റായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ‘കാതൽ’ സിനിമയിൽ ഭരതും സന്ധ്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയത്തെ ആസ്പദമാക്കി ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത സിനിമ ബോക്സോഫിൽ സൂപ്പർ ഹിറ്റായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook