പ്രണയം തോന്നിയാൽ പിന്നെ പറയാതിരിക്കാനാവില്ല.. പക്ഷേ എങ്ങനെ പറയും.. എപ്പോൾ പറയും.. എങ്ങനെ പറഞ്ഞാലായിരിക്കും അവൾക്ക് ഇഷ്‌ടപ്പെടുക.. അങ്ങനെ നൂറു ചോദ്യങ്ങളുമായി തലപുകയുന്പേഴാണ് ദുൽഖറിന്റെ ആ ഡയലലോഗ് മനസ്സിൽ വരുന്നത്. പിന്നെയൊന്നും ആലോചിച്ചില്ല. നേരെ പോയി അവളുടെ മുന്നിൽ നിന്ന് ധൈര്യപൂർവ്വം വച്ചുകാച്ചി… എനിക്ക് തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഇഷ്‌ടമെന്ന്. അതോടെ കലിപ്പിച്ചിരുന്ന അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി പടർന്നു.

ബാംഗ്ലൂർ ഡേയ്‌സ്

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിത്തോട്ടങ്ങളിൽ പോയി മുന്തിരി വളളികൾ തളിർത്ത് പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്‌തുവോ എന്ന് നോക്കാം…” എന്ന് സോളമൻ പൂർത്തിയാക്കാതെ നിർത്തി. സോഫിയ ബൈബിൾ നോക്കി അത് പൂരിപ്പിക്കുമ്പോൾ പ്രണയം മൊട്ടിടുന്നത് മനോഹരമായി പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു. ഒരു കാലത്തെ ചെറുപ്പക്കാരുടെ ഹരമായി പിന്നീട് സോളമന്റെയും സോഫിയയുടെയും പ്രണയം മാറി.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

വന്ദനത്തിലെ ഗാഥയോട് എന്നോട് പറ ഐ ലവ് യൂ..ന്ന്.. പറയുന്ന ഉണ്ണികൃഷ്‌ണനേയും നാം ഒരിക്കലും മറക്കാൻ ഇടയില്ല. മോഹൻലാലിന്റെ ഉണ്ണികൃഷ്‌ണൻ എന്ന കഥാപാത്രം നായികയെക്കൊണ്ട് നിർബന്ധിച്ച് ഇഷ്‌ടം പറയിക്കുന്ന സീൻ പലപ്പോഴും തമാശയായും നാം പ്രയോഗിക്കുന്നത് അതിന്റെ രസകരമായ അവതരണം കൊണ്ടുകൂടിയാണ്.

വന്ദനം

ഒരുതരം ഭ്രാന്തമായ പ്രണയമായിരുന്നു അന്നയുടെയും റസൂലിന്റേയും. തന്റെ ഇഷ്‌ടം തുറന്നു പറയാനായി ദിവസങ്ങളോളം അന്നയെ(ആൻഡ്രിയ) പിന്തുടരുന്ന റസൂലിന്(ഫഹദ്) അവസാനം വീണു കിട്ടിയ ഒരവസരം മുതലാക്കി അത് പറഞ്ഞു. ഒറ്റ വാക്കിൽ അതു പറഞ്ഞൊതുക്കിയപ്പോൾ റസൂലിന്റെ മുഖത്തെ ആശ്വാസവും അന്നയുടെ മുഖത്തെ പരിഭ്രമവും എല്ലാ കമിതാക്കളുടേയും അനുഭവമായി മാറും.

അന്നയും റസൂലും

എന്തു ജോലി തന്നാലും ചെയ്‌തോളാം എന്ന് നിവൃത്തികേടുകൊണ്ട് തമ്പുരാനോട് പറയുന്ന ഗൗതമിയുടെ കഥാപാത്രത്തോട് എന്നാൽ നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കുവാൻ സമ്മതം ചോദിക്കുന്നിടത്ത് പ്രണയത്തിനും സ്‌നേഹത്തിനും ജാതിയും ഗോത്രവുമൊന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ്. വിവാഹത്തിന് സമ്മതം ചോദിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ആഢ്യത്തത്തോടെ പറഞ്ഞ് നിർത്തുമ്പോൾ നായികയുടെ കണ്ണ് നിറയുന്നു.

ധ്രുവം

ഇതുപോലെ പ്രണയം പറയാൻ പലപ്പോഴും നമ്മൾ കൂട്ടുപിടിക്കുന്നത് സിനിമകളെയാണ്. പ്രണയത്തിന് ഭാഷയോ അതിർവരന്പോ ഇല്ലാത്തതിനാൽ പല ഭാഷകളിലും ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ പല രീതികളിലും നായികാ നായകന്മാർ പ്രണയം പറഞ്ഞിട്ടുണ്ട്. അതിൽ ചില പ്രപ്പോസലുകളും ഡയലോഗുകളും ഇന്നും ഹിറ്റാകുന്നത് അതിന്റെ വ്യത്യസ‌്തതകൊണ്ടാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ