scorecardresearch

പുണ്യാളന്‍ ചമയേണ്ട; നിന്റെ കള്ളങ്ങള്‍ എല്ലാവര്‍ക്കും അറിയാം: വിശാലിനോട് വരലക്ഷ്മി

എന്തായാലും നിങ്ങള്‍ സ്‌ക്രീനിനു പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ പറയുന്നത് പോലെ സത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

Vishal, വിശാൽ, Nadigar Sangam Elections, നടികർ സംഘം തിരഞ്ഞെടുപ്പ്, Nadigar Sangam elections 2019, നടികർ സംഘം തിരഞ്ഞെടുപ്പ് 2019, Sarathkumar, ശരത്കുമാർ, Vishal Varalaxmi Sarathkumar, വിശാൽ, വരലക്ഷ്മി ശരത്കുമാർ, വിശാൽ വരു, Vishal Varu, ഐഇ മലയാളം

തമിഴ് സിനിമാ താരങ്ങളായ വിശാലും ശരത് കുമാറും തമ്മിലുള്ള വിരോധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തമിഴ് സിനിമാ താരസംഘടനയായ നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പ് കോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതിന് കാരണവും ഈ തര്‍ക്കം തന്നെയാണ്. ശരത്കുമാറും രാധാരവിയും ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച വിശാല്‍ ഇരുവര്‍ക്കും എതിരെ കേസ് കൊടുക്കുകയും ചെയ്തു. 2015ല്‍ നാസറിന്റെ നേതൃത്വത്തിലുള്ള വിശാലിന്റെ ടീമാണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്.

Read More: ‘എനിക്കും കല്യാണം നടക്കണം’, വധു വരലക്ഷ്മിയെന്ന് സൂചന നൽകി വിശാൽ

നടികര്‍ സംഘത്തിന്റെ പുതിയ അധ്യക്ഷനേയും മറ്റ് അംഗങ്ങളേയും തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ ഇലക്ഷന്‍ ജൂണ്‍ 23നാണ് നടക്കുന്നത്. ശരത്കുമാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രത്തിലേ ഇല്ലെങ്കിലും കഴിഞ്ഞതൊന്നും അങ്ങനെ മറക്കാന്‍ വിശാലിന് കഴിയില്ലെന്നാണ് തോന്നുന്നത്.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വിശാല്‍ വീണ്ടും ശരത്കുമാറിന്റേ പേര് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. വിശാലിന്റെ യൂട്യൂബ് ചാനലായ ‘വിശാല്‍ ഫിലിം ഫാക്ടറി’യില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ രാധാരവിയുടേയും ശരത്കുമാറിന്റേയും നേതൃത്വത്തെ വിമര്‍ശിച്ചും പരിഹസിച്ചും പരാമര്‍ശങ്ങളുണ്ട്.

Read More: അവള്‍ ഒടുവില്‍ ‘യെസ്’ പറഞ്ഞു, സന്തോഷം അടക്കാനാകാതെ വിശാല്‍

എന്നാല്‍ ഇത് നടിയും ശരത്കുമാറിന്റെ മകളും വിശാലിന്റെ സുഹൃത്തുമായിരുന്ന വരലക്ഷ്മി ശരത് കുമാറിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. വിശാലിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് വരലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് വിശാലിനില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.

‘പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിങ്ങളുടെ നിലവാരത്തകര്‍ച്ച കണ്ട് എനിക്ക് ഞെട്ടലും വിഷമവും ഉണ്ടായി. നിങ്ങളെ ഞാന്‍ ഏതെങ്കിലും തരത്തില്‍ ബഹുമാനിച്ചിരുന്നെങ്കില്‍ ഇത് ഇതോടെ നഷ്ടമായി. നിയമമാണ് ഏറ്റവും വലുതെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ആ നിയമം എന്റെ പിതാവ് കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ല, അത് തെളിയിക്കാനും സാധിച്ചിട്ടില്ല. നിങ്ങള്‍ പുണ്യാളന്‍ ചമയേണ്ട. നിങ്ങളുടെ ഇരട്ടത്താപ്പുകളും നുണകളും എല്ലാവര്‍ക്കും അറിയാം. ഇത്രയും കാലം ഞാന്‍ നിങ്ങളെ ബഹുമാനിക്കുകയും ഒരു സുഹൃത്തായി കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും നിങ്ങള്‍ സ്‌ക്രീനിനു പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ പറയുന്നത് പോലെ സത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തായാലും നിങ്ങള്‍ക്ക് എന്റെ വോട്ട് നഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ,’വരലക്ഷ്മി ട്വിറ്ററിലൂടെ പറഞ്ഞു.

വരലക്ഷ്മിയും വിശാലും പ്രണയത്തിലായിരുന്നു എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നടികര്‍സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും രണ്ട് പക്ഷത്തായിരുന്നു. ഈ സമയം വരലക്ഷ്മി വിശാലിനെയാണ് പിന്തുണച്ചത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയമാണെന്ന് ഏവരും ഉറപ്പിച്ചു. അതിനിടെ താന്‍ ഉടൻ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്ന് വിശാല്‍ പ്രഖ്യാപിച്ചു. തന്നോട് ആലോചിക്കാതെ വിശാൽ നടത്തിയ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പ്രണയബന്ധം തകരാൻ ഇടയാക്കിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Varalaxmi sarathkumar blasts vishal