/indian-express-malayalam/media/media_files/2026/01/30/valathu-vashathe-kallan-movie-review-rating-2026-01-30-13-02-16.jpg)
Valathu Vashathe Kallan Movie Review & Rating: ബിജു മേനോൻ-ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങ​ളാക്കി ജീത്തു ജോസഫ് ഒരുക്കിയ 'വലതുവശത്തെ കള്ളൻ' പതിവ് ക്രൈം ത്രില്ലർ- കുറ്റാന്വേഷണ സ്വഭാവത്തിൽ തീർത്തൊരു സിനിമയല്ല. മറിച്ച്, അത് മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സിനുള്ളിലേക്കും മനസാക്ഷിയുടെ നീതിപീഠത്തിലേക്കും നടത്തുന്ന ഒരു പര്യവേഷണമാണ്.
Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?
നീതി ഉറപ്പാക്കാൻ ബാധ്യസ്ഥനെങ്കിലും, പലപ്പോഴും തന്റെ മുന്നിലെത്തുന്ന മനുഷ്യർക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു പോവുന്ന ഒരു പൊലീസ് ഓഫീസറാണ് സർക്കിൾ ഇൻസ്പെക്ടറായ ആന്റണി സേവ്യർ. മനുഷ്യാവകാശ പ്രവർത്തകയായ ഐറിൻ എന്ന പെൺകുട്ടിയുടെ തിരോധാനം അയാൾക്ക് മുന്നിലെത്തുന്നു. വെറുമൊരു മിസ്സിംഗ് കേസ് എന്നതിലുപരി, ആ കേസിന്റെ നാൾവഴികൾ ആന്റണിയുടെ ജീവിതത്തെ സംഘർഷഭരിതമാക്കുകയാണ്.
സാമുവൽ ജോസഫ് എന്ന അച്ഛന്റെ പ്രതികാരം ആന്റണിയെ എത്തിക്കുന്നത് കരിയറിലെ ഏറ്റവും വലിയ മരണപ്പോരാട്ടത്തിലേക്കാണ്. കയ്യിൽ സമയമില്ല. ഉത്തരം കണ്ടത്തേണ്ട, ചുരുളഴിക്കേണ്ട സത്യങ്ങൾ. പൂരിപ്പിക്കേണ്ട പസിൽ. ആന്റണിയുടെ ആത്മസംഘർഷങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
Also Read: ഓട്ടോയിൽ വന്നിറങ്ങി മോഹൻലാലും യൂസഫലിയും; വീഡിയോ
ബിജു മേനോന്റെ ആന്റണി സേവ്യറും ജോജു ജോർജിന്റെ അതിബുദ്ധിമാനായ സാമുവൽ ജോസഫും തമ്മിലുള്ള കൊമ്പുകോർക്കലാണ് ഈ ചിത്രത്തിന്റെ ജീവൻ. പതിഞ്ഞ താളത്തിൽ തുടങ്ങി, ഇരുവരും നേർക്കുനേർ എത്തുന്നതോടെ സിനിമ ഒരു ഗ്രിപ്പിംഗ് ത്രില്ലറായി മാറുന്നു.
കേവലമൊരു ഇൻവെസ്റ്റിഗേഷൻ എന്നതിനപ്പുറം, വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ വ്യക്തികളിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന ആഘാതങ്ങളെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും ചിത്രം ഗൗരവമായി അടയാളപ്പെടുത്തുന്നു. നീതി നടപ്പിലാക്കേണ്ട നിയമവ്യവസ്ഥ അതിന്റെ ഗുണഭോക്താക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിലേക്കും, 'ടോക്സിക് പാരന്റിംഗ്' വ്യക്തികളുടെ ജീവിതത്തിൽ ഏൽപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകളിലേക്കും 'വലതുവശത്തെ കള്ളൻ' വിരൽചൂണ്ടുന്നു.
Also Read: കാമുകനുമായി വേർപിരിഞ്ഞു, ആങ്സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ
'ബാഡ് കോപ്പ്' ഇമേജുള്ള, ചെയ്ത കാര്യങ്ങളിൽ തെല്ലും കുറ്റബോധമില്ലാത്ത ആന്റണിയായി ബിജു മേനോൻ സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ, ആഴത്തിലുള്ള വൈകാരിക നിമിഷങ്ങളെ ജോജു ജോർജ് തന്റെ തനത് ശൈലിയിൽ മനോഹരമായി കൈകാര്യം ചെയ്തു. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ് എന്നിവരടങ്ങുന്ന വലിയ താരനിരയും തങ്ങളുടെ പ്രകടനം കൊണ്ട് ചിത്രത്തിന് കരുത്തേകി. കെ.ആർ. ഗോകുൽ, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ് കെ.യു തുടങ്ങിയവരും സ്വന്തം വേഷങ്ങൾ മികവുറ്റതാക്കി.
സതീഷ് കുറുപ്പിന്റെ ദൃശ്യഭാഷയും വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് പൂർണ്ണമായും നീതിപുലർത്തുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയ്ക്ക് ആവശ്യമായ ഉദ്വേഗം നിലനിർത്തുന്നതിൽ ഈ സാങ്കേതിക മികവ് വലിയ പങ്കുവഹിച്ചു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഡിനു തോമസ് ഈലൻ ഒരുക്കിയ തിരക്കഥയിൽ ഉദ്വേഗജനകമായ ചില മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും, ഒരു കംപ്ലീറ്റ് പാക്കേജ് എന്ന നിലയിൽ തിരക്കഥ വേണ്ടത്ര കരുത്ത് പുലർത്തുന്നില്ല. കഥയുടെ പലയിടങ്ങളിലുമുള്ള ലൂസ് എൻഡുകളും, ആഴമില്ലാത്ത വൈകാരിക തലങ്ങളും ആസ്വാദനത്തിന് നേരിയ തടസ്സമാകുന്നുണ്ട്. ഒരു ജീത്തു ജോസഫ് ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്ന 'ത്രില്ലിംഗ് ഫാക്ടർ' ഇവിടെ മിസ്സിംഗ് ആണ്. എങ്കിലും, സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് നീതി പുലർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ചില പരിമിതികൾക്കിടയിലും കാണേണ്ട വിഷയങ്ങൾ സംസാരിക്കുന്ന ഒരു 'ഡീസന്റ് വാച്ച്' ആണ് 'വലതുവശത്തെ കള്ളൻ'.
Also Read: എന്നെ ശല്യപ്പെടുത്താതെ, രജനി സാർ തറയിൽ കിടന്നുറങ്ങി: അരവിന്ദ് സാമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us