കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ആദ്യം പരസ്യമായി സംസാരിച്ച ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് വരലക്ഷ്മി ശരത്കുമാർ. പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പല നിർമാതാക്കളും സിനിമയിലുള്ള വ്യക്തികളും തെറ്റായ ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും താൻ നേരിട്ട അനുഭവങ്ങളെ കുറിച്ച് വരലക്ഷ്മി സംസാരിച്ചു. “സ്ത്രീകൾ വേട്ടക്കാരെ തുറന്നുകാട്ടണം” എന്ന് വരലക്ഷ്മി പറഞ്ഞു. അത്തരം ആളുകളെ തുറന്നുകാട്ടിയാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് “അതൊരു തിരഞ്ഞെടുപ്പാണ്. സമാനമായ ഒരു സാഹചര്യമാണ് ഞാൻ നേരിട്ടത്, പക്ഷേ ഞാൻ അത് തുറന്നുകാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം ഞാൻ നേരിട്ടു, ഞാൻ നോ പറയാൻ പഠിച്ചു. ഒരു താരപുത്രി ആയിരുന്നിട്ടും ഞാനിത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ആളുകൾ പറയുന്ന സംഭാഷണങ്ങളുടെ ഫോൺ റെക്കോർഡുകൾ എന്റെ പക്കലുണ്ട്,” എന്ന് വരലക്ഷ്മി മറുപടി പറഞ്ഞു.

Read More: ‘കബീർ സിങും’ ‘തപ്പഡും’ ഒരേ ഭാഷയിൽ ഇറങ്ങുന്നു എന്നത് അതിശയമാണ്: താപ്സി പന്നു

“അത്തരം സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചു. അതിന് സമയമെടുത്തു. അത് ബുദ്ധിമുട്ടായിരുന്നു. കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാൽ പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ ഞാൻ പൂർത്തിയാക്കി. 25 നിർമ്മാതാക്കൾ, നല്ല സംവിധായകർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ജോലി തുടരുകയാണ്. എന്റെ 29-ാമത്തെ സിനിമയിൽ ഞാൻ ഒപ്പിട്ടു. അതിനാൽ ഞാൻ സന്തോഷവതിയാണ്.”

ചില സ്ത്രീകൾ കാസ്റ്റിംഗ് കൗച്ചിനോട് യെസ് പറയുകയും അവസരം ലഭിക്കാതാകുമ്പോൾ പരാതിപ്പെടുകയും ചെയ്യുന്നുവെന്നും വരലക്ഷ്മി ചൂണ്ടിക്കാട്ടി. “ഇതുവഴി ആളുകൾ പാഴാക്കുന്നു. നിങ്ങളെ വിട്ടുവീഴ്ച ചെയ്യാൻ സമീപിക്കുകയാണെങ്കിൽ, വേണ്ട എന്ന് പറയുക. അതാണ് എന്റെ കാര്യം. വേണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കണം. ഞാൻ ഇവിടെ ആരെയും മുൻവിധിയോടെ സമീപിക്കുകയല്ല. കാരണം ആ തീരുമാനത്തിന് വളരെയധികം ധൈര്യം ആവശ്യമാണ്. മാനസികമായി, ഒരു വ്യക്തിക്ക് ആ വഴിയിലൂടെ പോകാൻ വളരെ കരുത്ത് വേണം. നിങ്ങൾക്ക് മറ്റൊരു വഴി തിരഞ്ഞെടുക്കാം, അവിടെ നിങ്ങൾക്ക് അത്തരം ഓഫറുകൾ നിരസിക്കാനും എന്നെപ്പോലെ പൊരുതാനും പിന്നീട് ഒരു നടി ആകാനും കഴിയും,” അവർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook