അടുത്ത വർഷമാകുമ്പോഴേക്ക് കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു വിജയലക്ഷ്മി ഇത് സംബന്ധിച്ച് സംസാരിച്ചത്.

‘അടുത്ത വർഷം ലോകം കണ്ടിരിക്കും. രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിൽ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം,’ വിജയലക്ഷ്മി പറഞ്ഞു.

ഈ മാസമാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും. രണ്ടു വര്‍ഷമായി അനൂപിനെ അറിയാമെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു.

‘ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, വിജയലക്ഷ്മി പറഞ്ഞു.

നേരത്തേ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന വിജയലക്ഷ്മി ധൈര്യപൂര്‍വം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷവും സംഗീത പരിപാടികൾ തുടരാമെന്നും വിജയലക്ഷ്‌മിയുടെ വൈക്കത്തെ വീട്ടിൽ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് എന്നയാള്‍ വിവാഹ നിശ്‌ചയത്തിന് മുൻപ് പറഞ്ഞിരുന്നു.

എന്നാൽ വിവാഹശേഷം സംഗീത പരിപാടികൾക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളിൽ അധ്യാപികയായി തുടർന്നാൽ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്‌മിയുടെ വീട്ടിൽ വന്നു താമസിക്കാനാകില്ലെന്നും വിവാഹശേഷം തൃശൂരിൽ കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്‌ക്കാൻ വിജയലക്ഷ്‌മിയെ പ്രേരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook