സംഗീതമെന്ന ഔഷധത്തിന്റെ ബലത്തില്‍ ഉള്‍ക്കണ്ണിലെ വെളിച്ചത്തെ സ്വരരമാധുരികൊണ്ട് വീണമീട്ടിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇരട്ടി സന്തോഷത്തിന്റെ നാളുകളാണ്. സംഗീതംകൊണ്ട് അന്ധതയെ തോല്‍പിച്ച വിജയലക്ഷ്മിയുടെ ജീവിതത്തില്‍ കൂട്ടായി തൃശൂരുകാരന്‍ സന്തോഷ് എത്തുന്നു. വരുന്ന മാര്‍ച്ച് 29നാണ് വിജയലക്ഷ്മിയുടേയും സന്തോഷിന്റെയും വിവാഹം. വെളിച്ചത്തിന്ററെ കണിക കണ്ണിൽ മിന്നാൻ തുടങ്ങിയപ്പോൾ പ്രതീക്ഷകൾക്ക് പ്രകാശത്തേക്കാൾ വേഗം. നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും അങ്ങനെ ഇമ്പമുള്ള മെലഡിപോലെ ശുഭപര്യവസാനമാകുന്നു. പുതിയ സന്തോഷങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് വിജയലക്ഷ്മി സംസാരിക്കുന്നു…

വിവാഹവിശേഷങ്ങള്‍

എന്നെയും എന്റെ സാഹചര്യങ്ങളെയും മനസ്സിലാക്കുന്ന ഒരാള്‍ വേണമെന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാനും കരുതിയിരുന്നില്ല. ദൈവാനുഗ്രഹംകൊണ്ട് ആഗ്രഹിച്ചപോലെ ഒരാളെ കിട്ടി. തൃശൂര്‍ കുന്നത്തങ്ങാടിയാണ് സന്തോഷിന്റെ വീട്. ബഹ്‌റൈനിലെ ജോലിക്ക് ഒരു ചെറിയ ഇടവേള കൊടുത്ത് ഇപ്പോള്‍ നാട്ടിലുണ്ട്. അദ്ദേഹവും സംഗീത പ്രേമിയാണ്. പാടുകയും ചെയ്യും. അതുകൊണ്ട് പാട്ടു കേള്‍ക്കാന്‍ മാത്രമല്ല, കൂടെ പാടാനും ഒരാളായി.

വിവാഹശേഷം ?

വിവാഹത്തിനു ശേഷവും പാട്ടും സിനിമയും എല്ലാം തുടരും. വിവാഹശേഷവും എന്റെ വീട്ടില്‍ നില്‍ക്കാം എന്നുള്ളതാണ് ഏറ്റവും സന്തോഷം. എനിക്ക് പുതിയൊരു സ്ഥലത്ത് പോയി എല്ലാം പരിചയപ്പെടാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇതുവരെ അച്ഛനെയും അമ്മയെയും വിട്ട് എവിടേയും മാറി നിന്നിട്ടില്ല.

സ്റ്റേജില്‍ നിന്ന് എങ്ങനെ ഇത്രയും കാണികളെ കൈയ്യിലെടുക്കാന്‍ സാധിക്കുന്നു ?

എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നേ പറയാനാകൂ. നന്നായി പ്രാര്‍ത്ഥിച്ചിട്ടാണ് കയറുന്നത്. പിന്നെ ജയചന്ദ്രന്‍ സാര്‍, അച്ഛന്‍, അമ്മ, സഹായത്തിനുള്ള ലത ചേച്ചി എല്ലാവരും പറഞ്ഞുതരും. എല്ലാവരുടേയും പിന്തുണയും കൂടിയുള്ളതുകൊണ്ടാണ് അങ്ങനെയെല്ലാം ചെയ്യാന്‍ കഴിയുന്നത്.

എന്നു മുതലാണ് സംഗീതത്തെ കൂട്ട് പിടിച്ചത് ?

ഒന്നര വയസ്സു മുതല്‍ പാട്ട് പാടുമായിരുന്നു. അഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് സംഗീതം പഠനം. ഒരുപാട് ഗുരുക്കന്മാരുടെ കീഴില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിക്കുന്നു. എം.ജയചന്ദ്രന്‍ സാറും ദാസേട്ടനും(യേശുദാസ്) ഫോണിലൂടെ പഠിപ്പിച്ചു തരാറുണ്ട്.

ഗായത്രിവീണ പഠിച്ചതെങ്ങനെ ?

പതിനഞ്ചാം വയസ്സില്‍ എന്റെ അര്‍ധസഹോദരനാണ് ആദ്യം ഒരു കളിവീണ ഉണ്ടാക്കി തരുന്നത്. അതില്‍ പ്രാക്ടീസ് ചെയ്തു കഴിഞ്ഞാണ് സമ്മാനമായി ലഭിച്ച ഗായത്രി തംബുരുവില്‍ പഠിക്കുന്നത്. അതിനുശേഷം അച്ഛന്‍ മുരളീധരനാണ് ഒറ്റക്കമ്പിയില്‍ കയ്യിലുള്ള വീണ നിര്‍മിച്ചുതന്നത്. പിന്നീടു പ്രശസ്ത വയലിന്‍ വിദ്വാന്‍ ശ്രീ കുന്നക്കുടി വൈദ്യനാഥ ഭാഗവതരാണ് ഗായത്രി വീണ എന്ന പേര് നല്‍കിയത്. മറ്റു വീണയില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ സ്വരസ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ല. പകരം, എന്റെ മനസ്സിലാണ് ഞാന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഗായത്രി വീണ ഞാന്‍ തന്നെ പഠിച്ചതാണ്. അതുകൊണ്ടാണ് മറ്റാര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാനും എനിക്ക് കഴിയാത്തത്.

സിനിമയിലേക്കുള്ള വഴി ?

ആത്മീയ യാത്ര എന്ന ചാനലില്‍ അമൃതവര്‍ഷിണി രാഗത്തില്‍ ഞാന്‍ പാടിയ പാട്ട് സംവിധായകന്‍ എം.ജയചന്ദ്രന്‍ സാര്‍ കേള്‍ക്കാനിടയായി. എന്റേത് തുറന്ന ശബ്ദമാണെന്നും എം.എസ്. സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദത്തിനോട് സാമ്യമുണ്ടെന്നും പറഞ്ഞു. ആ സമയത്ത് സെല്ലുലോയ്ഡ് സിനിമയിലേക്ക് പഴയകാല ഗാനം ആലപിക്കാനായി കമല്‍ സാര്‍ തുറന്ന ശബ്ദമുള്ള ഒരാളെ അന്വേഷിക്കുകയായിരുന്നു. അങ്ങനെയാണ് ജയചന്ദ്രന്‍ സാര്‍ വഴി സെല്ലുലോയ്ഡിലേക്ക് അവസരം കിട്ടുന്നത്.

സംഗീതം തന്നെ എല്ലാം

ദാസേട്ടന്‍, ചിത്ര ചേച്ചി, വാണിയമ്മ, സുശീലാമ്മ, ജാനകിയമ്മ എന്നുവേണ്ട എല്ലാവരുടെ ഗാനങ്ങളും ഇഷ്ടമാണ്. എനിക്ക് പഴയ മെലഡികള്‍ കേള്‍ക്കാനാണ് കൂടുതലിഷ്ടം. പുതിയ പാട്ട് പഠിക്കാന്‍ ഒരു തവണ കേട്ടാല്‍ മതിയാകും. മുറിയെല്ലാം അടച്ച് ഒറ്റയ്ക്കിരുന്ന് പാട്ട് പഠിക്കാനാണ് ഇഷ്ടം.

പുതിയ ജീവിതം… പുതിയ സ്വപ്നങ്ങള്‍

സംഗീതത്തെ സ്നേഹിക്കുന്ന എന്നെ മനസ്സിലാക്കുന്ന ഒരാളെ കിട്ടിയതില്‍ വളരെ സന്തോഷം. എന്നും സന്തോഷത്തോടെ ഒരു സാധാരണ ജീവിതം കൊണ്ടുപോകാനാണ് എനിക്കിഷ്ടം. കണ്ണിന്റെ കാഴ്‌ച തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. നിഴൽ പോലെ ഇപ്പോൾ കാണുന്നത് ഇനി ഹോമിയോ ചികിത്സകൊണ്ട് പൂർണമായും ഭേദമാകുമെന്നാണ് കരുതുന്നത്. പെരിങ്ങോട് ശങ്കരനാരായണൻ നമ്പൂതിരി പണ്ടേ പറഞ്ഞിരിന്നു വിവാഹം 35-ാം വയസ്സിൽ ശരിയാകുമെന്നും കാഴ്‌ച കിട്ടുമെന്നും. ഇനിയും ഒരുപാട് പാട്ട് പാടണമെന്നും പഠിക്കണമെന്നും ആഗ്രഹമുണ്ട്. ഇളയരാജ സാര്‍, എ.ആര്‍. റഹ്മാന്‍ സാര്‍ എന്നിവരുടെ പാട്ടുകള്‍ പാടണമെന്നും ആഗ്രഹമുണ്ട്.

കൊച്ചു കൊച്ചു സന്തോഷങ്ങളും സ്വപ്നങ്ങളുമായി മലയാളികളുടെ സ്വന്തം വിജി പാട്ടിന്റെയും ജീവിതത്തിന്റെയും പുതിയ വഴികളിലേക്ക് കടക്കുകയാണ്…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ