ലോകം ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുകയാണ്. പ്രണയിതാക്കൾക്കൊപ്പം ഈ പ്രണയദിനം മനോഹരമായൊരു ഓർമ്മയാക്കി മാറ്റുകയാണ് പ്രിയതാരങ്ങളും. സംവൃത സുനിൽ, പേളി മാണി, ജനീലിയ ഡിസൂസ, കരീന കപൂർ തുടങ്ങിയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വാലന്റൈൻസ് ഡേ ചിത്രങ്ങളും ആശംസകളും ഷെയർ ചെയ്തിട്ടുണ്ട്.
വിവാഹശേഷമുള്ള ആദ്യ വാലന്റൈൻസ് ഡേ മുംബൈയിൽ ആഘോഷിക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും മുംബൈ എയർപോർട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
നടന്മാരായ ടൊവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി എന്നിവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വാലന്റൈൻസ് ഡേ ആശംസകൾ നേർന്നിട്ടുണ്ട്.
“ഹാപ്പി വാലന്റൈൻസ് ഡേ. സ്നേഹം കണ്ടെത്തുന്ന പ്രക്രിയയിൽ, സ്വയം സ്നേഹിക്കാൻ ഒരിക്കലും മറക്കരുത്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ നിങ്ങൾ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ സ്വയം ശ്രദ്ധിക്കുക. നിങ്ങൾ സ്വയം പ്രവർത്തിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുക, കാരണം നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിനും ജനനം മുതൽ മരണം വരെ ഒരുമിച്ച് നിൽക്കണം,” എന്നാണ് നടി അഹാനയുടെ വാലന്റൈൻസ് ഡേ ആശംസ.
പ്രണയദിനത്തിൽ ഭർത്താവ് അഖിലിനൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് സംവൃത ഷെയർ ചെയ്തിരിക്കുന്നത്. മകൻ അഗസ്റ്റ്യയാണ് ചിത്രം പകർത്തിയത്.
പ്രണയത്തിന്റെ 20-ാം വർഷം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ദമ്പതികളായ ജനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. “നിന്നോട് എനിക്കുളളത് പ്രണയമല്ല, ഭ്രാന്തമായൊരു വികാരമാണെ”ന്നാണ് റിതേഷ് കുറിക്കുന്നത്. കടന്നുപോവുന്ന ഓരോ വർഷവും ഈ ഭ്രാന്താണ് പ്രണയമെന്ന് ഞാൻ തിരിച്ചറിയുന്നു എന്നാണ് റിതേഷിന്റെ പോസ്റ്റിന് ജനീലിയ നൽകിയ കമന്റ്.
വാലന്റൈൻസ് ഡേയിൽ സെയ്ഫ് അലിഖാന്റെയും തൈമൂറിന്റെയും ചിത്രത്തിനൊപ്പമാണ് കരീന ആശംസകൾ പങ്കുവച്ചത്.
സെന്റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നു കരുതപ്പെടുന്നു. അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു.
എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.