സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിനെ കൂളായി പൊക്കിയെടുത്തതിലൂടെയാണ് വൈഷ്ണവ് ഗിരീഷ് കൂടുതൽ പ്രശസ്തനായത്. പിന്നീട് ഇങ്ങ് കേരളത്തിൽവച്ച് നടന്ന റിയാലിറ്റി ഷോയില്‍ കുഞ്ചാക്കോ ബോബനെയും വൈഷ്ണവ് പൊക്കിയെടുത്തു. ഇപ്പോഴിതാ ദുൽഖർ സൽമാനെയും പുഷ്പം പോലെ പൊക്കിയെടുത്തിരിക്കുകയാണ് വൈഷ്ണവ്. ഷാർജയിൽ നടന്ന ഏഷ്യാവിഷൻ 2017 ന്റെ അവാർഡ്ദാന ചടങ്ങിന്റെ സ്റ്റേജിൽവച്ചാണ് കുഞ്ഞിക്കയെയും വൈഷ്ണവ് എടുത്തു പൊക്കിയത്.

ഭാര്യ അമാലിനൊപ്പമാണ് ദുൽഖർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. വൈഷ്ണവ് കുഞ്ഞിക്കയെ പൊക്കിയെടുക്കുന്നത് കണ്ട് അമാൽ ചിരിക്കുകയും ചെയ്തു. ആദ്യം ഒന്നു മടിച്ചുനിന്നശേഷമാണ് തന്നെ പൊക്കിയെടുക്കാൻ ദുൽഖർ സമ്മതിച്ചത്.

‘ജബ് ഹാരി മെറ്റ് സേജൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഗീത റിയാലിറ്റി ഷോയിലെത്തിയപ്പോഴാണ് വൈഷ്ണവ് കിങ് ഖാനെ പൊക്കിയെടുത്തത്. ഷോയിലെ മൽസരാർഥികൾക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്. സിനിമയിൽ നായികമാരെ എടുത്തുപൊക്കിയിട്ടുളള ഷാരൂഖിന്, തന്നെ ഒരു ചെറിയ ചെക്കൻ കൂളായി എടുത്തുപൊക്കിയപ്പോൾ ചിരിയടക്കാനും കഴിഞ്ഞില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ