scorecardresearch

ഹാപ്പി ലാലന്റൈൻസ് ഡേ !

വാലന്റൈൻസ് ഡേയിൽ ആശംസകളുമായി മലയാളികളുടെ സ്വന്തം ലാലേട്ടനും.

mohanlal, valentines day

വാലന്റൈൻസ് ഡേയിൽ ആശംസകളുമായി മലയാളികളുടെ സ്വന്തം ലാലേട്ടനും. പ്രണയിക്കുന്നവരുടെ ദിനത്തിൽ ഫെയ്‌സ്ബുക്കിലാണ് മോഹൻലാൽ ആശംസ നേർന്നത്. ഹൃദയത്തിന്റെ ആകൃതിയിൽ കൈ പിടിച്ച ചിത്രമാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചത്. ‘ഹാപ്പി ലാലന്റൈൻസ് ഡേ’ എന്നാണ് ചിത്രത്തിന്റെ താഴെ അദ്ദേഹം എഴുതിയത്.

നിരവധി പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നിത്യഹരിത നായകൻ ‘വാലന്റൈൻ’നിനു പകരം ‘ലാലന്റൈൻ’ എന്ന് ചേർത്തതിൽ ഒട്ടും അതിശയോക്തിയില്ല. ലാലേട്ടനെ പ്രണയിച്ച് നടക്കുന്ന ആൺപ്പിള്ളേർക്ക് എന്തിനാ വാലന്റെൻസ് ഡെ എന്നെല്ലാമുളള കമന്റുകളാണ് ആശംസയ്‌ക്ക് ആരാധകർ മറുപടി നൽകിയത്. ലക്ഷക്കണക്കിന് ആരാധകരുടെ ഒരേയൊരു വാലന്റൈൻ മോഹൻലാലാണെന്നും ആരാധകർ പറയുന്നു.

മോഹൻലാൽ അഭിനയിച്ച നിരവധി ഹിറ്റ് സിനിമകൾ പ്രണയ ചിത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങളെല്ലാം മലയാളി എന്നും ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്‌തു. 1987ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ ഇന്നും പ്രണയത്തോട് ഉപമിക്കുന്ന ചിത്രമാണ്. ജയകൃഷ്‌ണനും ക്ലാരയും മഴയുമെല്ലാം അന്നും ഇന്നും എന്നും പ്രണയത്തിന്റെ അനുഭൂതി നിറയ്‌ക്കുന്നവയാണ്.

ബൈബിളിലെ സോളമന്റെ ഉത്തമഗീതം പോലെ പ്രണയാർദ്രമാണ് പത്മരാജൻ സംവിധാനം ചെയ്‌ത നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. മുന്തിരിവളളികൾ പടർന്നു കയറുന്നതുപോലെ പ്രണയം മൊട്ടിടുന്നത് മനോഹരമായി ഇതിലൂടെ കാണിച്ചിരിക്കുന്നു. 1989ൽ ഇറങ്ങിയ വന്ദനം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രത്തിന് നായികയുമായി ഒന്നിച്ചു ചേരാൻ കഴിയാതെ പോകുമ്പോൾ അത് എന്നും പ്രേക്ഷകരുടെ മനസ്സിൽ നൊമ്പരമായി ബാക്കി നിൽക്കും.

പ്രിയദർശൻ ചിത്രമായ തേന്മാവിൻ കൊമ്പത്ത് നർമംകൊണ്ടും ലാലിന്റെ അഭിനയ പ്രതിഭകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പ്രിയദർശന്റെ തന്നെ ഹലോ മൈ ഡിയർ റോങ്ങ് നമ്പറും ഫാസിലിന്റെ ഹരികൃഷ്‌ണൻസും ലാലിന്റെ പ്രണയം പകർത്തിയവയായിരുന്നു, ഈയിടെ ഇറങ്ങിയ മുന്തിരി വളളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രവും മോഹൻലാലിന്റെ പ്രണയത്തിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Valentines day 2017 mohanlal wishes fans on facebook for fans