ചെന്നൈ: സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് അംഗീകാരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല ചാന്‍സിലര്‍ഡോ. എ സെല്‍വിന്‍കുമാര്‍ വിജയലക്ഷ്മിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. സംഗീതത്തിലെ മികവം പരിഗണിച്ചാണ് അംഗീകാരം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. തനിക്ക് നല്‍കിയ അംഗീകാരം മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുന്നതായി വിജയലക്ഷ്മി പ്രതികരിച്ചു.

ഇങ്ങനെ ഒരു ബഹുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദൈവാനുഗ്രഹം ആണെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നേരത്തേ ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നു കയറിയിട്ടുണ്ട് വൈക്കം വിജയലക്ഷ്മി. ആറ് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരി നടത്തിയാണ് അവര്‍ നേട്ടം കൈവരിച്ചിരുന്നത്.
ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്.

സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വൈക്കം വിജയലക്ഷ്മി സിനിമ പിന്നണി ഗാന രംഗത്തേക്കെത്തുന്നത് അവിചാരിതമായിട്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിലാണ് ആദ്യമായി വിജയലക്ഷ്മി പിന്നണി പാടുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.

ആദ്യമായി പാടിയ രണ്ട് സിനിമകളിലെ ഗാനത്തിനും വിജയലക്ഷ്മിക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആദ്യ ചിത്രം 2013ലാണ് പുറത്തിറങ്ങിയതെങ്കിലും 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. 2012ലെ സംസ്ഥാന പുരസ്‌കാരം സെല്ലുലോയിഡിലെ ഗാനത്തിനും 2013ലെ പുരസ്‌കാരം നടനിലെ ഗാനത്തിനും ലഭിച്ചു. സെല്ലുലോയ്ഡിലെ ഗാനത്തിന് സ്‌പെഷ്യല്‍ ജൂറി പാരാമര്‍ശം ആയിരുന്നു. 2013ല്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ