സാഷാ തിരുപതിയുടെ സുന്ദരസ്വരത്തില്‍ വാന്‍ വരുവാന്‍…
25 വര്‍ഷം, റോജയില്‍ തുടങ്ങിയ മണിരത്നം-എ.ആര്‍.റഹ്മാന്‍ കൂട്ട് കെട്ട് ഒരു തവണ പോലുമിതിനിടയില്‍ നിരാശപ്പെടുത്തിയില്ല. ഓരോ ആല്‍ബത്തിനായും പ്രേക്ഷകര്‍ കാത്തിരുന്നു, കേട്ടത് വീണ്ടും വീണ്ടും കേട്ടു.
ഇന്നിതാ, പ്രണയദിന സമ്മാനമായി മണിരത്നവും എ.ആർ.റഹ്‌മാനും ചേർന്നൊരുക്കിയ മറ്റൊരു സംഗീത വിസ്‌മയം ചുരുളഴിയുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈയിലെ വാന്‍ വരുവാന്‍ എന്ന ഗാനത്തിന്‍റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇന്ന് റിലീസ് ചെയ്തത്.
കാത്തിരിപ്പ് ധ്വനിപ്പിക്കുന്ന വാന്‍ വരുവാന്‍ പാടിയിരിക്കുന്നത് സാഷാ തിരുപതി. വൈരമുത്തുവിന്‍റെ വരികള്‍. ഗാനത്തിന്‍റെ 30 സെക്കന്റോളം വരുന്ന പ്രോമോ മുന്‍പ് പുറത്തു വിട്ടിരുന്നു. ഇത് കൂടാതെ ചിത്രത്തിലെ തന്നെ അഴകിയേ എന്ന ഗാനവും റിലീസ് ചെയ്തിട്ടുണ്ട്. റഹ്മാന്‍റെ കൈയ്യൊപ്പുള്ള രണ്ടിനും വലിയ സ്വീകരണമാണ് ലഭിച്ചത്.

കാട്ര് വെളിയിടൈ ഒരു പ്രണയ ചിത്രമായിരിക്കും എന്ന സൂചനയാണ് ഈ ഗാനവും നൽകുന്നത്. കാർത്തിയും അതിഥി റാവുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിദ്ധാർത്ഥ് ശ്രീനാഥ്, രുഗ്‌മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണിരത്നമാണ് ചിത്രം നിർമ്മിക്കുന്നത്. ഊട്ടി, കൂനൂർ, കൊടൈക്കനാൽ,ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ഏപ്രില്‍ 7നാണ് റിലീസ്.