scorecardresearch

ആ കുഞ്ഞിനെ വെറുതെ വിടൂ; വാമികയുടെ മുഖം പകർത്തിയ ടിവി ചാനലിന് ആരാധകരുടെ വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം മൂന്നാം ഏകദിനം കളിക്കുമ്പോൾ, മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ അനുഷ്ക ശർമ്മയും വാമികയും ഇരിക്കുന്ന സ്റ്റാൻഡിലേക്ക് ക്യാമറ പാൻ ചെയ്തു, ദമ്പതികളുടെ മകളുടെ മുഖം വെളിപ്പെടുത്തി.

virat kohli anushka sharma, virat anushka, virat anushka vamika, vamika kohli, virat anushka photos, vamika photos, virat anushka

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും മകൾ വാമികയെ ടിവിയിൽ കാണിച്ചത് ആരാധകരെ രോഷാകുലരാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം മൂന്നാം ഏകദിനം കളിക്കുമ്പോൾ, മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ അനുഷ്ക ശർമ്മയും വാമികയും ഇരിക്കുന്ന സ്റ്റാൻഡിലേക്ക് ക്യാമറ പാൻ ചെയ്തു, ദമ്പതികളുടെ മകളുടെ മുഖം വെളിപ്പെടുത്തി. വിരാടും അനുഷ്‌കയും മകളുടെ മുഖം പരസ്യമായി വെളിപ്പെടുത്തരുത് എന്നും അവളുടെ സ്വകാര്യത മാനിക്കണം എന്നും അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരുടെയും ആരാധകർ രോഷാകുലരായി.

ഞായറാഴ്ചത്തെ ഗെയിമിനിടെ ടെലികാസ്റ്റർ കുഞ്ഞ് വാമികയെ പിടിച്ച് നിൽക്കുന്ന അനുഷ്കയെ കാണിച്ചു. ഗ്രൗണ്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്യാമറ കുറച്ച് നിമിഷങ്ങൾ അവരിൽ തന്നെ തങ്ങി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രകോപിതരായ ഫാൻസ്‌ സോഷ്യൽ മീഡിയയിൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ‘ബ്രോഡ്കാസ്റ്റർ അവരുടെ സ്വകാര്യതയെ മാനിക്കണമായിരുന്നു,’ എന്ന് ഒരു ട്വീറ്റ് പറഞ്ഞപ്പോൾ, ‘വാമികയുടെ മുഖം കാണിച്ചത് വളരെ തെറ്റായിരുന്നു, പ്രത്യേകിച്ചും വിരാടും അനുഷ്‌കയും അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോൾ.’ മറ്റൊരാൾ ട്വീറ്റ് ചെയ്തു: ‘സ്വകാര്യതയെ മാനിക്കാതെ അവർ ഇങ്ങനെ ചെയ്യുന്നത് മോശമാണ്!’

ഈ ഫോട്ടോ ഏറ്റെടുത്ത മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അത് ഡിലീറ്റ് ചെയ്യാൻ ആരാധകർ ആവശ്യപ്പെട്ടു. അത്തരം ട്വീറ്റുകൾ റിപ്പോർട്ട് ചെയ്യാൻ മറ്റുള്ളവരോട് പറയുകയും അത് ഡിലീറ്റ് ചെയ്യാനായി ഔദ്യോഗിക അക്കൗണ്ടുകളെ ടാഗ് ചെയ്യുകയും ചെയ്തു.

അതേസമയം, ക്യാമറ തങ്ങൾക്ക് നേരെയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അന്ന് ഞങ്ങൾ പറഞ്ഞത് അതേപടി നിലനിൽക്കുമെന്നും അനുഷ്‍ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ” സുഹൃത്തുക്കളെ! ഇന്നലെ സ്റ്റേഡിയത്തിൽ വെച്ച് ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്തിയതായും അതിനുശേഷം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായും ഞങ്ങൾ മനസ്സിലാക്കുന്നു. ക്യാമറ ഞങ്ങളുടെ നേരെയാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നുവെന്ന് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാടും അഭ്യർത്ഥനയും അതേപടി നിലനിൽക്കുന്നു. ഞങ്ങൾ നേരത്തെ വിശദീകരിച്ച കാരണങ്ങളാൽ വാമികയുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാതിരിക്കുന്നതിനെ ഞങ്ങൾ വലിയ രീതിയിൽ അഭിനന്ദിക്കുന്നു.” അനുഷ്‌ക കുറിച്ചു.

അടുത്തിടെ ക്യാപ്റ്റൻ സ്ഥാനം രാജി വച്ച വിരാട് കോഹ്‌ലി മത്സരത്തിലെ തന്റെ അർദ്ധ സെഞ്ച്വറി വാമികയ്ക്ക് സമർപ്പിച്ചു.ഒരു തൊട്ടിലിന്റെ ആംഗ്യത്തോടെയാണ് കോഹ്ലി തന്റെ അർദ്ധ സെഞ്ച്വറി ആഘോഷിച്ചത്. ഓൺലൈനിൽ വൈറലായ വീഡിയോകളിൽ, അനുഷ്ക കോഹ്‌ലിയ്ക്ക് വേണ്ടി കൈയ്യടിക്കുകയും വാമികയ്ക്ക് ഒരു ചുംബനം നൽകുകയും വിരാടിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് വിരാട് – അനുഷ്‌ക ദമ്പതികൾക്ക് വാമിക എന്ന മകൾ ജനിക്കുന്നത്. ഇരുവരും ആരാധകർക്കായി വാമികയുടെ ഫോട്ടോകൾ പങ്കിടാൻ വിസമ്മതിച്ചിരുന്നു. അവളുടെ ഫോട്ടോകൾ ക്ലിക്ക് ചെയ്യരുതെന്ന് പാപ്പരാസികളോട് അഭ്യർത്ഥിക്കുകയും അവളുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കാത്തതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ‘ഞങ്ങളുടെ കുട്ടിക്ക് സ്വകാര്യത ആഗ്രഹിക്കുന്നു. മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ അവൾക്ക് അവസരം നൽകുന്നതിന് ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരിക്കാൻ ശ്രമിച്ചതിന് ഫാൻ ക്ലബ്ബുകൾക്കും ഇന്റർനെറ്റിലെ ആളുകൾക്കും പ്രത്യേക നന്ദി,’ അവർ സോഷ്യൽ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vamika photo virat kohli anushka sharma daughter first pics leaked