ചെന്നൈ: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാളി ഗായകന്‍ വൈഷ്ണവ് ഗിരീഷിന് സ്വപ്നസാഫല്യം. ഇന്ത്യന്‍ സംഗീതത്തിലെ മിശിഹ, മദ്രാസ് മൊസാര്‍ട്ടെന്ന പേരില്‍ അറിയപ്പെടുന്ന എആര്‍ റഹ്മാനു മുന്നിൽ വൈഷ്ണവ് പാടി. ഇളയദളപതി വിജയ്‌യുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു. വിജയ് ചിത്രം മെര്‍സല്‍ ഓഡിയോ ലോഞ്ചിലാണ് റഹ്മാന്റെയും അണിയറപ്രവര്‍ത്തകരുടെയും ക്ഷണപ്രകാരം വൈഷ്ണവിന് പാടാന്‍ അവസരം ലഭിച്ചത്.

മണിരത്‌നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിനായി റഹ്മാന്‍ ഈണമിട്ട ഉയിരേ എന്ന ഗാനമാണ് വൈഷ്ണവ് ഗിരീഷ് റഹ്മാന് മുന്നില്‍ മെര്‍സല്‍ വേദിയില്‍ ആദ്യം ആലപിച്ചത്. പിന്നീട് വിണ്ണൈത്താണ്ടി വരുവായാ എന്ന സിനിമയിലെ ആരോമലേ എന്ന ഗാനവും പാടി. മലയാളി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ആണ് ഈ ഗാനം തമിഴില്‍ പാടിയിരുന്നത്. തമിഴിനൊപ്പം മലയാളം വരികളും അടങ്ങിയതാണ് ഈ പാട്ട്. റഹ്മാനൊപ്പം ആറ്റ്‌ലി, വിജയ്, ധനുഷ് എന്നിവരും വൈഷ്ണവ് ഗിരീഷിന്റെ പാട്ടിന് ആസ്വാദകരായി. തന്റെ സ്വപ്‌നം സഫലീകരിച്ചത് റഹ്മാനും വിജയ്ക്കും ആറ്റ്‌ലിക്കും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍്ക്കും നന്ദി അറിയിച്ചു വൈഷ്ണവ്.

മലയാളി ഗായകനായ വൈഷ്ണവ് ഗിരീഷ് റഹ്മാന് മുന്നില്‍ ആദ്യമായി പാടിയപ്പോള്‍ തമിഴിനൊപ്പം മലയാളവും ആലപിച്ചത് സോഷ്യല്‍ മീഡിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. ചലച്ചിത്ര സംഗീത ജീവിതത്തിലും അഭിനയജീവിതത്തിലും യഥാക്രമം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏ.ആര്‍. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ് കൂടിയായിരുന്നു മെര്‍സല്‍ ഓഡിയോ ലോഞ്ച്. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ലോഞ്ച്.

നേരത്തേ പരിപാടിയിൽ ഷാരൂഖിനെ എടുത്തു പൊക്കിയും വൈഷ്ണവ് വാർത്തകളിൽ ഇടം നേടിയിരുന്നു. വൈഷ്ണവിൻ്റെ പാട്ടിനെ അഭിനന്ദിച്ച കിങ് ഖാൻ അന്നു പറഞ്ഞത്, പണ്ട് താൻ വിചാരിച്ചിരുന്നത് തനിക്ക് പാട്ടു പാടി ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ പറ്റില്ലെന്നായിരുന്നു. പക്ഷെ തൻറെ ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടത് പാട്ടുകളിലൂടെയാണ്. നല്ല പാട്ടുകൾ സമ്മാനിച്ച എഴുത്തുകാർക്കും സംഗീത സംവിധായകർക്കും അന്ന് അദ്ദേഹം നന്ദിയും പറഞ്ഞിരുന്നു.

താൻ വൈഷ്ണവിൻറെ കടുത്ത ആരാധകനായി എന്നായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ ഇംത്യാസ് അലി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ