ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ട, പരിഗണിച്ചതിന് നന്ദിയെന്ന് വൈരമുത്തു. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി പുരസ്കാരം നൽകിയതിനെ തുടർന്ന് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. മീടൂ ആരോപണവിധേയനായ ഒരാൾക്ക് ഒഎൻവിയുടെ പേരിലുള്ള പുരസ്കാരം നൽകിയത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണ് വൈരമുത്തു.
“എനിക്ക് ഒഎൻവി പുരസ്കാരം നൽകുമെന്ന് അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് ഒഎൻവി കൾച്ചറൽ അക്കാദമിയിലേക്ക് തിരികെ അയക്കുന്നു. അതിനോടൊപ്പം തന്നെ സമ്മാനത്തുകയായ മൂന്നുലക്ഷം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അപേക്ഷയും അതിനൊപ്പം വച്ചിട്ടുണ്ട്. അതവർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. കൂടാതെ എന്റെ സ്വന്തം പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപ കൂടി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്,” വൈരമുത്തു പറയുന്നു.
മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിരെ എഴുത്തുകാരായ എൻ എസ് മാധവൻ, കെ ആർ മീര, സിനിമാതാരങ്ങളായ പാർവ്വതി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഗായിക ചിന്മയി ശ്രീപദ, സംവിധായിക അഞ്ജലി മേനോൻ എന്നിവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
മലയാള സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ, കവിയും ഗാനരചയിതാവും മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയുമായ പ്രഭാവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.
പ്രതിഷേധങ്ങൾ ശക്തമായതോടെ വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കുമെന്ന് അക്കാദമി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. “ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം അവാർഡ് നിർണ്ണയ സമിതിയുടെ നിർദ്ദേശപ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി അറിയിക്കുന്നു,” ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്മാന് അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതിനിടയിലാണ്, ഈ വിഷയത്തിൽ വൈരമുത്തു പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്.
Read more: Explained: ഒഎൻവി പുരസ്കാരം പുനഃപരിശോധിക്കാൻ തീരുമാനിച്ച് അക്കാദമി; എന്തുകൊണ്ട്?